മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ തെലങ്കാന സ്വദേശിയായ 19കാരന്‍ അറസ്റ്റില്‍. ഗണേഷ് രമേഷ് വനപര്‍ധി എന്നയാളാണ് അറസ്റ്റിലായത്. പ്രതിയെ നവംബര്‍ 8 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞയാഴ്ചയാണ് മുകേഷ് അംബാനിക്ക്, ഭീമമായ തുക ആവശ്യപ്പെട്ട് ഭീഷണി മുഴക്കിയുള്ള ഇ-മെയില്‍ സന്ദേശങ്ങള്‍ ലഭിച്ചത്.
20 കോടി രൂപ ആവശ്യപ്പെട്ടുള്ള ആദ്യ ഇ-മെയില്‍ ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. തുടര്‍ന്ന് മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 27ന് മുംബൈയില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം 200 കോടി രൂപ ആവശ്യപ്പെട്ട് മറ്റൊരു ഇ-മെയില്‍ സന്ദേശം ലഭിച്ചു. തുടര്‍ന്ന് 400 കോടി രൂപ നല്‍കിയില്ലെങ്കില്‍ അംബാനിയെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തി മൂന്നാമത്തെ ഇ-മെയില്‍ സന്ദേശവും ലഭിച്ചു.
മെയില്‍ ഐഡി ഷദാബ് ഖാന്‍ എന്ന വ്യക്തിയുടേതാണെന്നും ബെല്‍ജിയത്തില്‍ നിന്നാണ് മെയിലുകള്‍ വന്നതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒറിജിനല്‍ ഐഡി ഉപയോഗിച്ചാണോ വ്യാജ ഐഡി ഉപയോഗിച്ചാണോ മെയിലുകള്‍ അയച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.