KeralaLead NewsNEWS

കനത്തമഴ; കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍, ആളപായമില്ല

കനത്തമഴയെ തുടര്‍ന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍. പുലര്‍ച്ചെ രണ്ടരക്ക് എരുമേലി കണമല എഴുത്വാപുഴയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി രണ്ട് വീടുകള്‍ തകര്‍ന്നു. 4 മണിയോടെ അഗ്‌ന രക്ഷാസേന എത്തി ആളുകളെ സാഹസികമായി രക്ഷപ്പെടുത്തി.

പനന്തോട്ടം ജോസ്, തെന്നി പ്ലാക്കല്‍ ജോബിന്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. ജോബിന്റെ പ്രായമായ അമ്മ ചിന്നമ്മക്ക് പരിക്കേറ്റു. ഒരു പ്രായമായ സ്ത്രീ ഉള്‍പ്പെടെ 7 പേരെ രക്ഷപ്പെടുത്തി. ജോസിന്റെ വീട്ടിന്റെ കാര്‍പോര്‍ച്ചില്‍ ഉണ്ടായിരുന്ന ഓട്ടോയും ഒരു ബൈക്കും ഒലിച്ചു പോയി തകര്‍ന്നു. ബൈപ്പാസ് റോഡും തകര്‍ന്നു.

കോന്നി കൊക്കത്തോട് ഒരേക്കര്‍ ഭാഗത്തും വെള്ളം കയറി. വനത്തിനുള്ളില്‍ ഉരുള്‍പൊട്ടിയതായും സംശയം ഉണ്ട്. നാലു വീടുകളില്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതുവരേയും ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്

കൊല്ലം കുളത്തുപ്പുഴ അമ്പതേക്കറില്‍ മലവെള്ള പാച്ചിലില്‍ വില്ലുമല ആദിവാസി കോളനി ഒറ്റപ്പെട്ടു. ആദിവാസി കോളനിയെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന പാലം മുങ്ങി. മൂന്നു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആളപായമില്ല.

Back to top button
error: