കേൾക്കുമ്പോൾ കഥയാണെന്നേ തോന്നൂ, പക്ഷേ സംഭവം നടന്നതാണ്. ചെന്നൈ ബസന്ത് നഗറിലെ പ്രശസ്ത ടെക്സ്റ്റെയിത്സിൽ നിന്ന് രണ്ടാഴ്ച മുമ്പ് ലക്ഷകണക്കിനു വിലയുള്ള മുന്തിയ തരം സാരികൾ മോഷ്ടിക്കപ്പെട്ടു. കടയുടമ ഉടൻ പൊലീസിൽ പരാതി നൽകി. മറുനാട്ടുകാരായ വനിതാ സംഘമാണ് ഈ സാരിക്കൊള്ളയ്ക്ക് പിന്നിലെന്ന് സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. വനിതകൾ ഉൾപ്പെട്ട അന്വേഷണ സംഘം തകൃതിയായ അന്വേഷണവും ആരംഭിച്ചു.
മോഷണസംഘത്തിൽ ഉള്ളത് 6 സ്ത്രീകളാണ്. ഇവരില്‍ രണ്ട് പേര്‍ കടയിലെ ജോലിക്കാരുടെ ശ്രദ്ധതിരിക്കുമ്പോള്‍ മറ്റ് രണ്ട് പേര്‍ സാരികള്‍ മോഷ്ടിക്കും. ബാക്കി രണ്ട് പേര്‍ മോഷ്ടാക്കളായ സ്ത്രീകൾക്ക് മറതീര്‍ക്കും. ആസൂത്രിതമായ കൊള്ള നടത്തിയത് ഇങ്ങനെയാണെന്ന് പൊലീസിന് മനസിലായത് കടയിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ്.
തങ്ങള്‍ ധരിച്ചിരിക്കുന്ന സാരിക്കുള്ളിലെ പ്രത്യേകം തുന്നിയുണ്ടാക്കിയ പോക്കറ്റുകളിലാണ് മോഷ്ടിച്ച സാരികള്‍ ഇവര്‍ ഒളിപ്പിച്ചത്. രണ്ട് ലക്ഷം രൂപ വിലവരുന്ന സാരികളാണ് നഷ്ടപ്പെട്ടതെന്നാണ് കടയുടമയുടെ പരാതിയിൽ പറയുന്നത്. മോഷ്ടിക്കപ്പെട്ട ഓരോ സാരിക്കും 30,000 രൂപ മുതല്‍ 70,000 രൂപ വരെയാണ് വില.
അങ്ങനെയിരിക്കെ തമിഴ്‌നാട്ടിലെ ശാസ്ത്രി നഗര്‍ സ്റ്റേഷനിലെ പൊലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം ഒരു പാർസൽ ലഭിച്ചു. ഈ പാര്‍സല്‍ കണ്ട് പൊലീസുകാര്‍ അമ്പരന്നു. വൻവിലയുള്ള സാരികളുടെ കെട്ടുകൾ…! ദീപാവലി പ്രമാണിച്ച് ആരെങ്കിലും അയച്ച സമ്മാനമാകും ഇതെന്ന് കരുതിയിരിക്കുമ്പോഴാണ് നാടകീയമായി ഫോണ്‍ ബെല്ലടിച്ചത്.
ആന്ധ്രാ പ്രദേശിലെ വിജയവാഡയില്‍ നിന്നായിരുന്നു ഫോണ്‍ വന്നത്. ‘ചെന്നൈയിലെ ബസന്ത് നഗറില്‍ നിന്ന് ഒക്ടോബര്‍ 28ന് മോഷ്ടിക്കപ്പെട്ട സാരികളാണ് ഇപ്പോള്‍ നിങ്ങള്‍ക്ക് പാര്‍സലായി ലഭിച്ചത്’ എന്നായിരുന്നു ഫോൺ വിളിച്ചയാൾ കൈമാറിയ സന്ദേശം.
ചെന്നൈയിലെ ഇപ്പോഴത്തെ പ്രധാന സംസാരവിഷയം ഈ സാരിക്കൊള്ളയാണ്. വിലപിടിപ്പുള്ള സാരികള്‍ മോഷണം പോയതായി പോലീസിന് ആദ്യമേ പരാതി ലഭിച്ചിരുന്നു. പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായ ട്വിസ്റ്റ് ‘പാര്‍സലാ’യി വന്നത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ വീണ്ടും ഒരു ‘ട്വിസ്റ്റ്’ ഉണ്ടായി. ബസന്ത് നഗറിലെ കടയുടമയുടെ പരാതിയിൽ പറയുന്നത് 2 ലക്ഷം രൂപ വിലവരുന്ന സാരികളാണ് നഷ്ടപ്പെട്ടതെന്നാണ്. പക്ഷേ പോലീസുകാര്‍ക്ക് പാര്‍സലായി വന്ന സാരികളുടെ വില ഏഴ് ലക്ഷം രൂപയിലധികമാണ്. വേറെയും നിരവധി കടകളില്‍ ഇവര്‍ സാരിമോഷണം നടത്തിയിട്ടുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് പൊലീസ് പറഞ്ഞു.
വിജയവാഡയില്‍ നിന്നുള്ള പെണ്‍കൊള്ളസംഘമാണ് മോഷണം നടത്തിയത്. സംഘത്തേക്കുറിച്ചുള്ള വിവരങ്ങള്‍ വിജയവാഡ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെ അറസ്റ്റ് ചെയ്യാനായി ചെന്നൈയില്‍ നിന്നുള്ള പൊലീസ് സംഘം ദീപാവലിക്ക് ശേഷം വിജയവാഡയ്ക്ക് പോകും.
ദീപാവലി പോലുള്ള ഉത്സവകാലങ്ങളില്‍ മറ്റ് നഗരങ്ങളിലേക്ക് സംഘമായി പോയി മോഷണം നടത്തുന്നവരാണ് ചെന്നൈയിലെ സാരിക്കൊള്ളയ്ക്ക് പിന്നിലെന്ന് വിജയവാഡ പൊലീസ് പറയുന്നു. തങ്ങളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചുവെന്ന് വ്യക്തമായതോടെയാണ് കേസില്‍ നിന്ന് രക്ഷപ്പെടാനായി ഇവര്‍ മോഷ്ടിച്ച സാരികള്‍ തിരികെ അയച്ചത്. എന്നാല്‍, സാരികള്‍ തിരികെ ലഭിച്ചെങ്കിലും നിയമത്തിന്റെ പിടിയില്‍ നിന്ന് അവര്‍ രക്ഷപ്പെടില്ലെന്നാണ് പൊലീസ് പറയുന്നത്.