തൊഴില്‍ കിട്ടാന്‍ പങ്കപ്പാട്; പറ്റിയ ആളെക്കിട്ടന്‍ അതിലും പാട്! അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടി; കൊള്ളാവുന്നവര്‍ ഇല്ലെന്ന് കമ്പനികളും; ടാലന്റ് വിലയിരുത്തുന്നത് എഐ; ലിങ്ക്ഡ് ഇന്‍ സര്‍വേയില്‍ ആശങ്കയുമായി യുവാക്കള്‍

ന്യൂഡല്‍ഹി: 2026ലെ തൊഴില്‍ വിപണി ലക്ഷ്യമാക്കി വലിയ തോതില്‍ ജോലിമാറ്റത്തിന് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ് ഇന്ത്യന്‍ പ്രൊഫഷണലുകള്‍. എന്നാല്‍ ഈ തീരുമാനത്തോടൊപ്പം തന്നെ ഒരു വലിയ ആശങ്കയും അവരെ പിന്തുടരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലിങ്ക്ഡ്ഇന്‍ നടത്തിയ സര്‍വേ പ്രകാരം, ഇന്ത്യന്‍ പ്രൊഫഷണലുകളുടെ ഭൂരിഭാഗവും പുതിയ ജോലി തേടാന്‍ സ്വയം തയാറെടുപ്പ് നടത്തിയിട്ടില്ലെന്ന് കരുതുന്നു.
സര്‍വേയില്‍ പങ്കെടുത്തവരില്‍ 84 ശതമാനം പേരും ജോബ് സെര്‍ച്ചിന് തങ്ങള്‍ പൂര്‍ണമായി തയ്യാറായിട്ടില്ലെന്ന അഭിപ്രായമാണ് പങ്കുവെച്ചത്. തൊഴില്‍ രംഗത്തെ വേഗത്തിലുള്ള മാറ്റങ്ങള്‍, ആവശ്യമായ പുതിയ വൈദഗ്ധ്യത്തിന്റെ പോരായ്മ, റിക്രൂട്ട്‌മെന്റില്‍ എഐയുടെ വ്യാപകമായ ഉപയോഗം എന്നിവയാണ് ഈ ആശങ്കക്ക് പ്രധാന കാരണം.
തൊഴില്‍ വിപണിയില്‍ മത്സരം മുന്‍പെന്നത്തേക്കാള്‍ കഠിനമായിട്ടുണ്ട്. 2022ന്റെ തുടക്കവുമായി താരതമ്യം ചെയ്യുമ്പോള്‍ ഓരോ ജോലിയൊഴിവിലേക്കും അപേക്ഷിക്കുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഇത് തൊഴില്‍ തേടുന്നവരുടെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നു. തൊഴില്‍ ദാതാക്കളും സമാനമായ പ്രശ്നത്തില്‍. ഇന്ത്യയിലെ 74 ശതമാനം തൊഴില്‍ദാതാക്കളും യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ബുദ്ധിമുട്ടായതായി വ്യക്തമാക്കുന്നു. ജോലി അവസരങ്ങളും ആവശ്യമായ കഴിവുകളും തമ്മിലുള്ള ഈ പൊരുത്തക്കേട് വിപണിയിലെ പ്രധാന വെല്ലുവിളിയായി തുടരുകയാണ്.
റിപ്പോര്‍ട്ട് പ്രകാരം, എഐ ഇപ്പോള്‍ കരിയര്‍ സൃഷ്ടിക്കുന്നതിലും ടാലന്റ് വിലയിരുത്തുന്നതിലും അടിസ്ഥാന ഘടകമായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ മാറ്റങ്ങളോട് ഒത്തുചേരാന്‍ ആവശ്യമായ വ്യക്തതയും മാര്‍ഗനിര്‍ദേശവും പല പ്രൊഫഷണലുകള്‍ക്കും ഇപ്പോഴും ലഭിക്കുന്നില്ല. എഐ അധിഷ്ഠിത ടൂളുകള്‍ ഉപയോഗിച്ച് യോഗ്യമായ ജോലികള്‍ കണ്ടെത്താനും, പുതിയ സ്‌കില്‍സുകള്‍ വികസിപ്പിക്കാനും സാധിക്കുമെന്നാണ് ലിങ്ക്ഡ്ഇന്‍ വിലയിരുത്തല്‍.
2026ല്‍ ഏറ്റവും വേഗത്തില്‍ വളരാന്‍ സാധ്യതയുള്ള ജോലികളില്‍ പ്രോംപ്റ്റ് എന്‍ജിനീയര്‍, എഐ എന്‍ജിനീയര്‍, സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇത് ടെക്‌നോളജിയും എഐയും ഭാവിയിലെ തൊഴില്‍ രംഗത്ത് എത്രമാത്രം നിര്‍ണായകമാണെന്ന് വ്യക്തമാക്കുന്നു. ആഗ്രഹം മാത്രം മതിയാകില്ല; മാറുന്ന തൊഴില്‍ വിപണിയില്‍ തയ്യാറെടുപ്പും സ്‌കില്‍ അപ്‌ഗ്രേഡേഷനും അനിവാര്യമാണെന്നതാണ് റിപ്പോര്‍ട്ടിന്റെ മുഖ്യ സന്ദേശം.
എന്നാല്‍, തൊഴില്‍ രംഗത്ത് വലിയ വളര്‍ച്ചയുണ്ടാകുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ കണക്കുകള്‍ പറയുന്നു. 2025ല്‍ 9.75 ശതമാനമാണ് പ്രതീക്ഷയെങ്കില്‍ 2026ല്‍ ഇത് 11 ശതമാനമായി വര്‍ധിക്കും. 20 ശതമാനം നിയമനങ്ങള്‍ വര്‍ധിക്കുന്ന ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷുറന്‍സ് (ബി.എഫ്.എസ്.ഐ) മേഖലയാണ് ഇക്കൂട്ടത്തില്‍ മുന്നിലെത്തുന്നത്. തൊട്ടുപിന്നില്‍ ഓട്ടോമോട്ടീവ്, ഇന്‍ഫ്രാസ്ട്രക്ചര്‍, എഫ്.എം.സി.ജി, ഐ.ടി, നിര്‍മാണം, ഫാര്‍മസ്യൂട്ടിക്കല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മേഖലകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴിലിടങ്ങളിലെ തസ്തികകളില്‍ വരുന്ന മാറ്റമാണ് 2026ലെ പ്രധാന ട്രെന്‍ഡ്. പത്തില്‍ നാല് നിയമനങ്ങളും പുതുതായി രൂപീകരിക്കപ്പെട്ട തസ്തികകളിലേക്കായിരിക്കും. 2025ല്‍ ഇത് 10ല്‍ രണ്ടായിരുന്നു. ബിസിനസിലെ വളര്‍ച്ചയും ആത്മവിശ്വാസവുമാണ് ഇത് കാണിക്കുന്നതെന്നാണ് വിലയിരുത്തല്‍. ആകെ നിയമനങ്ങളില്‍ 60 ശതമാനവും നിലവിലുള്ള തസ്തികകളിലേക്കുള്ള പുനര്‍നിയമനങ്ങളായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ടെക്നോളജി രംഗത്തെ പ്രാഗത്ഭ്യം തന്നെയാണ് തൊഴില്‍ ലഭ്യതയുടെ പ്രധാന മാനദണ്ഡം. നിലവില്‍ രാജ്യത്തെ എ.ഐ മേഖലയില്‍ പണിയെടുക്കുന്നവരുടെ എണ്ണം 23.5 ലക്ഷമായി വര്‍ധിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 55 ശതമാനമെന്ന നിലയിലാണ് വളര്‍ച്ച. ജെനറേറ്റീവ് എ.ഐ, ക്ലൗഡ് കംപ്യൂട്ടിംഗ്, സെബര്‍ സെക്യുരിറ്റി തുടങ്ങിയ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ തൊഴിലുകളിലേക്കാണ് കൂടുതലായും ആളുകളെ ആവശ്യമായി വരുന്നത്. ഡിജിറ്റല്‍/ ഡാറ്റ സ്പെഷ്യലിസ്റ്റ്, എ.ഐ/ മെഷീന്‍ ലാംഗ്വേജ് എഞ്ചിനീയര്‍മാര്‍, സൊല്യൂഷ്യന്‍ ആര്‍ക്കിടെക്ചറുമാര്‍, സസ്‌റ്റൈനബിലിറ്റി സ്പെഷ്യലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് നിയമനം വര്‍ധിക്കും.
കമ്പനികളുടെ നിയമനങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉപയോഗം കാര്യമായി വര്‍ധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു. ബയോഡാറ്റ പരിശോധിക്കുന്നതിനായി 60 ശതമാനം കമ്പനികളും ഇപ്പോള്‍ എ.ഐ സേവനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്റര്‍വ്യൂ പ്രക്രിയ ഓട്ടോമേറ്റ് ചെയ്യുന്നതിനായി 45 ശതമാനം കമ്പനികള്‍ എ.ഐ സേവനം തേടാറുണ്ട്. ബന്ധപ്പെട്ട തൊഴില്‍ മേഖലയില്‍ പ്രവര്‍ത്തന പരിചയമുള്ള മിഡ്-സീനിയര്‍ ലെവലിലുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനായിരിക്കും മിക്ക കമ്പനികള്‍ക്കും താത്പര്യം. അതായത് 2026 പരിചയ സമ്പന്നരായ ഉദ്യോഗാര്‍ത്ഥികളുടെ വര്‍ഷമായിരിക്കും.
6 മുതല്‍ 15 വര്‍ഷത്തിന് മുകളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ ആയിരിക്കും ആകെ നിയമനങ്ങളുടെ 55 ശതമാനവും നേടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 39 ശതമാനമായിരുന്നു. ഇത് വായിക്കുമ്പോള്‍ പുതിയ ആളുകളെ കമ്പനികള്‍ക്ക് വേണ്ടെന്ന് ചിന്തിക്കരുത്. ആകെ നിയമനത്തിന്റെ 45 ശതമാനമെങ്കിലും തുടക്കക്കാരോ അഞ്ച് വര്‍ഷത്തില്‍ താഴെ പരിചയമുള്ളവരോ ആയിരിക്കും. 11 ശതമാനം തുടക്കക്കാര്‍ക്കും അടുത്ത വര്‍ഷം തൊഴില്‍ ലഭിക്കാനുള്ള സാധ്യതയുണ്ട്. എന്നാല്‍ നിങ്ങള്‍ ഒന്ന് മുതല്‍ 10 വര്‍ഷം വരെ പരിചയമുള്ളവരാണെങ്കില്‍ പുതിയ ജോലി ലഭിക്കാനുള്ള സാധ്യത 62 ശതമാനമായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ടിയര്‍ 1 നഗരങ്ങളിലായിരിക്കും അടുത്ത കൊല്ലവും ഏറ്റവും കൂടുതല്‍ നിയമനങ്ങള്‍ നടക്കുന്നത്. പ്രത്യേകിച്ച് ഐ.ടി, ബി.എഫ്.എസ്.ഐ മേഖലകളില്‍. ആകെ നിയമനത്തിന്റെ 53 ശതമാനവും നടക്കുന്നത് ഇത്തരം നഗരങ്ങളിലാകും. ബാക്കി 32 ശതമാനം നിയമനങ്ങള്‍ ടിയര്‍ 2 നഗരങ്ങളിലാകും. ടിയര്‍ 3 നഗരങ്ങളിലെ തൊഴില്‍ സാധ്യത വര്‍ധിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.






