Breaking NewsKeralaLead NewsNEWS

കണ്ണ് ഇനി ആ രണ്ട് സ്വതന്ത്രന്മാരിൽ!! കേവല ഭൂരിപക്ഷത്തിന് ബിജെപിക്ക് വേണ്ടത് വെറും ഒരു സീറ്റ് മാത്രം… നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തി, പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്, അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം- ശശി തരൂർ

തിരുവനന്തപുരം: കോർപ്പറേഷനിൽ വർഷങ്ങളായി പാർട്ടി കുത്തകയായി കൊണ്ടുനടന്ന ചെങ്കോട്ട തകർത്താണ് ബിജെപി കാവിക്കളം തീർത്തത്. മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി, എൽഡിഎഫിനെ പിന്നിലാക്കി നിലവിൽ 50 വാർഡുകളിൽ വിജയിച്ചു. എൽഡിഎഫ് 29 സീറ്റിലും യുഡിഎഫ് 19 സീറ്റിലുമാണ് വിജയിച്ചത്. രണ്ട് സീറ്റുകളിൽ സ്വന്തത്രരും വിജയിച്ചു. യുഡിഎഫിനെ സംബന്ധിച്ച് ആ​ഗ്രഹിച്ചതിനേക്കാൾ ഇരട്ടി തലസ്ഥാനം തിരിച്ചു നൽകി. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരട്ടിയിലധികം സീറ്റുകൾ യുഡിഎഫ് നേടിക്കഴിഞ്ഞു.

അതേസമയം 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷത്തിലേക്ക് ഒരു സീറ്റ് കൂടിയാണ് ബിജെപിക്ക് വേണ്ടത്. 51 സീറ്റുകൾ ലഭിച്ചാൽ ബിജെപിക്ക് ഭരണത്തിലേറാം. വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് ഇനി നടക്കാനുമുണ്ട്. ഇതിനിടെ സ്വതന്ത്രരുടെ പിന്തുണ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം.

Signature-ad

തിരുവനന്തപുരം നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നുവെന്ന് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ പ്രതികരിച്ചു. സംസ്ഥാനത്താകെയുള്ള യുഡിഎഫിന്റെ മികച്ച വിജയത്തെ അഭിനന്ദിച്ച തരൂർ, തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ ചരിത്ര വിജയത്തെയും അഭിനന്ദിക്കാൻ മടികാട്ടിയില്ലയെന്നത് മറ്റൊരു വസ്തുത. ‘ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു എന്നതാണ് ഫലം കാണിക്കുന്നതെന്നും ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തലസ്ഥാനത്തടക്കം ദൃശ്യമായതെന്നും തരൂർ അഭിപ്രായപ്പെട്ടു. എൽഡിഎഫിന്റെ ദീർഘകാല ഭരണത്തിനെതിരായ ജനവികാരമാണ് യുഡിഎഫിൻറെയും ബിജെപിയുടെയും വിജയത്തിന് പിന്നിലെന്നും അദ്ദേഹം എക്സിൽ കുറിച്ചു.

ശശി തരൂറിൻറെ കുറിപ്പിൻറെ പ്രസക്തഭാഗം ഇങ്ങനെ

കേരള തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ അത്ഭുതകരമായ ഫലങ്ങൾ നൽകിയ ഒരു ദിനമാണ് ഇന്ന്! ജനവിധി വ്യക്തമാണ്. വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ മികച്ച വിജയത്തിൽ യുഡിഎഫിന് വലിയ അഭിനന്ദനങ്ങൾ! ഇത് വൻ അംഗീകാരമാണ്, നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങൾ നൽകുന്ന ശക്തമായ സൂചനയും. കഠിനാധ്വാനം, ശക്തമായ സന്ദേശം, ഭരണവിരുദ്ധ വികാരം എന്നിവയെല്ലാം ഒത്തുചേർന്ന് 2020 ലേതിനേക്കാൾ മികച്ച ഫലം നേടിയെടുക്കാനായി. തിരുവനന്തപുരത്തെ ബിജെപിയുടെ ചരിത്രപരമായ വിജയവും അംഗീകരിക്കുന്നു. തിരുവനന്തപുരം കോർപറേഷനിലെ അവരുടെ പ്രധാന വിജയത്തിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. തലസ്ഥാനത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ ശ്രദ്ധേയമായ മാറ്റം അടയാളപ്പെടുത്തുന്ന ശക്തമായ പ്രകടനമാണ് ബിജെപി നടത്തിയത്. നഗരസഭയിലെ 45 വർഷത്തെ എൽഡിഎഫ് ദുരന്തഭരണത്തിൽ നിന്നുള്ള മാറ്റത്തിനായി ഞാനും പ്രചാരണം നടത്തിയിരുന്നു. പക്ഷേ ഭരണമാറ്റം ആഗ്രഹിച്ച ജനത, മറ്റൊരു കക്ഷിക്കാണ് പ്രതിഫലം നൽകിയത്. അതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. മൊത്തത്തിൽ യുഡിഎഫിനും എന്റെ മണ്ഡലത്തിൽ ബിജെപിയും നേടിയ ജനവിധി ആദരിക്കപ്പെടണം. കേരളത്തിന്റെ ക്ഷേമത്തിനായി തുടർന്നും പ്രവർത്തിക്കും, ജനങ്ങളുടെ ആവശ്യങ്ങൾക്ക് വേണ്ടി വാദിക്കുകയും നല്ല ഭരണതത്വങ്ങളുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: