Breaking NewsIndiaLead NewsNEWSSocial MediaTRENDING

കോലിയെക്കാളും മെലിഞ്ഞു; ഇതെന്തു ഭാവിച്ചാ? നെറ്റ്‌സില്‍ പ്രാക്ടീസ് ചെയ്യുന്ന രോഹിത്തിന്റെ വീഡിയോ വൈറല്‍; ഫിറ്റായി ഹിറ്റ്മാന്‍ എന്ന് ആരാധകര്‍

ബംഗളുരു: 2027 ഏകദിന ലോകകപ്പ് ലക്ഷ്യമിട്ട് വമ്പന്‍ ട്രാന്‍സ്ഫര്‍മേഷനാണ് രോഹിത് ശര്‍മ വരുത്തിയിരിക്കുന്നത്.  ഫോമിലും ഫിറ്റ്നസിലും അത് പ്രകടവുമാണ്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം നടത്തുന്ന രോഹിത് ശര്‍മയുടെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കുകയാണ് സമൂഹമാധ്യമങ്ങളും ആരാധകരും. നെറ്റ്സില്‍ പരിശീലനം നടത്തുന്നതിന്‍റെ ചിത്രങ്ങള്‍ രോഹിത് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതും. ഞായറാഴ്ചയാണ് ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുക.

 

Signature-ad

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ ശരീരഭാരം കുറച്ചിരുന്നു. ഇപ്പോഴിതാ അതാവര്‍ത്തിച്ചിരിക്കുകയാണെന്ന് വിഡിയോ ദൃശ്യങ്ങള്‍ പറയുന്നു. കോലിയെക്കാളും മെലിഞ്ഞ് ഫിറ്റായി ഹിറ്റ്മാന്‍ എന്നാണ് ആരാധകര്‍ കമന്‍റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ നിരവധി നേട്ടങ്ങളും രോഹിത് സ്വന്തമാക്കിയിരുന്നു. ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ നേടിയ 76 റണ്‍സ് പ്രകടനവും നിര്‍ണായകമായി.

 

കരിയറില്‍ ആദ്യമായി ഐസിസിയുടെ ഏകദിന റാങ്കിങിലും താരം ഒന്നാമതെത്തി. ഇന്ത്യയ്ക്കായി ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ്  നേടിയ മൂന്നാമത്തെ താരവും രോഹിത്താണ്. ഇതിന് പുറമെ രാജ്യാന്തര ക്രിക്കറ്റില്‍ 20,000 റണ്‍സെന്ന നേട്ടവും തികച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിനത്തിലായിരുന്നു ഈ നേട്ടം.

 

ഏകദിനത്തില്‍ ഏറ്റവുമധികം സിക്സ് പറത്തിയ താരമെന്ന ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡും നവംബറില്‍ ഹിറ്റ്മാന്‍ മറികടന്നിരുന്നു. 279 ഏകദിനങ്ങളില്‍ നിന്നായി 355 സിക്സുകളാണ് രോഹിതിന്‍റെ നേട്ടം. 351 സിക്സുകളാണ് ഷഹീദ് അഫ്രീദിയുടെ പേരിലുള്ളത്. 2015 മുതലുള്ള റെക്കോര്‍ഡാണ് റാഞ്ചിയില്‍ തകര്‍ന്നത്. 14 ഇന്നിങ്സുകളില്‍ നിന്ന് 100ന് മുകളില്‍ സ്ട്രൈക്ക് റേറ്റോടെ 650 റണ്‍സാണ് 2025 ല്‍ രോഹിത് ശര്‍മയുടെ നേട്ടം. പുറത്താവാതെ നേടിയ 121 ഉള്‍പ്പടെ രണ്ട് സെഞ്ചറികളും നാല് അര്‍ധ സെഞ്ചറികളും ഇതില്‍ ഉള്‍പ്പെടും. കഴിഞ്ഞ മേയിലാണ് താരം ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: