Lead NewsNEWSTRENDING

രേഷ്മയെ കൊലപ്പെടുത്തിയത് കൊച്ചച്ചനോ.? അരുണിന് വേണ്ടി വലവിരിച്ച് കേരള പോലീസ്


ചിത്തിരപുരം വണ്ടിത്തറയിലെ രേഷ്മയുടെ മരണവാർത്ത ഏറെയും ഞെട്ടലോടെയാണ് നാട് കേട്ടത്. രേഷ്മയുടെ മരണത്തിൽ പ്രതിസ്ഥാനത്ത് നിൽക്കുന്നത് കൊച്ചച്ചൻ അരുണാണെന്ന് അറിഞ്ഞതോടെ ആ ഞെട്ടലിന് ആഴം വർധിച്ചു. അരുണിന് വേണ്ടി വലവിരിച്ച് കേരള പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. എന്നാല്‍ എന്ത് കാരണത്തിനാണ് അരുൺ രേഷ്മയെ വകവരുത്തിയത് എന്ന കാര്യത്തിൽ ഇതുവരെ ആർക്കും വ്യക്തതയില്ല. അരുണില്‍ നിന്ന് മാത്രമാണ് യഥാർത്ഥ സംഭവങ്ങളുടെ സത്യാവസ്ഥ മനസ്സിലാകു.

ചിത്തിരപുരം വണ്ടിത്തറയിൽ രാജേഷിന്റെ അർദ്ധസഹോദരനാണ് രേഷ്മ കൊലക്കേസിലെ പ്രതി എന്ന് സംശയിക്കുന്ന അരുണ്‍. രാജേഷിന്റെ അച്ഛൻ അംബുജാക്ഷന് മറ്റൊരു സ്ത്രീയിൽ ഉണ്ടായ മകനാണ് അരുൺ. കോവിഡ് കാലത്താണ് സഹോദരങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത്. ഇതോടെ രാജേഷിന്റെ വീട്ടിലെ നിത്യസന്ദർശകനായി മാറുകയായിരുന്നു അരുൺ. പലപ്പോഴും അരുണും രേഷ്മയും ഒരുമിച്ചായിരുന്നു സ്കൂളിൽ നിന്നും പണി സ്ഥലത്തു നിന്നും തിരികെ വീട്ടിലേക്ക് വരുന്നത്. രാജകുമാരിക്കടുത്ത് ഒരു ഫര്‍ണിച്ചര്‍ നിർമ്മാണ സ്ഥാപനത്തിലാണ് അരുൺ ജോലിചെയ്തിരുന്നത്.

Signature-ad

രേഷ്മയുടെ അമ്മ ജെസ്സി അടുത്തുള്ള ഒരു റിസോർട്ടിലെ താത്കാലിക ജീവനക്കാരിയാണ്. വൈകുന്നേരങ്ങളിൽ രേഷ്മ എത്തിയതിന് ശേഷം ഇരുവരും ഒരുമിച്ചാണ് വീട്ടിലേക്ക് പോകുന്നത്. പതിവ് പോലെ ഇന്നലെയും ജെസി മകളെ കാത്തിരുന്നെങ്കിലും ആറു മണിയായിട്ടും രേഷ്മ തന്റെ അരികിൽ എത്തിയില്ലെന്ന് അവര്‍ പറയുന്നു. ഇതോടെയാണ് മാതാപിതാക്കൾ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. പരാതി ലഭിച്ച ഉടൻ തന്നെ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ മിസ്സിംഗ് കേസ് ഫയൽ ചെയ്ത് അന്വേഷണം ആരംഭിച്ചു. നാട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് വൈകുന്നേരങ്ങളിൽ രേഷ്മയും അരുണും ബസ് സ്റ്റോപ്പിൽ നിന്ന് ഒരുമിച്ച് തിരികെ പോകാറുള്ള കാര്യം പൊലീസിന് വ്യക്തമായത്.

അരുണും രേഷ്മയും സ്ഥിരമായി പോകുന്ന വഴിയിലെ റിസോർട്ടിലെ സിസിടിവി ദൃശ്യം പരിശോധിച്ചതിൽ നിന്നും ഇന്നലെയും ഇരുവരും ഒരുമിച്ച് സഞ്ചരിച്ചിരുന്നുവെന്ന് പൊലീസിനു തെളിവ് ലഭിക്കുകയായിരുന്നു. രേഷ്മയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് തൊട്ടടുത്ത് വരെയും ഇരുവരെയും ഒരുമിച്ചു കണ്ടിരുന്നുവെന്ന് ഓട്ടോ ഡ്രൈവറുടെ മൊഴിയും ഉണ്ടായിരുന്നു. ഇതോടെ നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ പൊലീസ് പ്രദേശം മുഴുവൻ അരിച്ചു പെറുക്കുക യായിരുന്നു. വൈകുന്നേരത്തോടെ പുഴയുടെ തീരത്തെ ഈറ്റ കാട്ടിൽ നിന്നും രേഷ്മയുടെ മൃതശരീരം പോലീസ് കണ്ടെത്തുകയായിരുന്നു.

കഴുത്തിലും കൈയ്യിലും ഗുരുതരമായി പരിക്കേറ്റിരുന്ന രേഷ്മയെ ഉടൻ തന്നെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു എന്ന് ഡോക്ടർ സ്ഥിരീകരിക്കുകയായിരുന്നു. രേഷ്മയുടെ മൃതശരീരം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തു നിന്നും അരുണിന്റെ ചെരുപ്പും ചോരപ്പാടുകളും കണ്ടെത്തി. അരുണിന് വേണ്ടി പ്രദേശം മുഴുവൻ വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. അരുണിന്റെ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അടുത്ത ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അരുൺ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല എന്നാണ് പൊലീസ് അന്വേഷണത്തിൽ നിന്നും വ്യക്തമാവുന്നത്. രേഷ്മയുടെ മൃതശരീരം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ ആണ് സൂക്ഷിച്ചിരിക്കുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മൃതശരീരം മാറ്റും.

Back to top button
error: