കൊല്ലം: കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനേയും കള്ളക്കേസില്‍ കുടുക്കി മര്‍ദിച്ച സംഭവത്തില്‍ ഇടപെട്ട് പോലീസ് മേധാവി. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരം ദക്ഷിണമേഖലാ ഡി.ഐ.ജി: ആര്. നിശാന്തിനി, കൊല്ലം സിറ്റി പോലീസ് കമ്മിഷണറോട് റിപ്പോര്‍ട്ട് തേടി. കരിക്കോട് സ്വദേശികളായ
വിഷ്ണുവിനെയും വിഘ്നേഷിനെയുമാണ് കിളികൊല്ലൂര്‍ സ്റ്റേഷനില്‍ അതിക്രൂരമായി പോലീസ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു.
കഴിഞ്ഞ മാസം 25 നാണ് സൈനികന് വിഷ്ണുവും സഹോദരനും ഡി.വൈ.എഫ്.ഐ. നേതാവുമായ വിഘ്നേഷും പോലീസിന്റെ ക്രൂരതയ്ക്ക് ഇരയായത്. എം.ഡി.എം.എ കേസിലെ പ്രതിയെ ജാമ്യത്തിലിറക്കാന്‍ വന്ന വിഘ്നേഷും വിഷ്ണുവും പോലീസുകാരോട് കയര്‍ത്ത് സംസാരിക്കുകയും തുടര്‍ന്ന് റൈറ്ററെ മര്‍ദ്ദിച്ചെന്നുമായിരുന്നു പോലീസിന്റെ ആരോപണം. ഇരുവരുടെയും മര്‍ദനത്തില്‍ എ.എസ്.ഐ: പ്രകാശ് ചന്ദ്രന്റെ തല പൊട്ടിയെന്നായിരുന്നു എഫ്.ഐ.ആര്. എന്നാല്‍, കേസ് കെട്ടിച്ചമച്ചതാണെന്നും സ്റ്റേഷനിലെത്തിയ സഹോദരങ്ങളെ പോലീസ് അകാരണമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നും പിന്നീട് അന്വേഷണത്തില്‍ കണ്ടെത്തി.
ഇതേക്കുറിച്ച് വിഘ്നേഷ് പറയുന്നത് ഇങ്ങനെ:
പൊതുപ്രവര്ത്തകന് കൂടിയായ തന്നെ പ്രദേശവാസിയായ മണികണ്ഠന് എന്ന പോലീസ് ഉദ്യോഗസ്ഥന് ”ഒരാവശ്യമുണ്ട് സ്റ്റേഷനിലേക്ക് വേഗം വരണമെന്ന് പറഞ്ഞ്” വിളിച്ചുവരുത്തുകയായിരുന്നുവെന്ന് വിഘ്നേഷ് പറഞ്ഞു. ”ഫോണില്‍ വിളിക്കുമ്പോള്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കിയിരുന്നില്ല. സ്റ്റേഷനില്‍ എത്തിയപ്പോഴാണ് എം.ഡി.എം.എ കൈവശം വെച്ചതിന് അറസ്റ്റിലായ ഒരാള്‍ക്ക് ജാമ്യം നില്‍ക്കാനാണ് വിളിപ്പിച്ചതെന്ന് അറിയുന്നത്. പോലീസ് സെലക്ഷന് ലഭിച്ചിട്ടുള്ളതിനാല്‍ ജാമ്യം നില്‍ക്കാനാകില്ലെന്ന് അറിയിച്ച് സ്റ്റേഷനില്‍നിന്ന് ഇറങ്ങി. അതിനിടെ, തന്നെ അന്വേഷിച്ചെത്തിയ വിഷ്ണുവിനെ എ.എസ്.ഐ: പ്രകാശ് ചന്ദ്രന് പ്രകോപനമൊന്നുമില്ലാതെ കയ്യേറ്റം ചെയ്തു. ഉദ്യോഗസ്ഥന് മദ്യപിച്ചിരുന്നതായി സംശയമുണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ പരാതി പറയാന്‍ എസ്.ഐയുടെ മുന്നിലെത്തി. എന്നാല്‍, എസ്.ഐയുടെ മുന്നിലിട്ടും ഞങ്ങളെ പ്രകാശ് മര്‍ദിച്ചു. കൈകൊണ്ട് പ്രതിരോധിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്തപ്പോള്‍, പ്രകാശ് കാല് തെറ്റി താഴെ വീണു. അതിനിടെ തല പൊട്ടി. ഇതോടെ മറ്റുള്ള പോലീസുകാര്‍ അസഭ്യം പറയുകയും കൂട്ടംകൂടി മര്‍ദ്ദിക്കുകയുമായിരുന്നു. സഹോദരന്റെ ചൂണ്ടുവിരല്‍ തല്ലിയൊടിച്ചു. ” -വിഘ്നേഷ് പറഞ്ഞു. കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോള്‍ മൂത്രം കുടിക്കാനാണ് പോലീസ് പറഞ്ഞതെന്നും ആരോപണമുണ്ട്.
വിവാഹ നിശ്ചയത്തിനായി അവധിയെടുത്ത് നാട്ടിലെത്തിയ വിഷ്ണു കേസില്‍ പ്രതിയാണെന്ന കഥ പരന്നതോടെ വിവാഹം മുടങ്ങി. പോലീസ് സെലക്ഷന് ലഭിക്കാന്‍ കായിക ക്ഷമത പരീക്ഷ മാത്രമായിരുന്നു വിഘ്നേഷിന് ബാക്കി ഉണ്ടായിരുന്നത്. ക്രൂരമായ മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഇനി പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിമെന്ന പ്രതീക്ഷ വിഘ്നേഷിനുമില്ല.
യാതൊരു കാരണവുമില്ലാതെ തങ്ങള്‍ക്കെതിരേ പോലീസ് നടത്തിയ ഗുണ്ടായിസത്തില്‍ കര്‍ശന നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് വിഘ്നേഷ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിരുന്നു.