Breaking NewsKeralaLead NewsNEWSNewsthen Specialpolitics

ഇവിടം വിട്ടു ഞാന്‍ എങ്ങോട്ടും ഇല്ല ; കേള്‍ക്കുന്ന വാര്‍ത്തകള്‍ എല്ലാം വെറും അഭ്യൂഹമെന്ന് ജോസ് കെ മാണി; എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്നു; മുന്നണി മാറ്റം ഇല്ല

 

കോട്ടയം : ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്തെല്ലാം വാര്‍ത്തകള്‍ വന്നാലും ഇടതുമുന്നണി വിട്ട് എങ്ങോട്ടുമില്ലെന്ന് ജോസ് കെ മാണി. യുഡിഎഫിലേക്ക് ഉള്ള പ്രവേശന വാര്‍ത്തകള്‍ ജോസ് കെ മാണി തള്ളി.

Signature-ad

കേരള കോണ്‍ഗ്രസ് എമ്മിന് ഒറ്റ നിലപാടാണ്, അത് ഇടതുപക്ഷത്തോടൊപ്പമാണെന്നും അതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍
ജോസ് കെ മാണി പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ എപ്പോഴും ചര്‍ച്ച പാലയും തൊടുപുഴയുമാണ്. പാല മുനിസിപ്പാലിറ്റിയില്‍ കഴിഞ്ഞ തവണ പാര്‍ട്ടി ചിഹ്നത്തില്‍ പത്ത് സീറ്റുകളിലാണ് ജയിച്ചത്. ഇപ്രാവശ്യവും അങ്ങനെയാണ്. പാല നിയോജമണ്ഡലത്തില്‍ 2198 വോട്ടിന്റെ ലീഡ് എല്‍ഡിഎഫിനാണ്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 38 വാര്‍ഡുകളില്‍ ജോസഫ് ഗ്രൂപ്പ് മത്സരിച്ചു, എന്നാല്‍ രണ്ടിടത്ത് മാത്രമാണ് വിജയിച്ചത്. ആരെയും ആക്ഷേപിക്കാനല്ല ഇത് പറയുന്നത്. പറഞ്ഞാല്‍ അതിന് മറുപടി പറയണം എന്നതുകൊണ്ടാണ് ഇക്കാര്യം പറയുന്നതെന്നും ജോസ് കെ മാണി വ്യക്തമാക്കി.

മുനിസിപ്പാലിറ്റി രൂപീകരിച്ചതിനു ശേഷം കഴിഞ്ഞ മുപ്പതു വര്‍ഷമായി ജോസഫ് വിഭാഗം ഒരുതവണ പോലും തൊടുപുഴയില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നിട്ടില്ല. എന്നാല്‍ മൂന്നു തവണ കേരള കോണ്‍ഗ്രസിന്റെ ചെയര്‍മാന്‍ വന്നു. പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിക്കുഞ്ഞിന്റെ അവസ്ഥയാണ് ജോസഫ് വിഭാഗത്തിന്. കോണ്‍ഗ്രസ് എന്തെങ്കിലും കൊടുത്താല്‍ അവര്‍ അത് ഏറ്റുവാങ്ങും. അത്രയേ ഉള്ളൂവെന്നും ജോസ് കെ മാണി പറഞ്ഞു.

സംഘടനാപരമായി കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. പക്ഷേ സംസ്ഥാനത്ത് എല്‍ഡിഎഫിലെ ചില വോട്ടുകള്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ട്. പോരായ്മകളും വീഴ്ചകളുമുണ്ട്. അതെല്ലാം പരിശോധിക്കും. ജനവിധി വിനയത്തോടെ സ്വീകരിക്കുന്നു.
ശബരിമല വിഷയം തദ്ദേശതെരഞ്ഞെടുപ്പിനെ ബാധിച്ചുവോ എന്നത് പരിശോധിക്കും. അതേ കുറിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്കെത്തിക്കാനുള്ള നീക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് ജോസ് കെ മാണിയുടെ പ്രതികരണം. എല്‍ഡിഎഫിന്റെ ഭാഗമായ കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫ് മുന്നണിയിലേക്ക് എത്തിക്കാന്‍ ശ്രമം നടക്കുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

 

Back to top button
error: