ഇതിഹാസ ഫുട്‌ബോളറെ കൊണ്ടുവന്ന് നാണംകെടുത്താന്‍ ; ലിയോണല്‍ മെസിയുടെ കൊല്‍ക്കത്തയിലെ പരിപാടി തീവെട്ടിക്കൊള്ളയായി ; അടിപിടിയും കലാപവും ലോകം മുഴുവന്‍ കണ്ടു, പശ്ചിമ ബംഗാള്‍ കായിക മന്ത്രി രാജിവച്ചു

അര്‍ജന്റീന താരം ലിയോണല്‍ മെസിയുടെ ഇന്ത്യാ സന്ദര്‍ശനത്തിലെ കൊല്‍ക്കത്ത പരിപാടി വലിയ വിവാദമായി മാറിയതിനെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ കായികമന്ത്രി രാജിവെച്ചു. ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മന്ത്രി അരൂപ് ബിശ്വാസാണ് രാജിവെച്ചത്. മെസ്സിയുടെ പരിപാടി കുളമായത് ലോകം മുഴുവന്‍ കാണാനിടയാകുകയും സംസ്ഥാനസര്‍ക്കാര്‍ നാണംകെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് രാജി.
മന്ത്രിസഭയിലെ മമതാ ബാനര്‍ജിയുടെ വിശ്വസ്തരിലൊരാളാണ് അരൂപ് ബിശ്വാസ്. മുഖ്യമന്ത്രി മമത ബാനര്‍ജിക്കാണ് കായികമന്ത്രി രാജി കത്ത് കൈമാറിയത്. സംഭവത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് രാജികത്തില്‍ വ്യക്തമാക്കുന്നത്. പരിപാടിയുടെ വീഴ്ച പ്രതിപക്ഷം ആയുധമാക്കുന്നതിനിടയിലാണ് കായിക മന്ത്രിയുടെ രാജി.
സംഭവത്തിന് പിന്നാലെ ഡിജിപി, കായിക യുവജനക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. മെസിയെ ശരിക്കും കാണാനായില്ലെന്ന് ആരോപിച്ച് രോക്ഷാകുലരായ ആരാധകര്‍ സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വന്‍ നാശനഷ്ടമുണ്ടാക്കിയിരുന്നു. ഫുട്‌ബോള്‍ മിശിഹായെ കാണാന്‍ കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലേക്ക് പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. 5000 മുതല്‍ 25,000 രൂപ വരെയായിരുന്നു കൊല്‍ക്കത്തയിലെ ടിക്കറ്റ് വില.
സൗഹൃദ മത്സരത്തിന്റെ ഇടവേള സമയത്താണ് മെസി ഗ്രൗണ്ടില്‍ എത്തിയത്. ആരാധകരെ അഭിവാദ്യം ചെയ്ത മെസി എന്നാല്‍ പെട്ടെന്ന് മടങ്ങി. മെസിക്ക് ചുറ്റും രാഷ്ട്രീയക്കാരും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരും തിങ്ങി നിറഞ്ഞതിനാല്‍ ഒന്ന് കാണാന്‍ പോലും പലര്‍ക്കും ആയില്ല. വന്‍ തുക മുടക്കി ടിക്കറ്റ് എടുത്തവര്‍ ഇതോടെ വന്‍ കലിപ്പിലായി.
ഗ്രൗണ്ടിലേക്ക് ഇരച്ചെത്തിയ ജനക്കൂട്ടം താല്‍ക്കാലിക പന്തലുലുകളും സീറ്റുകളും ബോര്‍ഡുകളും നശിപ്പിച്ചു. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിവീശേണ്ടിവന്നു. സംഘാടകര്‍ വഞ്ചിച്ചെന്ന് ആരാധകര്‍ ആരോപിച്ചു. മെസിക്കൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സ്റ്റേഡിയത്തില്‍ ഉണ്ടാകുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാല്‍ അവരാരും എത്തിയില്ല.






