‘റെജി ലുക്കോസ് സിപിഎം സമ്മേളന വേദിയില്‍ എത്തിയതിന്റെ കാരണം ഇതാണ്’; സിപിഎമ്മുകാരനായിരുന്നു എന്ന റെജി ലുക്കോസിന്റെ വാദത്തിന് മറുപടിയുമായി അഡ്വ. അനില്‍ കുമാര്‍; വേദിയില്‍ എത്തിയത് മാധ്യമ സെമിനാറിന്റെ ഭാഗമായി

കോട്ടയം: സിപിഎമ്മുകാരനായിരുന്നുവെന്ന റജി ലൂക്കോസിൻ്റെ അവകാശവാദം ശരിയല്ലെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ അനില്‍കുമാര്‍. എന്താണ് അതിന്‍റെ കാരണങ്ങളെന്ന് അക്കമിട്ട് നിരത്തി ഫെയ്സ്ബുക്ക് പോസ്റ്റുമായെത്തിയിരിക്കുകയാണ് അദ്ദേഹം. റെജി ലൂക്കോസ് സിപിഎം ജില്ലാ സമ്മേളന വേദിയിലെത്തിയതിന്‍റെ കാരണവും അദ്ദേഹം ഈ പോസ്റ്റിലൂടെ വ്യക്തമാക്കുന്നുണ്ട്.
കെ അനില്‍കുമാറിന്‍റെ വാദങ്ങള്‍
1. റജി ലൂക്കോസ് ഇപ്പോൾ സിപിഎമ്മിൻ്റെ ഒരു ഘടകത്തിലും അംഗമല്ല. 2023-24 കാലത്ത് ഏതെങ്കിലും സിപിഎം സമ്മേളനത്തിൻ്റെ ഭാഗമായി കണ്ടില്ല.
2. 2021 ൽ അദ്ദേഹം ഒരു മാധ്യമ സെമിനാറിൻ്റെ ഭാഗമായിട്ടാണ് ജില്ലാ സമ്മേളന വേദിയിലെത്തിയത്.
3. ഒരു പാർട്ടിയംഗം ലോക്സഭാ തെരഞ്ഞെടുപ്പിലോ തദ്ദേശ തെരഞ്ഞെടപ്പിലോ പങ്കെടുക്കാതെ വരുമോ?
4. റജി ലൂക്കോസിനെപ്പറ്റി ലഭിച്ച ചില പരാതികൾ പാർട്ടി കൈകാര്യം ചെയ്യാൻ ശ്രമിച്ചപ്പോൾ അതു പരിഹരിക്കാൻ പ്രദേശത്തെ പാർട്ടി നേതാക്കൾ അദ്ദേഹത്തെ സമീപിച്ചു. എന്തായിരുന്നു മറുപടി: പാർട്ടിക്കാരനല്ലാത്ത തനിക്ക് പരാതി തിർക്കാൻ ബാധ്യതയില്ല എന്ന മറുപടിയാണ് രണ്ടു പാർട്ടി നേതാക്കളോട് അദ്ദേഹം പറഞ്ഞത്
5 പരാതിയുടെ ഉള്ളടക്കം തൽക്കാലം പുറത്തു വിടാൻ താല്പര്യവുമില്ല. അതിന് പരാതിക്കാരൻ / പരാതിക്കാരി സമ്മതിക്കില്ല.
ചാനല്‍ ചര്‍ച്ചകളില്‍ സജീവമായ ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നതോടെ സോഷ്യല്‍ മീഡിയയിലാകെ ട്രോള്‍ പൂരമാണ്. റെജി ലൂക്കോസിന്‍റെ തന്നെ പഴയ പോസ്റ്റുകളും ബിജെപി നേതാക്കള്‍ക്കെതിരായ കമന്‍റുകളും കുത്തിപ്പൊക്കുന്ന തിരക്കിലാണ് ട്രോളന്മാര്‍. ഇതിലേറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് 2025 ഒക്ടോബര്‍ 27ന് റെജി ലൂക്കോസ് ഫെയ്സ്ബുക്കിലിട്ട ഒരു ഫോട്ടോയാണ്.
ഇവരില്‍ ആരാണ് തട്ടിപ്പില്‍ മുന്നിലെന്ന ക്യാപ്ഷനോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്‍റെയും, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെയും ചിത്രങ്ങളാണ് റെജി ലൂക്കോസ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മുതലാളി ആണ് വലിയ തട്ടിപ്പുകാരൻ എന്ന് റെജി ലൂക്കോസിന് ബോധ്യപ്പെട്ടതിനെ തുടർന്ന് മുതലാളിക്ക് ശിഷ്യപ്പെടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പരിഹസിച്ച് ഇതിനെപ്പറ്റി ഫെയ്സ്ബുക്ക് പോസ്റ്റുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തി.






