മുഖ്യമന്ത്രിക്കെതിരെ കമന്റിട്ടതിന് പിടിച്ചു പുറത്താക്കി; വിമതന്‍ സ്വതന്ത്രനായി മത്സരിച്ച് CPIM ന്റെ സ്ഥാനാര്‍ത്ഥിയെ തന്നെ തോല്‍പ്പിച്ചു ; പുറത്തു നിന്നും പിന്തുണ കൊടുത്ത് പുല്ലമ്പാറ പഞ്ചായത്തില്‍ യുഡിഎഫിനെ ഭരണത്തിലേറ്റി

തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചതിന് ചവിട്ടിപ്പുറത്താക്കിയയാള്‍ വിമതനായി മത്സരിച്ച് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി. പിന്നീട് യുഡിഎഫിന് പിന്തുണ നല്‍കി അവരെ ഭരണത്തിലേറ്റി. പുല്ലമ്പാറ പഞ്ചായത്ത് ഭരണമാണ് സ്വതന്ത്രന്റെ പിന്തുണയില്‍ യുഡിഎഫ് പിടിച്ചത്. സ്വതന്ത്രനായി മത്സരിച്ച ശ്രീകണ്ഠന്‍ നായരാണ് പാര്‍ട്ടിയെ വീഴ്ത്തി ഭരണം മാറ്റിയത്.
സിപിഐഎം വിമതന്റെ പിന്തുണ ലഭിച്ചതോടെ യുഡിഎഫ് ഭരണത്തിലേറിയത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്തില്‍ സിപിഐഎം 7, കോണ്‍ഗ്രസ് 7, ബിജെപി 1, സ്വതന്ത്രന്‍ 1 എന്നിങ്ങനെയാണ് സീറ്റ് നില. സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സിപിഐഎം വിമതനായ ബി ശ്രീകണ്ഠന്‍ നായരാണ് യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സാമൂഹികമാധ്യമ പോസ്റ്റില്‍ കമന്റ് ഇട്ടതിന് പിന്നാലെ പാര്‍ട്ടി ശ്രീകണ്ഠന്‍ നായരിന് സീറ്റ് നിഷേധിച്ചിരുന്നു.
പിന്നാലെയാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചത്. പുല്ലമ്പാറ ഗ്രാമപഞ്ചായത്ത് മുത്തിപ്പാറ വാര്‍ഡിലാണ് ശ്രീകണ്ഠന്‍ നായര്‍ മത്സരിച്ചത്. 272 വോട്ടുകള്‍ക്ക് സിപിഐഎമ്മിലെ ജിഷ്ണു മുത്തിപ്പാറയെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.






