സിഡ്‌നി കൂട്ടക്കൊല നടത്തിയത് ഹൈദ്രാബാദ് സ്വദേശിയും മകനും; ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ആക്രമണമെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; അക്രമികളുടെ വാഹനത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും കണ്ടെത്തി; ഫിലിപ്പെന്‍സില്‍ ആയുധ പരിശീലനം നേടിയതായും സൂചനകള്‍

സിഡ്‌നി; പതിനെട്ടുപേരുടെ മരണത്തിനിടയാക്കിയ സിഡ്‌നി വെടിവെപ്പ് നടത്തിയത് ഇന്ത്യക്കാരന്‍. ഹൈദ്രബാദ് ടൗളി ചൗക്കി സ്വദേശിയായ സാജിദ് അക്രം എന്നയാളാണു മകന്‍ നവീദ് അക്രവും ചേര്‍ന്നാണ് ഓസ്‌ട്രേലിയയെട നടുക്കിയ കൂട്ടക്കൊല നടത്തിയതെന്ന് ഓസ്‌ട്രേലിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
ഓസ്‌ട്രേലിയയെ നടുക്കിയ ബോണ്ടി ബീച്ച് വെടിവയ്പിലെ പ്രതികളിലൊരാള്‍ ഫിലിപ്പീന്‍സിലേക്ക് യാത്ര ചെയ്തത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടിലാണെന്ന് മനിലയിലെ ബോര്‍ഡര്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്് ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ട അക്രമിയായ 50 കാരന്‍ സജിദ് അക്രം ആണ് ഫിലിപ്പീന്‍സിലേക്ക് ഇന്ത്യയുടെ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്തത്. ഒപ്പമുണ്ടായിരുന്ന മകന്‍ നവീദ് അക്രമിന്റെ പാസ്‌പോര്‍ട്ട് ഓസ്‌ട്രേലിയയുടേതായിരുന്നുവെന്നാണ് മനില ബോര്‍ഡര്‍ അതോറിറ്റി വിശദമാക്കുന്നത്.
സൈനിക രീതിയിലുള്ള പരിശീലനം നേടാനാണ് ഇവര്‍ ഫിലിപ്പീന്‍സിലത്തിയതെന്നാണ് പുറത്ത് വരുന്ന വിവരം. ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങളില്‍ ഉത്തേജിതരായാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി വിശദമാക്കുന്നത്. അക്രമികളുടെ വാഹനത്തില്‍ നിന്ന് കണ്ടെത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പതാകകളും ഇപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസുകളും ഇതാണ് സൂചിപ്പിക്കുന്നതെന്നാണ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് പറഞ്ഞു.
നവംബറിലാണ് അക്രമികള്‍ ഫിലിപ്പീന്‍സിലെത്തിയത്. നവംബര്‍ ഒന്നിന് ഫിലീപ്പീന്‍സിലെത്തിയ അക്രമികള്‍ നവംബര്‍ 28നാണ് ഓസ്‌ട്രേലിയയിലേക്ക് മടങ്ങിയത്. സിഡ്‌നിയിലേക്ക് മടക്ക യാത്ര ആരംഭിക്കുന്നതിന് മുന്‍പ് ഫിലിപ്പീന്‍സിലെ തെക്കന്‍ നഗരമായ ഡാവോ ആണ് തങ്ങള്‍ താമസിക്കുന്ന അവസാന സ്ഥലമെന്നാണ് ഇവര്‍ വിശദമാക്കിയിരുന്നതെന്നാണ് ഇമിഗ്രേഷന്‍ വക്താവ് വിശദമാക്കുന്നത്. നവംബറില്‍ ഇവര്‍ക്ക് ഫിലിപ്പീന്‍സില്‍ വച്ച് ആയുധ പരിശീലനം ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സിഡ്നിയിലെ ബോണ്ടി ബീച്ചിലായിരുന്നു വെടിവെയ്പ്പുണ്ടായത്. 27 വര്‍ഷം മുന്‍പ് വിദ്യാര്‍ഥി വീസയില്‍ ഹൈദരാബാദില്‍ നിന്ന് ഓസ്ട്രേലിയയിലേക്ക് പോയതാണ് വെടിവെപ്പ് നടത്തിയ സാജിദ് അക്രം. ഹൈദരാബാദില്‍ ബി കോം ബിരുദം പൂര്‍ത്തിയാക്കിയ അക്രം 1998 നവംബറിലാണ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയത്. തുടര്‍ന്ന് യൂറോപ്യന്‍ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കി. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്.
സാജിദ് അക്രത്തിന് ഇപ്പോഴും ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ട്. മകന്‍ നവീദ് അക്രവും മകളും ഓസ്ട്രേലിയയിലാണ് ജനിച്ചത്. ഇരുവരും ഓസ്ട്രേലിയന്‍ പൗരന്മാരാണ്.

ഇന്ത്യയിലെ ബന്ധുക്കളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച്, കഴിഞ്ഞ 27 വര്‍ഷമായി ഹൈദരാബാദിലുള്ള തന്റെ കുടുംബവുമായി സാജിദ് അക്രത്തിന് പരിമിതമായ ബന്ധമേ ഉണ്ടായിരുന്നുള്ളൂ.
ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ശേഷം 6 തവണയാണ് ഇന്ത്യയിലെത്തിയത്. സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, പ്രായമായ മാതാപിതാക്കളെ സന്ദര്‍ശിക്കല്‍ തുടങ്ങിയ കുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങളിലായിരുന്നു സന്ദര്‍ശനങ്ങള്‍. പിതാവിന്റെ മരണസമയത്ത് പോലും സാജിദ് ഇന്ത്യയിലേക്ക് എത്തിയിരുന്നില്ലത്രെ.
ഓസ്‌ട്രേലിയയിലേക്ക് പോകുന്നതിനു മുന്‍പ് സാജിദിന്റെ പേരില്‍ കേസോ സംശയാസ്പദനമായ സംഭവങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് തെലങ്കാന പോലീസ് സംഭവത്തെതുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിനു ശേഷം പറഞ്ഞത്. സാജിദിനെ സംശയിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ തീവ്ര ചിന്താഗതികളെപ്പറ്റി അറിയില്ലെന്നുമാണ് ബന്ധുക്കളും പറയുന്നത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചില്‍ ജൂത വിഭാഗക്കാരുടെ ഹനൂക്ക എന്ന ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയവര്‍ക്കു നേരെയാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവം ഭീകരാക്രമണമാണെന്നു പോലീസ് വ്യക്തമാക്കിയിരുന്നു. വെടിവയ്പില്‍ മൂന്നാമതൊരാള്‍ കൂടി ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
പോലീസിന്റെ വെടിയേറ്റ് ചികിത്സയിലുള്ള അക്രമിന്റെ മകന്‍ നവീദിന് ഓസ്‌ട്രേലിയന്‍ പൗരത്വമുണ്ട്. ഇന്ത്യ വിട്ട ഇയാള്‍ പീന്നീട് ആറ് തവണ മാത്രമാണ് ഇന്ത്യയില്‍ എത്തിയത്. ബന്ധുക്കളുമായി അകലം പാലിച്ചായിരുന്നു ജീവിതം എന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല
മരണപ്പെട്ടവരില്‍ 10 വയസുകാരി മുതല്‍ ബ്രിട്ടീഷ് വംശജനായ ജൂത പുരോഹിതന്‍ വരെ ഉള്‍പ്പെടുന്നുണ്ട്. വെടിവയ്പില്‍ പരിക്കേറ്റ 24 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. അഞ്ച് പേര്‍ അപകട നില തരണം ചെയ്തുവെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഭീകരാക്രമണത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായിരുന്ന പ്രതി നവീദ് അക്രം (24) കോമയില്‍ നിന്ന് ഉണര്‍ന്നതായും ബോധം തെളിഞ്ഞതായുമുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. പൊലീസ് വെടിവെയ്പ്പില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ശക്തമായ പൊലീസ് കാവലില്‍ സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇയാള്‍ക്കെതിരെ ഉടന്‍ കുറ്റം ചുമത്തുമെന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് വിശദമാക്കിയിട്ടുണ്ട്.






