NEWSSocial Media

ഫെയ്‌സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടു, പേജില്‍ അശ്ലീല വീഡിയോ; പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് ഗായിക

ന്റെ ഫെയ്‌സ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച് ഗായിക ചിത്ര അരുണ്‍. കഴിഞ്ഞദിവസം ചിത്രയുടെ പേജില്‍ അശ്ലീല വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. മൂന്നു മാസത്തോളമായി പേജ് ഹാക്ക് ചെയ്തിരിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്കുമുമ്പാണ് തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ചിത്ര അരുണ്‍ അറിയിച്ചത്. സൈബര്‍ സെല്ലില്‍ പരാതി കൊടുത്തിരുന്നെങ്കിലും പ്രത്യേകിച്ചു നടപടി ഒന്നും അവര്‍ സ്വീകരിച്ചിട്ടില്ല. ഫെയ്‌സ്ബുക് അധികൃതരേയും മെയില്‍ വഴി വിവരം അറിയിച്ചിരുന്നു. പക്ഷേ, പ്രയോജനകരമായ നടപടി അവിടെ നിന്നും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം എന്റെ പേരിലുള്ള പേജില്‍ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്യപ്പെട്ടു. ഇക്കാര്യം എന്റെ സുഹൃത്തുക്കളും പരിചയക്കാരും എന്നെ അറിയിച്ചു. മൂന്നാമതൊരാളെപ്പോലെ മാത്രമേ എനിക്കും എന്റെ പേജ് കാണാന്‍ പറ്റുന്നുള്ളൂ. അല്ലാതെ വേറൊന്നും ചെയ്യാന്‍ പറ്റുന്നില്ല. എന്റെ ആ പേജ് പിന്തുടരുന്നവരാണെങ്കില്‍ ദയവ് ചെയ്ത് അണ്‍ഫോളോ ചെയ്ത് പേജ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. ചിത്ര അരുണ്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ മറ്റൊരു അക്കൗണ്ടിലൂടെയാണ് ഈ വിവരങ്ങള്‍ വീഡിയോ ആയി ചിത്ര അരുണ്‍ പങ്കുവെച്ചത്. ഹാക്ക് ചെയ്യപ്പെട്ട പേജ് റിപ്പോര്‍ട്ട് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു പോസ്റ്റും ചിത്ര ഷെയര്‍ ചെയ്തിട്ടുണ്ട്.

ഹൗസ്ഫുള്‍, റാണി പദ്മിനി, രക്ഷാധികാരി ബൈജു തുടങ്ങിയ ചിത്രങ്ങളില്‍ ചിത്ര അരുണ്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ചലച്ചിത്ര പിന്നണിഗാനങ്ങള്‍ക്കൊപ്പം ഭക്തിഗാനരംഗത്തും സജീവമാണ് ഗായിക. ചിത്ര അരുണ്‍ ആലപിച്ച ഓണപ്പാട്ടുകളും ഏറെ ശ്രദ്ധേയമാണ്.

Back to top button
error: