സ്വര്‍ണക്കടത്തു മുതല്‍ ലൈഫ് മിഷനും കരുവന്നൂരുംവരെ; കൈവച്ചിടത്തെല്ലാം നിഗൂഢത; പണി തെറിച്ച ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാധാകൃഷ്ണന്‍ ഉപജാപങ്ങളുടെ രാജകുമാരന്‍? ‘എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു’ എന്ന മൊഴിക്കായി കിണഞ്ഞു ശ്രമിച്ചു; കാറ്റാടിപ്പാടത്തിന്റെ കഥ നിരത്തിയ മാധ്യമ പ്രവര്‍ത്തകനും കുടുങ്ങി; പുറത്താകല്‍ കാലത്തിന്റെ കാവ്യനീതി
ഒരുപറ്റം മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് ഇറക്കിയ വാര്‍ത്തകള്‍ എല്ലാം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ചീറ്റി. സ്വപ്‌ന സുരേഷിനെ എട്ടു തവണ ചോദ്യം ചെയ്തപ്പോഴും ശിവശങ്കരനു താനുമായി സൗഹൃദം മാത്രമാണെന്നായിരുന്നു മൊഴി. കേസുമായി ബന്ധമില്ലെന്നും മൊഴി നല്‍കി. ഏറ്റവുമൊടുവില്‍ ചിലര്‍ ഒരുക്കിയ തിരക്കഥയായിരുന്നു ശിവശങ്കരന്റെ അറസ്റ്റ് എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം.

തിരുവനന്തപുരം: സ്വപ്‌ന സുരേഷ് ഉള്‍പ്പെട്ട ഡിപ്ലോമാറ്റിക് ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തടക്കം അന്വേഷിച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പി. രാധാകൃഷ്ണനെ കേന്ദ്രസര്‍ക്കാര്‍ പുറത്താക്കിയതിലൂടെ വെളിവായത് മാധ്യമങ്ങളെ കൂട്ടുപിടിച്ച് നടത്തിയ കെട്ടുകഥകളുടെ നിജസ്ഥിതി. കേരളത്തെ ഇളക്കിമറിച്ച സ്വര്‍ണക്കടത്തു കേസിന്റെ തിരക്കഥ മുഴുവന്‍ രചിച്ചതു ഇയാളുടെ നേതൃത്വത്തിലായിരുന്നെന്നു വ്യക്തമായി. പിന്നീട് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും കോടതിയില്‍നിന്നു രൂക്ഷ വിമര്‍ശനം നേരിട്ടതും ഇഡിയും കസ്റ്റംസും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പുലബന്ധം പോലുമില്ലായിരുന്നു.
അതിലൊന്നായിരുന്നു വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസ്. ഇതില്‍നിന്നു ലഭിച്ച പണമാണ് ശിവശങ്കറിന്റെ ലോക്കറിലുണ്ടായിരുന്നതെന്ന് ഇഡി ഒരിടത്തു പറഞ്ഞപ്പോള്‍ മറ്റൊരിടത്ത് സ്വര്‍ണക്കടത്തിലൂടെ ലഭിച്ചതായിരുന്നു എന്നായിരുന്നു. ഏറ്റവുമൊടുവില്‍ കൈക്കൂലി കേസിലാണ് രാധാകൃഷ്ണനു പുറത്തേക്കു വഴിയൊരുങ്ങിയത്. നിര്‍ബന്ധിത വിരമിക്കല്‍ എന്ന നിര്‍ദേശമാണ് കേന്ദ്രം മുന്നോട്ടുവച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിന്റെ അടിസ്ഥാനത്തിലാണ് സെക്ഷന്‍ 56 ജെ പ്രകാരമുള്ള നടപടി എടുത്തിരിക്കുന്നത്.
എം. ശിവശങ്കരന്റെ അറസ്റ്റിനടക്കം നേതൃത്വം കൊടുത്തതും പി. രാധാകൃഷ്ണനാണ്. കേസിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ഒത്തുതീര്‍പ്പിനുള്ള ശ്രമങ്ങള്‍ നടന്നെന്നും ആരോപണം ഉയര്‍ന്നു. മറ്റുചില സുപ്രധാന കേസുകളിലും പി. രാധാകൃഷ്ണന്‍ അസാധാരണവും വഴിവിട്ടതുമായ ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന ആരോപണവും ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈയിലേക്ക് സ്ഥലംമാറ്റിയത്. പിന്നീട് വീണ്ടും അദ്ദേഹം കൊച്ചിയില്‍ ചാര്‍ജെടുക്കുകയായിരുന്നു. ഇതിനിടയിലാണ് കശുവണ്ടി വ്യവസായി ആയ അനീഷ് ബാബു ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണവുമായി മുന്നോട്ടുവന്നത്.
അനീഷ് ബാബു ഉന്നയിച്ച പേരുകളില്‍ പി. രാധാകൃഷ്ണനും ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ പേര് തിരുത്തപ്പെട്ടിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇഡിയില്‍ ആഭ്യന്തര അന്വേഷണം നടന്നുവരികയായിരുന്നു. പി. രാധാകൃഷ്ണെ ജമ്മു കശ്മീരിലെ ശ്രീനഗറിലേക്ക് സ്ഥലംമാറ്റിക്കൊണ്ടുള്ള നടപടി വന്ന് നാളുകള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അദ്ദേഹത്തെ പുറത്താക്കിക്കൊണ്ടുള്ള ഇഡി നടപടി വന്നിരിക്കുന്നത്.
കേരളത്തെ പിടിച്ചുലച്ച കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസിലും രാധാകൃഷ്ണനാണ് അന്വേഷണത്തിനു നേതൃത്വം നല്‍കിയത്. ഇഡിക്കു സുപ്രീം കോടതി നല്‍കിയ വിശാലമായ അധികാരത്തിന്റെ മറവിലാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വന്‍ അഴിമതിക്കു കളമൊരുക്കിയതെന്നാണു ചൂണ്ടിക്കാട്ടുന്നത്. ശിവശങ്കരന്റെ അറസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയനെയാണ് ഇയാള്‍ ലക്ഷ്യമിട്ടത്. ഇതിനുള്ള പതിനെട്ട് അടവും പയറ്റി.
ഒരുപറ്റം മാധ്യമപ്രവര്‍ത്തകരെ ഉപയോഗിച്ച് ഇറക്കിയ വാര്‍ത്തകള്‍ എല്ലാം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ചീറ്റി. സ്വപ്‌ന സുരേഷിനെ എട്ടു തവണ ചോദ്യം ചെയ്തപ്പോഴും ശിവശങ്കരനു താനുമായി സൗഹൃദം മാത്രമാണെന്നായിരുന്നു മൊഴി. കേസുമായി ബന്ധമില്ലെന്നും മൊഴി നല്‍കി. ഏറ്റവുമൊടുവില്‍ ചിലര്‍ ഒരുക്കിയ തിരക്കഥയായിരുന്നു ശിവശങ്കരന്റെ അറസ്റ്റ് എന്നാണ് ഇപ്പോള്‍ ഉയരുന്ന സംശയം. ‘എല്ലാം മുഖ്യമന്ത്രിക്ക് അറിയാമായിരുന്നു’ എന്ന ഒറ്റ മൊഴിയാണു ശിവശങ്കറില്‍നിന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, അദ്ദേഹം വഴങ്ങിയില്ല. മറ്റൊരു മാധ്യമപ്രവര്‍ത്തകനെ കൂട്ടുപിടിച്ച് ശിവശങ്കരന് ‘തമിഴ്‌നാട്ടില്‍ കാറ്റാടിപ്പാടം’ ഉണ്ട് എന്നത്. വന്‍ വിവാദമായിരുന്നു ഇതിന്റെ ഫലം. ഈ വാര്‍ത്ത എഴുതിയ ലേഖകനും സ്ഥാപനവും ഇന്ന് ശിവശങ്കര്‍ നല്‍കിയ മാന നഷ്ടക്കേസിന്റെ പിന്നാലെയാണ്. വിചാരണ സമയത്ത് ഇഡി തന്ന വാര്‍ത്തയാണ് എന്നാണു സ്ഥാപനവും ലേഖകനും പറഞ്ഞത്. മൂന്നു ദിവസംമുമ്പ് രാധാകൃഷ്ണനെ പിരിച്ചുവിട്ടിട്ടും ആരും വാര്‍ത്ത കൊടുത്തില്ല.
സ്വര്‍ണക്കേസ് അന്വേഷണ വേളയില്‍തന്നെയാണ് അഴിമതിക്കേസില്‍ വിജിലന്‍സ് രാധാകൃഷ്ണനെതിരേ കേസെടുത്തത്. ഇതില്‍നിന്നു രക്ഷപ്പെടാന്‍ രാധാകൃഷ്ണന്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിരുന്നു. സ്വര്‍ണക്കടത്തു കേസില്‍ സ്വപ്‌ന സുരേഷിനു സുരക്ഷയൊരുക്കിയ രണ്ടു വനിതാ പോലീസുകാരുടെ മൊഴിയും വന്‍ വിവാദമായിരുന്നു. ഈ സമയത്ത് സ്വപ്‌ന രാധാകൃഷ്ണനെതിരേ ആരോപണം ഉയര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇയാള്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ഇവരുടെ മൊഴി. സ്വപ്‌നയുടെ വോയ്‌സ് മെസേജും ഈ സമയത്തു പുറത്തുവന്നിരുന്നു. എന്നാല്‍, ഇതു പിന്നീടു നിര്‍ബന്ധിച്ചു തന്നെക്കൊണ്ടു ചെയ്യിച്ചതാണെന്നു പറഞ്ഞിരുന്നു.
ഇതിനുശേഷമാണ് ഇഡിക്കെതിരായ അഴിമതി ആരോപണങ്ങളും പുറത്തുവന്നത്. ഇഡി ഉദ്യോഗസ്ഥര്‍ക്കാണെന്ന് പറഞ്ഞ് മൂന്നുകോടി രൂപവരെ പ്രതികള്‍ വാങ്ങിയെന്ന വിവരം വിജിലന്‍സിന് ലഭിച്ചു. ഫോണിലൂടെ അടക്കം ലഭിച്ച പരാതികളില്‍നിന്നാണ് ഇക്കാര്യം അന്വേഷകസംഘത്തിന് കണ്ടെത്താനായത്. രണ്ടാംപ്രതി വില്‍സണ്‍ വര്‍ഗീസ്, താന്‍ ഇടപെട്ട് ഒരു കേസ് ഒതുക്കിയ കാര്യം പരാതിക്കാരനായ അനീഷ് ബാബുവിനോട് ഫോണ്‍ സംഭാഷണത്തില്‍ വെളിപ്പെടുത്തിയിരുന്നു.
ഈ ഫോണ്‍ സംഭാഷണം സഹിതമാണ് അനീഷ് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. ഈ നിര്‍ണായക തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇഡി ഒതുക്കിയ കേസുകളിലേക്ക് അന്വേഷണം ആരംഭിച്ചത്. രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും 30 ലക്ഷത്തിന് ഒതുക്കാമെന്ന് വില്‍സണ്‍ ഉറപ്പുനല്‍കുന്നതാണ് സംഭാഷണത്തിലുള്ളത്.
പണം നല്‍കിയാല്‍ പിന്നെ ഇഡിയില്‍നിന്ന് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. അല്ലാത്തപക്ഷം ഇഡി പൂട്ടും. പല കേസുകളിലും താന്‍ ഇഡിക്കുവേണ്ടി ഇടനിലക്കാരനായിട്ടുണ്ടെന്നും ആദായനികുതിവകുപ്പുമായി നല്ല ബന്ധമാണുള്ളതെന്നും വില്‍സണ്‍ പറയുന്നുണ്ട്. ഇഡി സമന്‍സ് അയച്ചതിനുപിന്നാലെയായിരുന്നു ഇരുവരും തമ്മിലുള്ള സംഭാഷണം. രണ്ടുമുതല്‍ നാലുവരെ പ്രതികളായ വില്‍സണ്‍ വര്‍ഗീസ്, മുരളി മുകേഷ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് രഞ്ജിത് വാര്യര്‍ എന്നിവരും വിജിലന്‍സിനു മുന്നില്‍ ഹാജരായിരുന്നു.






