ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണ് : സംഗമത്തിന്റെ കണക്ക് ബോധിപ്പിക്കാത്തതിൽ ഹൈക്കോടതിക്ക് കടുത്ത എതിർപ്പ് : ഒരു മാസത്തിനകം കണക്ക് ബോധിപ്പിച്ചില്ലെങ്കിൽ നടപടി എന്നും കോടതി

കൊച്ചി : ഭൂഗോളത്തിന്റെ സ്പന്ദനം മാത്രമല്ല ആഗോള അയ്യപ്പ സംഗമത്തിന്റെ സ്പന്ദനവും മാത്തമാറ്റിക്സ് ആണെന്ന് ബുദ്ധിയുള്ളവർക്കെല്ലാം മനസ്സിലാകും.
എന്തായാലും ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ ബോധിപ്പിക്കാത്തത് എന്ത് എന്ന് ഹൈക്കോടതി ചോദിച്ചപ്പോൾ ദേവസ്വം ബോർഡിന് അടുത്തിടെ ഇറങ്ങിയ ഒരു സിനിമയുടെ പേര് പോലെ എന്തൊക്കെയോ പറയേണ്ടി വന്നു.
ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ ചെല്ലും ചിലവും കണക്കും സമര്‍പ്പിക്കാത്തതിൽ ദേവസ്വം ബോർഡിനോട് കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. ആഗോള അയ്യപ്പ സംഗമം നടത്താൻ അനുമതി നൽകിയപ്പോൾ വരവ്, ചെലവ് കണക്കുകൾ ഉൾപ്പെടെ 45 ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് നിർദേശിച്ചിരുന്നു. എത്ര പേർ പങ്കെടുത്തു, താമസ സൗകര്യം, സംഭാവന അടക്കം എല്ലാ കണക്കുകളും സമർപ്പിക്കാനും നിർദേശിച്ചിരുന്നു…

എന്നാൽ കണക്കുകൾ ബോധിപ്പിക്കാതെ വീണ്ടും സമയം നീട്ടി ചോദിച്ചതാണ് ജസ്റ്റിസുമാരായ രാജാ വിജയരാകുവാനും, കെ.വി.ജയകുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ അതൃപ്തിക്ക് കാരണമായത്.
മനഃപൂർവം വീഴ്ച വരുത്തിയിട്ടില്ലെന്നും ബില്ലുകൾ ഓഡിറ്റ് ചെയ്തു കിട്ടുന്നതിലെ കാലതാമസം മൂലമാണ് വൈകുന്നതെന്നുമാണ് ദേവസ്വം ബോർഡ് കോടതിയെ ധരിപ്പിച്ചത്.
ബോർഡ് പറയുന്ന വിശദീകരണത്തിൽ തൃപ്തരല്ലെങ്കിലും ഒരു മാസം കൂടി ആവശ്യപ്പെട്ടത് അംഗീകരിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഇനി ഒരു സാഹചര്യത്തിലും സമയം നീട്ടി നൽകില്ലെന്നുംbഒരു മാസത്തിനുള്ളിൽ കണക്കുകൾ സമർപ്പിച്ചില്ലെങ്കില്‍ കോടതി ഉത്തരവ് ലംഘിച്ചതിന് നടപടികൾ സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ഏഴു കോടി രൂപ ചിലവിലാണ് ആഗോള അയ്യപ്പ സംഗമം നടത്തുന്നത് എന്നാണ് സർക്കാർ സംഗമത്തിന്റെ തലേദിവസം കൂടി പറഞ്ഞിരുന്നത്.
3500 പ്രതിനിധികൾ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാൽ പങ്കാളിത്തം വളരെ കുറവായിരുന്നു.
ശബരിമലയെ ഒരു ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുന്നതിനുള്ള വികസന പദ്ധതികൾ ചർച്ച ചെയ്യുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സംയുക്തമായി സംഘടിപ്പിച്ച ഒരു പരിപാടിയാണ് ആഗോള അയ്യപ്പ സംഗമം. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ഈ സംഗമം നടത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരെയും വിവിധ സംഘടനകളെയും ഒരുമിച്ച് കൊണ്ടുവന്ന് ശബരിമലയുടെ ഭാവിക്കായി ഒരു പൊതു നയം രൂപീകരിക്കാനും വികസന സാധ്യതകൾ ചർച്ച ചെയ്യാനുമാണ് ആഗോള അയ്യപ്പ സംഗമം ലക്ഷ്യമിട്ടത് .
ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കോടികൾ ചെലവഴിച്ചതിന്റെ തെളിവുകൾ പരിപാടി നടന്നതിനുശേഷം പുറത്തുവന്നിരുന്നു. സംഗമത്തിൽ പങ്കെടുത്ത പ്രതിനിധികൾ തങ്ങിയത് ആഡംബര റിസോർട്ടുകളിലാണെന്നും മുറിവാടക ഇനത്തിൽ ലക്ഷക്കണക്കിന് രൂപ ദേവസ്വം ബോർഡ് ചെലവഴിച്ചതായും പുറത്തുവന്ന രേഖകൾ വ്യക്തമാക്കിയിരുന്നു. സ്പോൺസർമാർ ആണ് സംഗമത്തിന് പണം നൽകിയതെന്ന വാദം ഇതോടെ പൊളിയുകയും ചെയ്തു .
ആഗോള അയ്യപ്പ സംഗമത്തിന് പണം ചെലവഴിച്ചത് ദേവസ്വത്തിന്റെ പക്കൽ നിന്നാണെന്ന് ബോർഡ് അംഗം എ അജികുമാർ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പ് ചെലവിനായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഫണ്ട് ഉപയോഗിച്ചുവെന്ന് അജികുമാർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു . ദേവസ്വം ഫണ്ട് എടുക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഉറപ്പു നൽകിയിരുന്ന സാഹചര്യത്തിൽ, ഈ വെളിപ്പെടുത്തൽ കോടതിയെ തെറ്റിദ്ധരിപ്പിച്ച വിഷയമാവുകയും കോടതി അലക്ഷ്യമായി കണക്കാക്കപ്പെടുകയും ചെയ്യാൻ ഇടയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.
ഹൈക്കോടതിയിൽ ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സർക്കാർ ബോധിപ്പിക്കുമ്പോഴാണ് ഇതെല്ലാം ഇനി ചർച്ചയാവുക.






