സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും കാണിച്ച് പൊലീസ് റിപ്പോര്‍ട്ട് ; പരാതിയില്‍ പറഞ്ഞദിവസം കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലില്‍ ഉണ്ടായിരുന്നു, സംഭവത്തില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ പോലീസ് റിപ്പോര്‍ട്ടില്‍ ഹോട്ടല്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും തെളിവായിട്ടുണ്ട്. സംഭവസമയം കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നു. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.
കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഉടന്‍ പരിഗണിക്കും. ഇതിന് മുമ്പായി പരാതിക്കാരിയുടെ രഹസ്യമൊഴി എടുക്കും. പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. മജിസ്‌ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി എടുക്കുക. പൊലീസ് റിപ്പോര്‍ട്ട് ഉടന്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും തെളിവായുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി.
ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. എന്നാല്‍ പി ടി കുഞ്ഞുമുഹമ്മദ് ആരോപണം നിഷേധിച്ചിരുന്നു. ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദ് പ്രതികരിച്ചത്. മാപ്പ് പറയാന്‍ തയ്യാറാണെന്നും പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞിരുന്നു.






