”പേരിന് മാത്രമായി എന്തിന് ഒരു ഭര്‍ത്താവ്? 15 വര്‍ഷം മുമ്പ് വിവാഹം കഴിച്ചു, രണ്ടുമാസം കൊണ്ട് ദാമ്പത്യം അവസാനിച്ചു”
മലയാള സിനിമയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട അഭിനേത്രിയാണ് തെസ്‌നി ഖാന്‍. അഭിനയം, കോമഡി എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ച താരമാണ് തെസ്‌നി ഖാന്‍. തനിക്ക് ലഭിക്കുന്ന ഓരോ റോളും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ തെസ്‌നിക്ക് ഒരു പ്രത്യേക കഴിവുണ്ട്. മിക്കവാറും കോമഡി കഥാപാത്രങ്ങളിലാണ് താരം എത്തുന്നതെങ്കിലും സീരിയസ് കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭദ്രമാണെന്ന് തെസ്നിഖാന്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.
മിനിസ്‌ക്രീനിലും ബിഗ്സ്‌ക്രീനിലും നിറസാന്നിദ്ധ്യമായി നിന്ന് മലയാളികളുടെ മനസ് കീഴടക്കിയ താരത്തിന് പക്ഷെ നല്ലൊരു വിവാഹ ജീവിതം ഉണ്ടായിട്ടില്ല. എപ്പോഴും ചിരിച്ച് വളരെ സന്തോഷത്തോട് കൂടിയാണ് താരത്തെ മലയാളികള്‍ കണ്ടിട്ടുള്ളത്. എന്നാല്‍ ജീവിതത്തില്‍ പല വിഷമങ്ങളിലൂടെയും കടന്നുപോയ ഒരാളാണ് താനെന്ന് തെസ്നി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
തെസ്നി ഖാന്റെ കുടുംബത്തെ കുറിച്ച് അറിയാവുന്ന പ്രേക്ഷകര്‍ക്ക് താരം വിവാഹിതയാണോ അല്ലയോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതുകൊണ്ട് തന്നെ താരം അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ വിവാഹിതയാകാന്‍ താല്‍പര്യമില്ലേ?, ഉടനെ വിവാഹം ഉണ്ടാകുമോ എന്നുള്ള ചോദ്യങ്ങളെല്ലാം നേരിടേണ്ടി വരാറുണ്ട്. യഥാര്‍ത്ഥത്തില്‍ തെസ്‌നി ഒരിക്കല്‍ വിവാഹിതയായതാണ്. പക്ഷെ സ്വപ്നം കണ്ടത് പോലൊരു ജീവിതം തെസ്‌നി കിട്ടിയില്ല.
അതുകൊണ്ട് തന്നെ ആ ബന്ധത്തിനും ആയുസ് കുറവായിരുന്നു. ആ വിവാഹ ബന്ധം തകര്‍ന്ന ശേഷം മറ്റൊരു വിവാഹത്തിലേക്ക് പോകുന്നതിനെ കുറിച്ച് തെസ്‌നി ഖാന്‍ ചിന്തിക്കുന്നുമില്ല. ഇപ്പോഴിതാ രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന വിവാഹത്തില്‍ സംഭവിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തെസ്‌നി ഖാന്‍. എം.ജി ശ്രീകുമാര്‍ അവതാരകനായ ‘പറയാം നേടാ’മില്‍ അതിഥിയായി വന്നപ്പോഴാണ് തകര്‍ന്ന വിവാഹജീവിതത്തെ കുറിച്ച് തെസ്‌നി ഖാന്‍ മനസു തുറന്നത്.
”ജീവിതത്തില്‍ എല്ലാവര്‍ക്കും ഓരോ അബദ്ധങ്ങള്‍ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം. സിനിമയിലായാലും ജീവിതത്തിലായാലും വളരെ അധികം കരുതലോടെ ജീവിയ്ക്കുന്ന പെണ്ണാണ് ഞാന്‍. എനിക്ക് അങ്ങനെ അബദ്ധങ്ങള്‍ പറ്റാറില്ല. വളരെ കുറവായി മാത്രമെ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുള്ളു. രണ്ട് മാസം മാത്രമെ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ.
കല്യാണമെന്ന് പറയുമ്പോള്‍ ഒരു പെണ്ണിന് ആദ്യം മനസില്‍ വരുന്നത് സംരക്ഷണം എന്നതാണല്ലോ. വിവാഹം ചെയ്യുന്ന ആളില്‍ നിന്നും നമ്മള്‍ പ്രതീക്ഷിക്കുന്നത് അതാണ്. കെട്ടിക്കഴിഞ്ഞിട്ട് അവള്‍ എന്തെങ്കിലും ചെയ്തോട്ടെ എങ്ങനെയെങ്കിലും ജീവിക്കട്ടെയെന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് ഒരു ദാമ്പത്യ ജീവിതം നയിക്കുന്നത്.’
പത്ത് പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസിലായി ആള് നമ്മളെ നോക്കില്ല, കെയര്‍ ചെയ്യില്ല, നമുക്ക് വേണ്ടത് ഒന്നും ചെയ്ത് തരില്ലെന്ന്. മാത്രമല്ല കലാപരമായി എനിക്ക് യാതൊരു തര പിന്തുണയും നല്‍കുന്നില്ല.
കുടുംബമായി കഴിഞ്ഞാല്‍ അഭിനയമൊന്നും വേണ്ട ഒതുങ്ങി ജീവിക്കാം എന്നായിരുന്നു എന്റെ ധാരണ. പക്ഷെ എന്നെ നോക്കാത്ത ഒരാളുടെ അടുത്ത് ഒരു തൊഴിലില്ലാതെ ഞാനെന്ത് ചെയ്യും. എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ നോക്കും. പുള്ളിക്കാരന്റെ കൂട്ടുകാര്‍ തന്നെയാണ് എന്നെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞത് ഇത്തയ്ക്ക് ഇനിയും നിങ്ങളുടെ കലാ ജീവിതത്തില്‍ സ്ഥാനമുണ്ട്.
ഇപ്പോള്‍ ചിന്തിച്ചാല്‍ അതുമായി ഇനിയും മുമ്പോട്ട് പോകാമെന്ന്. അവരും കൂടെ പറഞ്ഞപ്പോള്‍ ആ ദാമ്പത്യ ബന്ധം വേണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. പുള്ളി അതിനുശേഷം കല്യാണം കഴിച്ചോ എന്നൊന്നും എനിക്ക് അറിയില്ല. യാതൊരു ബന്ധവും ഇപ്പോഴില്ല. പതിനഞ്ച് വര്‍ഷത്തിനുള്ളില്‍ മറ്റൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.
ഞാന്‍ ഹാപ്പിയാണ്. മരണം വരെ എനിക്ക് എന്റെ അമ്മയെ നോക്കാന്‍ പറ്റണം എന്നൊക്കെയാണ് എന്റെ ഈ ജീവിതത്തിലെ ആഗ്രഹം. ഇനിയൊരു വിവാഹ യോഗം ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ കെട്ടാം. അല്ലാതെ എന്റെ മനസില്‍ അങ്ങനെ ഒരു ചിന്തയില്ല” – തെസ്നി ഖാന്‍ പറഞ്ഞു.