എന്താണ് കോൺഗ്രസേ ശോഭിതമാകാത്തത് : പാർട്ടിക്കുള്ളിലെ പൊട്ടിത്തെറികൾക്ക് അവസാനം ഇല്ല : കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ശോഭിത നേതൃത്വത്തിനെതിരെ

കോഴിക്കോട് : ജയിച്ചാലും തോറ്റാലും കോൺഗ്രസിനുള്ളിൽ അടിയൊഴിഞ്ഞ നേരമില്ല എന്ന് പറയുന്നതാകും ശരി.
തൃശൂർ കോർപ്പറേഷനിൽ ജയിച്ച് ഭരണം പിടിച്ചെടുത്തിട്ടും പാർട്ടിക്കുള്ളിൽ മേയർ സ്ഥാനത്തെ ചൊല്ലി അടിയായിരുന്നു.
ഇപ്പോഴിതാ കോഴിക്കോടും സ്ഥിതി അതുപോലെതന്നെ. തൃശൂർ കോർപ്പറേഷനും പിന്നാലെ കോഴിക്കോട് കോർപ്പറേഷനിലും കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടായത് കോൺഗ്രസിനെ ഞെട്ടിച്ചിട്ടുണ്ട്.
പാർട്ടി നേതൃത്വത്തിനെതിരെ വിമർശനവുമായി കോഴിക്കോട് കോർപ്പറേഷനിലെ കോൺഗ്രസ് കൗൺസിലർ കെ സി ശോഭിതയാണ് രംഗത്തെത്തിയത്.
പാറോപ്പടി ഡിവിഷനിലെ തോൽവി അന്വേഷിക്കുന്ന പേരിൽ തന്നെയും കുടുംബത്തെയും വേട്ടയാടുന്നു എന്നും പി എം നിയാസിന്‍റെ തോൽവിക്ക് തന്‍റെ ഭർത്താവിനെ പഴിചാരാനാണ് ശ്രമമെന്നും ശോഭിത ആരോപിക്കുന്നു.
വനിത എന്ന നിലയിൽ ലഭിക്കേണ്ട പരിഗണനയോ അംഗീകാരമോ ചില നേതാക്കൾ നൽകുന്നില്ല എന്നും ശോഭിത തുറന്നടിച്ചിട്ടുണ്ട്.
പാർട്ടിയിൽ തന്നെ ഒറ്റപ്പെടുത്താനും ശ്രമം നടക്കുന്നു എന്നും ശോഭിത പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് കെ സി അബുവിന്‍റെ മകളും കഴിഞ്ഞ കൗൺസിലിലെ യുഡിഎഫ് കക്ഷി നേതാവുമാണ് ശോഭിത.
ശോഭിതയുടെ ആരോപണം കെപിസിസി ഗൗരവത്തിൽ എടുത്തിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാർട്ടിക്കുള്ളിൽ ഇത്തരം ചേരിതിരിവുകളും തൊഴുത്തിൽ കുത്തും പരസ്യ ആരോപണമുന്നയിക്കലും വേണ്ടെന്ന് കെപിസിസി നേതൃത്വം ജില്ലാ ഘടകങ്ങൾക്ക് കർഷക നിർദ്ദേശം നൽകിയിട്ടുണ്ട്






