ജഡ്ജിയമ്മാവന്റെ സന്നിധിയില്‍ തൊഴുകൈകളോടെ; കേട്ടിട്ടുണ്ടോ ജഡ്ജിയമ്മാവന്‍ കോവിലിനെപ്പറ്റി; രാജ്യത്ത് പ്രമുഖര്‍ക്കെതിരെയുള്ള കേസുകളും കോടതി നടപടികളും കൂടുന്നു;കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണവും; രാഹുല്‍ മാങ്കൂട്ടത്തിലും ദിലീപും അടക്കം നിരവധി പേര്‍; പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത പ്രമുഖരും ഏറെ

കോട്ടയം: കേരളത്തില്‍ പ്രമുഖര്‍ക്കെതിരായ കേസുകളും കോടതി വ്യവഹാരങ്ങളും കൂടുമ്പോള്‍ കേസുകള്‍ വിജയിക്കുന്നതിനും ശുഭകരമായ പര്യവസാനത്തിനും വേണ്ടി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തുന്ന പ്രമുഖരുടെ എണ്ണം കൂടുന്നു.
കേരളത്തിലെന്നല്ല ലോകത്തില്‍ തന്നെ ഇതുപോലൊരു ക്ഷേത്രം വേറെയുണ്ടോ എന്ന് സംശയമാണ്.
കോട്ടയം ജില്ലയിലെ പൊന്‍കുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രമാണ് ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന പേരില്‍ പ്രശസ്തമായ ക്ഷേത്രം.ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം.
തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന രാമവര്‍മ്മപുരത്തുമഠം ഗോവിന്ദപിള്ളയാണ് ജഡ്ജിയമ്മാവന്‍ എന്നാണ് വിശ്വാസം. സ്വയം വധശിക്ഷയ്ക്ക് വിധിച്ച് ജീവന്‍ നഷ്ടമായ ആളാണ് ഗോവിന്ദപിള്ള. ധര്‍മരാജാവിന്റെ കാലത്ത് തിരുവിതാംകൂര്‍ രാജ്യത്തെ കോടതി ജഡ്ജിയായിരുന്നു ഗോവിന്ദപിള്ള. നീതി പുലര്‍ത്തുന്ന കാര്യത്തില്‍ കൃത്യത പുലര്‍ത്തിയിരുന്ന ഗോവിന്ദപിള്ള, ഒരിക്കല്‍ തന്റെ സഹോദരിയുടെ മകനായ പത്മനാഭപിള്ളയെ തെറ്റിദ്ധാരണയുടെ പേരില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. ഏറെ വൈകി സംഭവത്തില്‍ പത്മനാഭപിള്ള നിരപരാധിയാണെന്ന് ഗോവിന്ദപിള്ള തിരിച്ചറിഞ്ഞു. അനന്തരവന് വധശിക്ഷ വിധിച്ച നടപടിയില്‍ കുറ്റംബോധംകൊണ്ട് ഗോവിന്ദപിള്ള തകര്‍ന്നു. നിരപരാധിക്ക് വധശിക്ഷ വിധിച്ചതിന് യുക്തമായ ശിക്ഷ ഏറ്റുവാങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു. തനിക്ക് വധശിക്ഷ വിധിക്കാന്‍ രാജാവിനോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ രാജാവ് അതിന് തയ്യാറായില്ല. ജഡ്ജി സ്വയം വിധിച്ചാല്‍ നടപ്പാക്കാമെന്നായിരുന്നു രാജാവിന്റെ നിലപാട്. ഇതോടെ ഗോവിന്ദപിള്ള സ്വയം വധശിക്ഷ വിധിക്കുകയും അത് നടപ്പിലാക്കുകയുമായിരുന്നു. ഗോവിന്ദപിള്ളയുടെ ആത്മാവിനെ പിന്നീട് ചെറുവള്ളി ക്ഷേത്രത്തില്‍ കുടിയിരുത്തിയെന്നാണ് വിശ്വാസം.
കേരളത്തിനകത്തും പുറത്തും ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന ഈ ക്ഷേത്രം വളരെ പ്രശസ്തമാണ്. എഐഎഡിഎംകെ നേതാവും തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് വേണ്ടി അനുയായികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ജയലളിതയുടെ തോഴിയും ഒരുഘട്ടത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി വരെയാകുകയും ചെയ്ത വി കെ ശശികലയ്ക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ എത്തി വഴിപാട് നടത്തിയിട്ടുണ്ട്.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ വഴിപാടുകള്‍ നടത്തിയിട്ടുണ്ട്.
കേരളത്തില്‍ നിന്നുള്ള നിരവധി പേരാണ്, പ്രത്യേകിച്ച് പ്രമുഖരായ നിരവധി പേരാണ് ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രാര്‍ത്ഥിക്കുന്നതിനും വഴിപാടുകള്‍ നടത്തുന്നതുമായി എത്തുന്നത്.
ഏറ്റവും ഒടുവില്‍ ഇപ്പോള്‍ ഇവിടെ എത്തിയിട്ടുള്ള പ്രമുഖന്‍ രാഹുല്‍ മാങ്കുട്ടത്തില്‍ എംഎല്‍എയാണ്. കേസുകളില്‍ നിന്ന് കേസുകളിലേക്ക് കുരുങ്ങിപ്പോകുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഇവിടെയെത്തി പ്രാര്‍ത്ഥന നടത്തി വഴിപാടുകള്‍ ചെയ്തിരുന്നു. ബലാത്സംഗക്കേസില്‍ അടക്കം കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്ഷേത്ര സന്ദര്‍ശനം.
നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് ഈ ക്ഷേത്രത്തില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി വഴിപാട് നടത്തിയിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ശേഷമായിരുന്നു ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം. 2022 ലും ദിലീപ് ഇവിടെ എത്തി പ്രാര്‍ത്ഥിച്ചിരുന്നു.
ക്രിക്കറ്റ് വാതുവെപ്പ് കോഴക്കേസ് ചൂടുപിടിച്ചു നില്‍ക്കുന്ന സമയത്ത് ക്രിക്കറ്റ് താരം ശ്രീശാന്ത് ഇവിടെയെത്തി വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചിരുന്നു.
സോളാര്‍ കേസിലെ പരാതിക്കാരിയായ സരിത എസ് നായരും മുന്‍പ് ഇവിടെ വന്നിട്ടുണ്ട്. സോളാര്‍ കേസിലെ കോടതി വ്യവഹാരങ്ങള്‍ക്കിടെയായിരുന്നു സരിതയുടെ ക്ഷേത്ര സന്ദര്‍ശനം.
ആര്‍ ബാലകൃഷ്ണപിള്ള, പ്രയാഗ് ഗോപാലകൃഷ്ണന്‍, ചലച്ചിത്ര താരങ്ങളായ സിദ്ദിഖ്, ഭാമ, തമിഴ് നടന്‍ വിശാല്‍ തുടങ്ങിയവരും ഇവിടെ എത്തിയിരുന്നു.
മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാഗ് ഗോപാലകൃഷ്ണന്‍ ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കോടതി നടപടികള്‍ക്കിടെയായിരുന്നു ‘ജഡ്ജിയമ്മാവന്’ മുന്നിലെത്തിയത്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരനു വേണ്ടി അനുയായികളും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചിരുന്നു. ജഡ്ജിയുടെ അനുഗ്രഹം തേടിയ സെലിബ്രിറ്റികളില്‍ നടി ലിസിയും ഉള്‍പ്പെടുന്നു.
കോടതി കേസുകളില്‍ വിജയിക്കാന്‍ നിരവധി വ്യവഹാരികള്‍ എത്തുന്ന സ്ഥലം കൂടിയാണ് ഇവിടം. കോടതികളിലെ വിചാരണകള്‍ പൂര്‍ത്തിയാകാന്‍ വര്‍ഷങ്ങളെടുത്തേക്കുമ്പോള്‍ നീതി നടപ്പാക്കല്‍ വൈകുന്ന സാഹചര്യത്തില്‍
ജഡ്ജിയമ്മാവന്റെ ആരാധനാലയം സഹായം നല്‍കുമെന്നാണ് വിശ്വാസം.
ഇവരെക്കൂടാതെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിരവധി പ്രമുഖ സിനിമാതാരങ്ങളും ജുഡീഷ്യറി അംഗങ്ങളും ക്ഷേത്രത്തില്‍ പ്രാര്‍ഥിച്ചിട്ടുണ്ട്. അവരില്‍ ഭൂരിഭാഗത്തിനും അനുകൂലമായ വിധി ലഭിച്ചുവെന്നും ക്ഷേത്ര അധികൃതര്‍ അവകാശപ്പെടുന്നു.
ക്ഷേത്രത്തിലെ ദേവിയുടെ പൂജകള്‍ക്ക് ശേഷമാണ് ജഡ്ജിയമ്മാവന്റെ നട തുറക്കുന്നത്. കേസില്‍ നീതി ലഭിക്കാന്‍ വേണ്ടിയാണ് കൂടുതലും ജഡ്ജിയമ്മാവന്റെ നടയില്‍ വഴിപാട് ചെയ്യുന്നത്.
ചെറുവള്ളി ദേവീക്ഷേത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഭദ്രകാളിയാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഗണപതി, അയ്യപ്പന്‍, പരമശിവന്‍, ശ്രീപാര്‍വതി, മഹാവിഷ്ണു, സുബ്രഹ്‌മണ്യന്‍, നാഗദൈവങ്ങള്‍, യക്ഷിയമ്മ, ബ്രഹ്‌മരക്ഷസ്, കൊടുംകാളി, ശ്രീദുര്‍ഗ, വീരഭദ്രന്‍ എന്നീ പ്രതിഷ്ഠകള്‍ കൂടാതെ ജഡ്ജി അമ്മാവന്‍ എന്നൊരു അത്യപൂര്‍വ പ്രതിഷ്ഠ കൂടി ഇവിടെയുണ്ട്.
കോട്ടയം, പത്തനംതിട്ട അതിര്‍ത്തിയില്‍ ചിറക്കണ്ടം മണിമല റൂട്ടില്‍ പൊന്‍കുന്നത്ത് നിന്ന് എട്ട് കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ഒരു ചെറിയ പ്രതിഷ്ഠയാണ് ജഡ്ജി അമ്മാവന്‍.

ജഡ്ജിയമ്മാവന്റെ ഐതിഹ്യം തലമുറകളായി കൈമാറി വരുന്നതാണ്. വളരെ വിശദമായി ഈ ഐതിഹ്യം പരിശോധിക്കുകയാണെങ്കില്‍ അതിങ്ങനെ –
പതിനെട്ടാം നൂറ്റാണ്ടില്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ക്ഷേത്രത്തിന്റെ ഉത്ഭവം. തിരുവിതാംകൂറില്‍ ജഡ്ജിയായിരുന്ന തിരുവല്ലം രാമപുരത്ത് മഠത്തിലെ ?ഗോവിന്ദപിള്ളയാണ് ഈ ക്ഷേത്രത്തിലെ ആരാധന ഗോവിന്ദപിള്ള ജഡ്ജി അമ്മാവന്‍ ആയി മാറിയതിന് പിന്നിലെ കഥ ഇങ്ങനെയാണ്. സത്യസന്ധനും നീതിമാരും ആയിരുന്നു ഗോവിന്ദപിള്ള. ഇദ്ദേഹം തിരുവിതാംകൂര്‍ രാജാവായിരുന്നു ധര്‍മ്മരാജ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മയുടെ കോടതിയില്‍ ജഡ്ജിയായിരുന്നു. പണ്ടുകാലത്ത് അതത് സ്ഥലങ്ങളില്‍ വച്ചാണ് കേസുകള്‍ തീര്‍പ്പാക്കിയിരുന്നത്. ആലപ്പുഴ ജില്ലയിലെ രാമപുരത്ത് മഠമായിരുന്നു അദ്ദേഹത്തിന്റെ സ്വന്തം തറവാട്. നാട്ടിലെത്തുമ്പോള്‍ അദ്ദേഹം തന്റെ സ്വന്തം പടിപ്പുരയില്‍ വച്ച് കേസുകള്‍ക്ക് വിധി പറഞ്ഞിരുന്നു. ജഡ്ജി ഗോവിന്ദപിള്ളയുടെ പ്രിയപ്പെട്ട അനന്തരവന്‍ ആയിരുന്നു പത്മനാഭപിള്ള. അമ്മാവന്‍ ഗോവിന്ദന്‍ പിള്ളയ്ക്ക് ഇഷ്ടമല്ലാത്തതൊന്നും അനന്തരവന്‍ ചെയ്യില്ല.. അങ്ങനെയിരിക്കെ പത്മനാഭപിള്ളയ്ക്ക് ഒരു പ്രണയം ഉണ്ടായി. കുടുംബത്തിലെ തന്നെ ദേവകി എന്ന സ്ത്രീയുമായി ആയിരുന്നു പത്മനാഭപിള്ള പ്രണയത്തിലായത്. എന്നാല്‍ ഇനി വീട്ടുകാരും തമ്മില്‍ ശത്രുതയിലായിരുന്നു. എന്നു കരുതി സ്‌നേഹിച്ച പെണ്ണിനെ കൈവിടാന്‍ പത്മനാഭപിള്ളക്കും സാധിക്കില്ല. ഇനി ഈ വിവാഹം നടക്കണമെങ്കില്‍ ഇരു വീട്ടുകാരും തമ്മിലുള്ള തര്‍ക്കം മാറി ഇത് കൂട്ടരും ഒന്നിച്ചാല്‍ മാത്രമേ സാധിക്കുമെന്ന് പത്മനാഭപിള്ളയ്ക്ക് മനസ്സിലായി. ഇതിന് സാധിക്കണമെങ്കില്‍ അത് തന്റെ അമ്മാവനായ ജഡ്ജി ഗോവിന്ദപിള്ളയാണെന്നും അദ്ദേഹം മനസ്സിലാക്കി. എന്നാല്‍ ജഡ്ജിയായ അമ്മാവന്റെ മുന്നില്‍ നിന്ന് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ പത്മനാഭയിലേക്ക് ധൈര്യമില്ലായിരുന്നു. പകരം ഇക്കാര്യം അമ്മാവനോട് പറയാനായി അദ്ദേഹത്തിന്റെ ഭാര്യ ജാനകിയമ്മയെ കൂട്ടുപിടിച്ചു. അങ്ങനെ ഒരു ദിവസം വിവരങ്ങള്‍ അമ്മായിയെ അറിയിക്കുന്നതിനായി പത്മനാഭപിള്ള അവിടെയെത്തി. ആ സമയത്ത് കേസുകള്‍ പഠിക്കുന്ന തിരക്കിലായിരുന്നു ഗോവിന്ദപിള്ള ജഡ്ജി. രാത്രി ഏറെ ഇരുട്ടിയിരുന്ന സമയം പുറത്തുവന്നപ്പോള്‍ അറപ്പുര വാതിലിലിരുന്ന് പത്മനാഭ പിള്ള തന്റെ പ്രണയത്തിന്റെ കാര്യം ഗോവിന്ദപിള്ളയുടെ ഭാര്യയായ ജാനകിയമ്മയോട് അറിയിച്ചു. സംഭവം കേട്ട അവര്‍ക്ക് പത്മനാഭപിള്ളയോട് മനസ്സലിയുകയും അവന്റെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കാണണമെന്നു തോന്നി.
കൂടാതെ ആശ്വസിപ്പിക്കുന്നതിന് വേണ്ടി അവര്‍ പത്മനാഭപിള്ളയുടെ തലയില്‍ അരുമയോടെ തലോടുകയും ചെയ്തു. എന്നാല്‍ ഔദ്യോഗിക മുറിയില്‍ നിന്നും പുറത്തേക്ക് വരുന്ന ഗോവിന്ദപിള്ള ഭാര്യ അനന്തരവന്റെ തലയില്‍ തലോടുന്നതാണ് കാണുന്നത്. ഇത് കണ്ടതോടെ ഇയാള്‍ക്ക് ദേഷ്യം ഉണ്ടായി ഭാര്യയും അനന്തരാവനും തമ്മില്‍ അരുതാത്ത ബന്ധം ഉണ്ടെന്നായിരുന്നു അദ്ദേഹം മനസ്സിലാക്കിയത്. ഇത് മനസ്സിലാക്കിയ ഭാര്യ അനങ്ങാന്‍ പോലും സാധിക്കാതെ പത്മനാഭപിള്ളയുടെ അടുത്തുനിന്നും മാറിനിന്നു. പത്മനാഭപിള്ളയാകട്ടെ ഒന്ന് മിണ്ടാന്‍ പോലും കഴിയാതെ അമ്മാവനെ ഭയത്തോടെ നോക്കി. കോപിഷ്ഠനായ അദ്ദേഹം ഒന്നും ചിന്തിക്കാതെ അറപ്പുര ഭിത്തിയില്‍ തൂക്കിയിരുന്ന ഒരു വാളെടുത്ത് പത്മനാഭപിള്ളയുടെ നേര്‍ക്ക് വീശി പിള്ളയുടെ തലയും ഉടലും വേര്‍പെട്ടു വീണു. ഈ സമയം ആ ക്രൂരകൃത്യം കണ്ട് ജാനകിയമ്മ അലറി വിളിച്ചു ആളുകളെല്ലാം ഓടിക്കൂടി ആ സമയത്ത് ജനകീയമ്മ പത്മനാഭ പി്‌ള എന്തിനാണ് വന്നത് എന്താണ് സംസാരിച്ചിരുന്നത് എന്ന് എല്ലാ കാര്യങ്ങളു ?ഗോവിന്ദപിള്ളയോട് വിവരിച്ചു. സത്യം മനസ്സിലാക്കിയ അയാള്‍ ആകെ സ്തംഭിച്ചു പോയി. തന്റെ സഹോദരി പാര്‍വതിയുടെ മുഖത്ത് പോലും അയാള്‍ക്ക് നോക്കാന്‍ സാധിക്കാതെയായി. അടുത്ത ദിവസം ഈ പറഞ്ഞതിലെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനായി പത്മനാഭപിള്ളയുടെ കാമുകിയുടെ അടുത്തും ഗോവിന്ദപിള്ള എത്തി. പത്മനാഭപിള്ള കൊല്ലപ്പെട്ട വിവരം അറിഞ്ഞ് കാമുകി പമ്പാനദിയില്‍ ചാടി ജീവന്‍ ഉപേക്ഷിച്ചു.
അങ്ങനെ തന്റെ പ്രവര്‍ത്തി കൊണ്ട് രണ്ടു ജീവന്‍ നഷ്ടപ്പെട്ടതോടെ ജഡ്ജി ആകെ സങ്കടത്തിലായി. അങ്ങനെ അദ്ദേഹം താന്‍ ചെയ്തു പോയ തെറ്റിനെ കുറിച്ച് മഹാരാജാവിന് മുന്നില്‍ അവതരിപ്പിച്ചു. തനിക്കുള്ള ശിക്ഷയും വിധിക്കാന്‍ പറഞ്ഞു. എന്നാല്‍ രാജാവ് ജഡ്ജി അറിയാതെ ചെയ്ത തെറ്റല്ലേ സാരമില്ല അദ്ദേഹം ക്ഷമിച്ചു എന്ന് പറഞ്ഞു. എന്നാല്‍ ഗോവിന്ദപിള്ള അങ്ങനെ പാടില്ലെന്നും ശിക്ഷ വിധിക്കാനും ആവശ്യപ്പെട്ടു. കൊലക്കുറ്റം ചെയ്ത തനിക്ക് ശിക്ഷ കിട്ടിയാലേ മതിയാകൂ എങ്കില്‍ നിങ്ങള്‍ സ്വയം ശിക്ഷ വിധിക്കാനും രാജാവും പറഞ്ഞു. അങ്ങനെ ഗോവിന്ദപിള്ള സ്വയം തന്റെ ശിക്ഷ വിധിച്ചു. അത് ഇങ്ങനെയായിരുന്നു… തന്നെ മരിക്കുംവരെ തൂക്കിലിടണം. അതിനുമുമ്പ് കാലുകള്‍ മുറിച്ചു മാറ്റണം. ജഡം മൂന്നുദിവസം തൂക്കിലിട്ട ശേഷം സംസ്‌കരിച്ചാല്‍ മതി. കൂടാതെ തന്റെ ദേശമായ തലവടിയിലെ കിഴക്കേ അതിര്‍ത്തിയിലെ മുകളടി പുരയിടത്തില്‍ വച്ച് ശിക്ഷ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അങ്ങനെ ദുര്‍മ്മരണം സംഭവിച്ച പിള്ളയുടെ ആത്മാവ് അലഞ്ഞു നടന്ന് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ആരംഭിച്ചു. ഇതോടെ അദ്ദേഹത്തെ ചെറുവള്ളി ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. അങ്ങനെയാണ് ജഡ്ജി ഗോവിന്ദപ്പിള്ള ജഡ്ജിയമ്മാവനായത് എന്നാണ് ഇതിനു പിന്നിലെ പുരാണം. പകല്‍ മുഴുവന്‍ ഈ ക്ഷേത്രം അടച്ചിടും. രാത്രി 8:30 മാത്രമാണ് ക്ഷേത്രത്തിന്റെ കോവില്‍ തുറക്കുക. ആ സമയത്ത് അവിടെ എത്തുന്ന ഭക്തര്‍ ജഡ്ജി അമ്മാവന് പ്രിയപ്പെട്ട അടനിവേദ്യവും അടയ്ക്കാ വെറ്റില എന്നിവ സമര്‍പ്പിക്കുകയും ഒക്കെ ചെയ്യും.
എന്തു തന്നെയായാലും കേരളത്തില്‍ പ്രമുഖര്‍ ഉള്‍പ്പെടുന്ന കേസുകളും കോടതി നടപടികളും ഒന്നിനുപുറകെ ഒന്നായി വന്നുകൊണ്ടിരിക്കുമ്പോള്‍ ജഡ്ജിയമ്മാവന്‍ കോവിലിലേക്കുള്ള വിഐപികളുടെയും വിവിഐപികളുടെയും വരവ് ഇനിയും കൂടുമെന്ന് തന്നെ പ്രതീക്ഷിക്കാം.






