ഒരേവാര്‍ഡില്‍ മത്സരിച്ചത് പല പാര്‍ട്ടിയില്‍, ആദ്യം സിപിഐഎമമിനൊപ്പം പിന്നെ കോണ്‍ഗ്രസിലേക്ക് മാറി, പിന്നീട് ഡിഎംകെയില്‍ ഒടുവില്‍ ബിജെപിയ്‌ക്കൊപ്പം ജനവിധി തേടി ; ആര്യങ്കാവിലെ പൂന്തോട്ടത്തില്‍ മത്സരിച്ച് മാമ്പഴത്തറ സലീം തോറ്റു

കൊല്ലം: ഒരേ വാര്‍ഡില്‍ തന്നെ സിപിഎമ്മിനും കോണ്‍ഗ്രസിനും ഡിഎംകെയ്ക്കും മത്സരിച്ചു ജയിച്ച സ്ഥാനാര്‍ത്ഥി ഇത്തവണ ബിജെപിയ്‌ക്കൊപ്പം മത്സരിച്ചപ്പോള്‍ തോറ്റു. ആര്യങ്കാവ് ഗ്രാമപഞ്ചായത്തില്‍ പൂന്തോട്ടം വാര്‍ഡില്‍ മത്സരിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ബ്‌ളോക്കംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള നാലു പാര്‍ട്ടികളില്‍ മാറിമാറി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ മാമ്പഴത്തറ സലീമാണ് ഇത്തവണ തോറ്റത്. സിപിഐയുടെ പൊന്‍രാജ് 104 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്.
പൂന്തോട്ടം വാര്‍ഡില്‍ ആദ്യം സിപിഐഎമ്മിലും പിന്നീട് കോണ്‍ഗ്രസിലും അതിന് ശേഷം ഡിഎംകെയിലും ജനവിധി തേടിയയാളാണ് സലീം. സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം കടന്നുവന്നത്. 1989ല്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബ്ലോക്ക് അംഗം എന്നീ ചുമതലകളിലെത്തി. 2009ലാണ് അഭിപ്രായഭിന്നത കളെത്തുടര്‍ന്ന് സലീം സിപിഐഎമ്മില്‍നിന്നു രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 2010ല്‍ സലീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ആദ്യമായി യുഡിഎഫ് പിടിച്ചെടുത്തു.
എന്നാല്‍ 2015ല്‍ ഇടപ്പാളയത്ത് മത്സരിച്ചെങ്കിലും തോറ്റു. പിന്നീട് 2017ല്‍ ബിജെപിക്കൊപ്പം കൂടി. 2018ല്‍ ബിജെപി സംസ്ഥാനസമിതി അംഗമാകുകയും ചെയ്തു. എന്നാല്‍ 2021 ഡിസംബറില്‍ വീണ്ടും സിപിഐഎമ്മിലേക്ക് തിരികെപ്പോയി. ആ വര്‍ഷം സിപിഐഎം സ്ഥാനാത്ഥിയായി കഴുതുരുട്ടി വാര്‍ഡില്‍നിന്ന് വിജയിച്ചപ്പോള്‍ ഇനി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
സിപിഐഎം പുനലൂര്‍ ഏരിയ സമ്മേളനവേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പങ്കെടുത്ത ചടങ്ങിലാണ് സലീം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയത്. 2022 ജൂലായില്‍ സിപിഐഎമ്മില്‍നിന്നും ബിജെപിയിലേക്ക് വീണ്ടും വന്നു. 2023 മാര്‍ച്ചില്‍ ഡിഎംകെ യിലേക്ക് ചുവടുമാറ്റം. സലീമിന്റെ ചുവടുമാറ്റം അവിടെയും തീര്‍ന്നില്ല , മാസങ്ങള്‍ക്കുമുന്‍പ് ഡിഎംകെയില്‍നിന്ന് ബിജെപിയിലേക്ക് വീണ്ടുമെത്തുകയായിരുന്നു. ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ വീണ്ടും തോറ്റു.






