ആത്മവിശ്വാസത്തോടെ ആദ്യചുവട് വയ്ക്കുക, പിന്നിട്ട ദൂരങ്ങൾക്കു തുടക്കം കുറിക്കുന്നത് ആദ്യ ചുവടാണ്.
വെളിച്ചം
അവന് കടല്‍ തീരത്തു കൂടി നടക്കുകയായിരുന്നു. അപ്പോഴാണ് തീരത്ത് ധാരാളം നക്ഷത്ര മത്സ്യങ്ങള്‍ വന്നടിഞ്ഞത് അവന്റെ ശ്രദ്ധയില്‍ പെട്ടത്. അവന്‍ ആ നക്ഷത്ര മത്സ്യങ്ങളെ ഓരോന്നായി എടുത്ത് കടലിലേക്ക് ഒഴുക്കിക്കൊണ്ടിരുന്നു. അവന്റെ ഈ പ്രവര്‍ത്തി കടല്‍ത്തീരത്ത് നിന്ന ഒരാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അയാള്‍ അവനോട് പറഞ്ഞു:
“ഈ കടല്‍ത്തീരത്ത് ധാരളം നക്ഷത്രമത്സ്യങ്ങളുണ്ട്. അതുകൊണ്ട് തന്നെ നീ എത്ര എണ്ണത്തിനെ കടലിലേക്ക് വിട്ടാലും ഈ കടല്‍ത്തീരത്ത് ഒരിക്കലും മാറ്റം വരുത്താന്‍ സാധിക്കില്ല.”
കുട്ടി മറ്റൊരു നക്ഷത്ര മത്സ്യത്തെ കടല്‍ത്തീരത്ത് നിന്നുമെടുത്ത് കടലിലേക്ക് ഒഴുക്കിവിട്ടുകൊണ്ട് പറഞ്ഞു:
“നോക്കൂ, ഞാന്‍ അതില്‍ നിന്നും ഒരു മാറ്റം വരുത്തി…”
അയാള്‍ അവന്റെ മുന്നില്‍ തലതാഴ്ത്തി നടന്നുപോയി.
ഒരു സംഭവത്തിനോട് നമുക്ക് രണ്ട് രീതിയില്‍ പ്രതികരിക്കാം.
ഒന്ന് ഞാന്‍ എനിക്ക് സാധിക്കുന്ന രീതിയില്‍ ചെയ്യാന്‍ ആകുന്നത് ചെയ്യുന്നു.
രണ്ട്, ‘ഞാന്‍ ഒരാള്‍ ചെയ്തിട്ട് ഈ ലോകത്ത് എന്ത് സംഭവിക്കാനാ’ എന്ന ചിന്തയില്‍ അവഗണിച്ചു മുന്നോട്ട് പോവുന്നു.
പിന്നിട്ട ഏതൊരു ദൂരത്തിനും തുടക്കം കുറിക്കുന്നത് ആദ്യ ചുവടാണ്. അതുപോലെ നല്ലൊരു തുടക്കത്തിനായി നമുക്ക് എന്ത് ചെയ്യാന്‍ സാധിക്കുന്നോ അത് ചെയ്യുക. നിരന്തരമായ ചുവടുവയ്പുകള്‍ പുതു വഴികളെ സൃഷ്ടിക്കുന്നതുപോലെ, നമുക്കും ബട്ടര്‍ഫൈ ഇഫക്ടിന്റെ ഭാഗമാകാം.
സന്തോഷപൂർണമായ ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രം: നിപുകുമാർ