രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് ബന്ധമുണ്ടോ; ശബരിമല സ്വര്‍ണക്കൊളള കേസ് അന്താരാഷ്ട്ര ലെവലിലേക്ക് വഴിമാറുന്നു; രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയ വ്യവസായിയുടെ മൊഴിയെടുത്തു

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊളള കേസില്‍ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിനുള്ള ബന്ധം പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കുന്നു.
ശബരിമല സ്വര്‍ണക്കൊളള കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയ്ക്ക് വിവരം നല്‍കിയ വ്യവസായിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. രാജ്യാന്തര പുരാവസ്തു കടത്ത് സംഘവുമായി ബന്ധപ്പെട്ട വിവരമാണ് എസ്ഐടി വ്യവസായിയില്‍ നിന്ന് തേടിയത്. അതീവ രഹസ്യമായാണ് മൊഴി രേഖപ്പെടുത്തിയത്. ചെന്നിത്തല വഴിയാണ് വ്യവസായിയുടെ വിവരങ്ങള്‍ എസ്ഐടിക്ക് ലഭിച്ചത്.

ഡിസംബര്‍ പതിനാലിന് രമേശ് ചെന്നിത്തലയും പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് ചെന്നിത്തല മൊഴി നല്‍കിയത്. നേരത്തെ രണ്ടുതവണ ചെന്നിത്തല മൊഴി നല്‍കുമെന്ന് വാര്‍ത്തയുണ്ടായിരുന്നെങ്കിലും എസ്ഐടിയുടെ അസൗകര്യങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 500 കോടി രൂപയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. തനിക്ക് പരിചയമുള്ള, ഇന്ത്യയ്ക്ക് പുറത്തുള്ള വ്യവസായിയാണ് വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു.
സ്വര്‍ണ്ണക്കൊള്ളയിലെ സര്‍ക്കാര്‍ ഒളിച്ചുകളി ജനത്തിന് മനസിലായെന്നും, മുന്‍ മന്ത്രിമാരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു
തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്ഐടിക്ക് മുന്നില്‍ പറഞ്ഞുവെന്നും അവരത് അന്വേഷിക്കട്ടെ എന്നുമായിരുന്നു മൊഴി നല്‍കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. ‘വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം എസ്ഐടി തീരുമാനിക്കട്ടെ. അത് സത്യമാണെന്നാണ് തന്റെ വിശ്വാസം. കൈമാറിയത് തെളിവുകളല്ല, വിവരങ്ങളാണ്. തന്റെ ഉത്തരവാദിത്വമാണ് ചെയ്തത്. കാണാതെ പോയ സ്വര്‍ണം എവിടെയെന്നു കണ്ടെത്തണം. എസ്ഐടിക്ക് ഇതേവരെ കണ്ടെത്താനായില്ല. അതുകൊണ്ട് തന്റെ ആരോപണത്തില്‍ പ്രസക്തിയുണ്ട്.’ എന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്. പുരാവസ്തു കള്ളക്കടത്ത് സംഘങ്ങള്‍ക്ക് ശബരിമല സ്വര്‍ണ മോഷണക്കേസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് നേരത്തെ രമേശ് ചെന്നിത്തല എസ്‌ഐടിക്ക് കത്ത് നല്‍കിയിരുന്നു.






