കുഞ്ചൻ നമ്പ്യാർ അവാർഡ് പ്രഭാവർമ്മയ്ക്ക്
തിരുവനന്തപുരം: കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ഏർപ്പെടുത്തിയ സമഗ്രസംഭാവനയ്ക്കുള്ള 2020 ലെ മഹാകവി കുഞ്ചൻ നമ്പ്യാർ അവാർഡ് പ്രമുഖ കവിയും മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മയ്ക്ക് സമ്മാനിക്കാൻ തീരുമാനിച്ചു. 25,001 രൂപയും(ഇരുപത്തി അയ്യായിരത്തി ഒന്ന്) രൂപയും ബി.ഡി.ദത്തൻ രൂപകല്പനചെയ്ത ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ് എന്ന് ജൂറി ചെയർമാൻ ഡോ. ഇന്ദ്രബാബു പറഞ്ഞു. പ്രൊഫസർ ഡോ. പി.സി.റോയി, ഡോ. സുരേഷ് നൂറനാട് എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങൾ. കാൽ നൂറ്റാണ്ടുമുമ്പ് പ്രവർത്തനം ആരംഭിച്ച സമിതിയുടെ സ്ഥാപക പ്രസിഡൻറ് അകാലത്തിൽ അന്തരിച്ച എ.ആർ. ഷാജിയുടെ സ്മരണയ്ക്കായി സമിതി ഏർപ്പെടുത്തിയ കുഞ്ചൻനമ്പ്യാർ കഥാഅവാർഡ് സുനിൽദത്ത് സുകുമാരൻ,ത്രിവിക്രമംഗലം രാജൻ എന്നിവർക്കു സമ്മാനിക്കും. കവിതാവിഭാഗത്തിൽ ലേഖ കാക്കനാട്ട്, ഡോ. സുനിൽ ജോസ് എന്നിവർക്കും ബാലസഹിത്യവിഭാഗത്തിൽ ഹാജറ കെ.എം, ബിജുനാരായണൻ, വാസു അരീക്കോട് എന്നിവർക്കും ബാലരചനാവിഭാഗത്തിൽ ആർച്ച എ.ജെ യ്ക്കുമാണ് പുരസ്കാരം. ഏപ്രിൽ ആദ്യവാരം കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് സമിതി സെക്രട്ടറി പഴുവടി രാമചന്ദ്രൻ പറഞ്ഞു. പ്രോഗ്രാം കൺവീനർ ഉണ്ണി അമ്മയമ്പലവും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.