ഒറ്റപ്പാലം പൂളക്കുണ്ടില്‍ ജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി വിജയിച്ചത് 710 വോട്ടിന് ; ഒരു വാര്‍ഡില്‍ ബിജെപിക്ക് ഒരു വോട്ട് പോലും നേടാനായില്ല ; പതിനൊന്നാം വാര്‍ഡില്‍ പെട്ടിതുറന്നപ്പോള്‍ കിട്ടിയത്് പൂജ്യം വോട്ട്…!!

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തായെങ്കിലും കേരളത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ ബിജെപിയ്ക്ക് കഴിഞ്ഞു. പല ജില്ലകളിലും പുതിയതായി പഞ്ചായത്തുകളിലും ഭരണത്തിലേക്ക് എത്താന്‍ കഴിഞ്ഞ അവര്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയ മേഖലകളിലാണ് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഷൊര്‍ണൂര്‍ നഗരസഭകള്‍ വരുന്നത്.
എന്നാല്‍ വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും ഒറ്റപ്പാലം നഗരസഭയിലെ ഒരു വാര്‍ഡില്‍ ബിജെപിക്ക് കിട്ടിയത് പൂജ്യം വോട്ട്. ഒറ്റപ്പാലം പതിനൊന്നാം വാര്‍ഡായ പൂളക്കുണ്ടിലാണ് ബിജെപിക്ക് ഒറ്റ വോട്ടുപോലും ലഭിക്കാത്തത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് പ്രസാദ് ടി എയാണ്. വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി മുഹമ്മദ് ഫാസിയാണ് വിജയിച്ചത്. 710 വോട്ടാണ് ഫായിസിന് ലഭിച്ചത്.
സിപിഐഎം സ്ഥാനാര്‍ത്ഥി അഷ്‌റൂഫ് എയാണ് രണ്ടാം സ്ഥാനത്ത്. അഷ്‌റൂഫിന് 518 വോട്ട് ലഭിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി അന്‍വറിന് 57 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി മുഹമ്മദ് ഉസ്മാന് 42 വോട്ടും ലഭിച്ചു.
പന്ത്രണ്ടാം വാര്‍ഡായ കിഴക്കേക്കാടിലെ വോട്ടറാണ് പ്രസാദ്. സംഘടനാ സംവിധാനമില്ലാത്ത വാര്‍ഡാണ് പൂളക്കുണ്ട് എന്നാണ് ഇക്കാര്യത്തില്‍ ബിജെപി നേതൃത്വത്തിന്റെ വിശദീകരണം. എല്ലാ വാര്‍ഡിലും മത്സരിക്കുക എന്ന ലക്ഷ്യത്തിനായാണ് മറ്റൊരു വാര്‍ഡിലെ വോട്ടറെ പൂളക്കുണ്ടില്‍ മത്സരിപ്പിച്ചതെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.






