സിപിഎം വെള്ളാപ്പള്ളിയെ വിടില്ലെന്ന് ഉറപ്പായി : വെള്ളാപ്പള്ളിയുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് പിന്മാറേണ്ടി വന്ന ഗതികേടിൽ സിപിഐ : എന്തു കേട്ടാലും പറഞ്ഞാലും മറുപടി പറയേണ്ടെന്ന് തീരുമാനം: ആർക്കും കൊട്ടാവുന്ന ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് പാർട്ടിക്കുള്ളിൽ തന്നെ ചോദ്യം

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ എന്തുവേണമെങ്കിലും പറഞ്ഞോട്ടെ നമ്മൾ തിരിച്ചൊന്നും പറയേണ്ട എന്ന തീരുമാനത്തിലേക്ക് സിപിഐ എത്തിയതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നുവന്നിരുന്ന വാക് പോരാട്ടത്തിന് താൽക്കാലിക വെടി നിർത്തലായി.
എന്നാൽ എന്ത് കേട്ടാലും പറഞ്ഞാലും ഒന്നും തിരിച്ചു പറയേണ്ടതില്ല എന്ന നിലപാടിനോട് സിപിഐക്കുള്ളിൽ ചിലർക്ക് കടുത്ത വിയോജിപ്പുണ്ട് .അങ്ങനെ ആർക്കും കൊട്ടാവുന്ന ഒരു ചെണ്ടയായി സിപിഐ മാറുകയാണോ എന്ന് ചോദ്യമാണ് അവരുന്നയിക്കുന്നത്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തരം കിട്ടുമ്പോൾ എല്ലാം സിപിഐ ക്കെതിരെ വായിൽ തോന്നിയതെല്ലാം വിളിച്ചുപറയുന്നുണ്ടെന്നും ഇടതുമുന്നണിയിൽ സിപിഎമ്മിലെ ചില നേതാക്കളും വെള്ളാപ്പള്ളിയുടെ അതേ വഴിയിലാണ് പോകുന്നതെന്നും ഇതിനോടൊന്നും തിരിച്ചു പ്രതികരിക്കേണ്ട എന്നത് കഷ്ടമാണെന്നും സിപിഐയിലെ ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്.
എന്നാൽ സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം ഒന്നും മിണ്ടണ്ട എന്നതായത് കൊണ്ട് തീരുമാനത്തിൽ എതിർപ്പുള്ളവരും മൗനം പാലിക്കുകയാണ്.
വെള്ളാപ്പള്ളിയുടെ പരാമർശങ്ങളിൽ മറുപടി നൽകേണ്ടതില്ലെന്നാണ് സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം. വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളിൽ സിപിഐ നേതാക്കളുടെ ഭാഗത്തുനിന്നും പരസ്യ പ്രതികരണങ്ങൾ ഇനി ഉണ്ടാകില്ല. വെള്ളാപ്പള്ളിയെ അവഗണിച്ച് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
പരസ്യമായി മുന്നണിക്ക് അകത്തും പുറത്തും ഇതേക്കുറിച്ച് സിപിഐ മുൻപല്ലാം പലതവണ പറഞ്ഞെങ്കിലും സിപിഐക്ക് അനുകൂലമാകുന്ന തരത്തിൽ കാര്യമായ നടപടികളൊന്നും എവിടെ നിന്നുമുണ്ടായില്ല. സിപിഎമ്മും സിപിഐഎം തമ്മിൽ സഹോദര ബന്ധമാണ് എന്ന് ചില സിപിഎം നേതാക്കളുടെ ആശ്വസിപ്പിക്കൽ മാത്രമാണുണ്ടായത്.
ഇനി പരാതി പറഞ്ഞിട്ടും പരിഭവം പറഞ്ഞിട്ടും വിമർശനം ഉന്നയിച്ചിട്ടും എതിർത്തിട്ടും കാര്യമില്ല എന്നതുകൊണ്ടുതന്നെയാണ് വെള്ളാപ്പള്ളിക്ക് മറുപടിയൊന്നും കൊടുക്കാതെ മൗനം ആചരിക്കാം എന്ന് സിപിഐ തീരുമാനിച്ചിരിക്കുന്നത്.
സിപിഐയെ ചതിയൻ ചന്തുവെന്ന് വിളിക്കുകയും പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടിക്കുവേണ്ടി തന്റെ കയ്യിൽ നിന്നും പണം വാങ്ങിയെന്നുമടക്കം നിരവധി വിമർശനങ്ങൾ വെള്ളാപ്പള്ളി ഉന്നയിച്ചിരുന്നു. എന്നാൽ ചതിയൻ ചന്തുവെന്ന പ്രയോഗം കൂടുതൽ ചേരുന്നത് വെള്ളാപ്പള്ളിയുടെ തലയ്ക്കാണെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. പാർട്ടിക്ക് സംഭാവനയായി വെള്ളാപ്പള്ളി നടേശൻ പണം തന്നിട്ടുണ്ടെന്നും അനധികൃതമായി പണം കൈപ്പറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞിരുന്നു.

ഇടതിന്റെ നട്ടെല്ല് ഈഴവ പിന്നാക്ക വിഭാഗങ്ങളാണെന്നും സിപിഐയുടെ നവ നേതാക്കൾക്ക് ഇപ്പോൾ ആ ബോധ്യമില്ലെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. എന്നാൽ എൽഡിഎഫിനോ പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ തങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ലെന്നായിരുന്നു ബിനോയ് വിശ്വം പ്രതികരിച്ചത്. വെള്ളാപ്പള്ളി നടേശനെ ചുമക്കുന്നത് ഇടതുമുന്നണിക്ക് ബാധ്യതയാകുമെന്ന വിമർശനം സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് വെള്ളാപ്പള്ളിയെ അവഗണിക്കാനുള്ള സിപിഐയുടെ തീരുമാനം.
വെള്ളാപ്പള്ളിക്കെതിരെ ഇനിയും വിമർശനമുന്നയിക്കാനോ കൊമ്പു കോർക്കാനോ നിൽക്കേണ്ട എന്ന് സിപിഐക്ക് സിപിഎമ്മിൽ നിന്ന് നിർദ്ദേശം കിട്ടിയതായും അഭ്യൂഹമുണ്ട്. വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയെ പിണക്കാൻ ആകില്ല എന്ന നിലപാടിലാണ് സിപിഎം.
അതിനിടെ സിപിഐ തുടർച്ചയായി വെള്ളാപ്പള്ളിയെ വിമർശിക്കുകയും എതിർക്കുകയും ചെയ്യുന്നത് ഗുണകരമാകില്ല എന്ന് സിപിഎമ്മിന് തോന്നിയതുകൊണ്ടാണ് സിപിഐയോട് ഇത്തരമൊരു നിർദ്ദേശം സിപിഎം മുന്നോട്ടുവച്ചത് എന്നാണ് പ്രചരിക്കുന്ന അഭ്യൂഹം.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾക്ക് ഒരു കാരണം വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ടാണെന്ന് സിപിഐ പരസ്യമായി പറഞ്ഞിരുന്നു. എന്നാൽ ഇനി
തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം ഇഴകീറി പരിശോധിക്കേണ്ടതില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാനുമാണ് സിപിഐ സെക്രട്ടറിയേറ്റിന്റെ തീരുമാനം.
സിപിഐ വെടി നിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ വെള്ളാപ്പള്ളിയും വാക്ക് പോരും വിമർശനവും അവസാനിപ്പിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.






