ഒമ്പത് ഫ്രാഞ്ചൈസികളെ പിന്നിലാക്കി ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ കടന്നുകയറ്റം ; 14.20 കോടി രൂപയുടെ രണ്ട് കിടിലന്‍ സൈനിംഗുകള്‍, ഐപിഎല്ലില്‍ അണ്‍ക്യാപ്ഡ് പ്‌ളേയേഴ്‌സില്‍ പ്രശാന്ത് വീറും, കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു

ഐപിഎല്‍ മിനി ലേലത്തില്‍ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ ചരിത്രമെഴുതി ചെന്നൈ സൂപ്പര്‍കിംഗ്‌സ് താരങ്ങളായി മാറിയ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരങ്ങള്‍ 14.20 കോടി രൂപയ്ക്ക് വിറ്റുപോയി. ഈ രണ്ട് കളിക്കാരും നിരവധി ഓള്‍-ടൈം റെക്കോര്‍ഡുകളാണ് ഇതിലൂടെ സ്ഥാപിച്ചത്.
പ്രശാന്തിനെയും കാര്‍ത്തിക്കിനെയും സ്വന്തമാക്കാന്‍ സിഎസ്‌കെ പണം വാരിയെറിഞ്ഞു. ഒമ്പത് ഫ്രാഞ്ചൈസികളില്‍ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് അബുദാബി യിലെ എത്തിഹാദ് അരീനയില്‍ മഞ്ഞപ്പട ഈ അണ്‍കാപ്പ്ഡ് കളിക്കാരെ സ്വന്തമാക്കിയ തോടെ പ്രശാന്ത് വീറും കാര്‍ത്തിക് ശര്‍മ്മയും ചരിത്രം സൃഷ്ടിച്ചു. ലഖ്നൗ സൂപ്പര്‍ ജയന്റ്സ് , മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് എന്നിവരെ മറികടന്നാണ് സിഎസ്‌കെ രണ്ടുപേരെയും നേടിയത്.
ഇരുവര്‍ക്കും അടിസ്ഥാന വിലയുടെ 4633% അധിക വിലയ്ക്കാണ് ഇരുവരേയും സിഎസ്‌കെ നേടിയത്. ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും രാജ്യത്ത് നിന്നോ 10 കോടിയിലധികം നേടുന്ന ചരിത്രത്തിലെ ആദ്യത്തെ അണ്‍കാപ്പ്ഡ് കളിക്കാര്‍ ഇവരാണ്. ഈ റെക്കോര്‍ഡ് ഇതിനുമുമ്പ് 2022 ഐപിഎല്‍ മെഗാ ലേലത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അന്നത്തെ റെക്കോര്‍ഡ് തുകയായ 10 കോടി രൂപയ്ക്ക് സ്വന്തമാക്കിയ ആവേശ് ഖാന്റെ പേരിലായിരുന്നു.
2015-ല്‍ യുവരാജ് സിംഗിനെ ഡല്‍ഹി ക്യാപിറ്റല്‍സ് 16 കോടി രൂപയ്ക്ക് സ്വന്തമാക്കിയതിന് മാത്രമാണ് സിഎസ്‌കെ താരങ്ങളെക്കാള്‍ ഉയര്‍ന്ന വില ലഭിച്ചിട്ടുള്ളത്. അതേസമയം, സിഎസ്‌കെ തങ്ങളുടെ ചരിത്രത്തില്‍ ലേലത്തില്‍ സ്വന്തമാക്കിയ രണ്ടാമത്തെ ഏറ്റവും വില കൂടിയ കളിക്കാരാണ് ഇരുവരും. 2023 മിനി ലേലത്തില്‍ ബെന്‍ സ്റ്റോക്സിനെ സ്വന്തമാക്കാന്‍ മാത്രമാണ് അവര്‍ ഇതിലും ഉയര്‍ന്ന തുക മുടക്കിയത്. ഉത്തര്‍പ്രദേശുകാരനായ പ്രശാന്ത് ഇടംകയ്യന്‍ ബാറ്റ്‌സ്മാനും സ്പിന്നറുമാണ്. 13 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിലേക്ക് ട്രേഡ് ചെയ്തതോടെ അദ്ദേഹത്തിന് പകരക്കാരനായി ദീര്‍ഘകാലത്തേക്ക് ഫ്രാഞ്ചൈസി കാണുന്ന കളിക്കാരനാണ് ഈ 20-കാരന്‍.
രാജസ്ഥാനില്‍ നിന്നുള്ള 19 വയസ്സുള്ള വിക്കറ്റ് കീപ്പര്‍-ബാറ്ററാണ് കാര്‍ത്തിക്. ലോവര്‍ ഓര്‍ഡറിലെ ഒരു ഹാര്‍ഡ്-ഹിറ്റിംഗ് ബാറ്റ്‌സ്മാനായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. ഇത് ബാറ്റിംഗ് യൂണിറ്റില്‍ ആക്രമണോത്സുകത കൂട്ടുകയും, മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നതിലുള്ള സമ്മര്‍ദ്ദം എം എസ് ധോണിയില്‍ നിന്ന് കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.






