കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാന്‍ മാതാപിതാക്കളെ സഹായിക്കുന്ന പുതിയ അപ്‌ഡേറ്റുമായി പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍. കുട്ടികളെ ട്രാക്ക് ചെയ്യുന്നത് ഉള്‍പ്പെടെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കുന്ന സഹായിക്കുന്ന ഫാമിലി ലിങ്ക് ആപ്പിലാണ് പുതിയ അപ്‌ഡേഷന്‍ കൊണ്ടുവന്നത്. ആഴ്ചകള്‍ക്കകം പുതിയ ഫീച്ചര്‍ മാതാപിതാക്കള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് കമ്പനി അറിയിച്ചു.
കുട്ടികള്‍ എവിടെയുണ്ടെന്ന് കൃത്യമായി അറിയാന്‍ സഹായിക്കുന്ന ലൊക്കേഷന്‍ ടാബില്‍ അപ്‌ഡേഷന്‍ വരുത്തിയതാണ് ഒന്നാമത്തെ കാര്യം. ഡിവൈസ് ലൊക്കേഷന്‍ സംബന്ധിച്ച് കൃത്യമായ വിവരവും ലഭിക്കും. സ്‌കൂള്‍, കളിക്കുന്ന സ്ഥലം അടക്കം സ്ഥിരമായി പോകുന്ന പ്രത്യേക ഇടങ്ങള്‍ എന്നിവിടങ്ങളില്‍ കുട്ടികള്‍ എത്തുമ്പോഴും ഇറങ്ങുമ്പോഴും വിവരം ലഭിക്കുന്നവിധം നോട്ടിഫിക്കേഷന്‍ ലൈവാക്കി വെയ്ക്കാന്‍ സാധിക്കുന്നതാണ് മറ്റൊരു സേവനം.
കുട്ടികളുടെ മൊബൈല്‍ ഉപയോഗം സംബന്ധിച്ച് കൃത്യമായി വിവരം ലഭിക്കുന്ന ഹൈലൈറ്റ്‌സ് ടാബാണ് മറ്റൊരു ഫീച്ചര്‍. കുട്ടികള്‍ എത്ര സമയം മൊബൈല്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ ചെലവഴിച്ചു എന്ന് കൃത്യമായി അറിയാന്‍ ഇത് സഹായിക്കും. കുട്ടികള്‍ ഇന്‍സ്റ്റാള്‍ ചെയ്ത ആപ്പുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സ്‌നാപ് ഷോട്ടായാണ് മാതാപിതാക്കള്‍ക്ക് ലഭിക്കുക.
വീട്ടില്‍ ഓണ്‍ലൈന്‍ സുരക്ഷ ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കള്‍ക്ക് അവബോധം സൃഷ്ടിക്കാനും പുതിയ അപ്‌ഡേഷന്‍ സഹായിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു. ഫാമിലി ലിങ്ക് വെബ്‌സൈറ്റിലും ലഭ്യമാണ്. മൊബൈല്‍ ഫോണ്‍ കയ്യില്‍ ഇല്ലാത്ത സമയത്തോ, ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്ത സമയത്തോ വെബ്‌സൈറ്റിലെ ഓണ്‍ലൈന്‍ ഫീച്ചറുകള്‍ ഉപയോഗിച്ചും സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കും. മൊബൈലില്‍ കുട്ടികള്‍ സമയം ചെലവഴിക്കുന്നത് നിയന്ത്രിക്കാന്‍ സ്‌ക്രീന്‍ ടൈം സെറ്റ് ചെയ്ത് വെയ്ക്കാന്‍ സാധിക്കും. ഉള്ളടക്കം നിയന്ത്രിക്കാന്‍ സഹായിക്കുന്ന വിധം കണ്‍ട്രോള്‍ ടാബ് പ്രയോജനപ്പെടുത്താന്‍ കഴിയും വിധമാണ് പുതിയ സംവിധാനം.