LIFELife Style

മമ്മൂക്കയുടെയും കിങ് ഖാന്റെയും നായിക; വ്യാജവീഡിയോയുടെ പേരില്‍ അഭിനയം നിര്‍ത്തിയ താരം

മമ്മൂട്ടിയും പ്രിയദര്‍ശനും വളരെ കുറച്ച് സിനിമകളിലേ ഒരുമിച്ചിട്ടുള്ളൂ. അതിലൊന്നാണ് 1999-ല്‍ പുറത്തിറങ്ങിയ ‘മേഘം’. കെ.പി.എ.സി. ലളിത, ശ്രീനിവാസന്‍, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, ദിലീപ്, ക്യാപ്റ്റന്‍ രാജു എന്നിവര്‍ക്കൊപ്പം രണ്ടുനായികമാരാണ് ചിത്രത്തില്‍ അഭിനയിച്ചത്. ‘ചന്ദ്രലേഖ’യിലൂടെ മലയാളികള്‍ക്ക് സുപരിചിതമായ പൂജ ബത്രയും, പഞ്ചാബിയായ പ്രിയ ഗില്ലും.

ദാവണിയൊക്കെ അണിഞ്ഞ് തനിനാടന്‍ പെണ്‍കുട്ടിയായിട്ടാണ് പ്രിയ ‘മേഘ’ത്തില്‍ അഭിനയിച്ചത്. ബോളിവുഡില്‍നിന്നാണ് പ്രിയ മലയാളത്തിലെത്തിയത്. മീനാക്ഷി എന്ന കഥാപാത്രമായി മലയാളികളുടെ മനസ്സ് കീഴടക്കുകയും ചെയ്തു ആ നായിക.

Signature-ad

പഞ്ചാബിലാണ് പ്രിയ ജനിച്ചത്. മോഡലിങ്ങിലായിരുന്നു ആദ്യം താത്പര്യം. 1995-ല്‍ ഫെമിന മിസ് ഇന്ത്യ ഇന്റര്‍നാഷണല്‍ മത്സരത്തിലെ ടൈറ്റില്‍ വിന്നറായി. അതേവര്‍ഷം മിസ് ഇന്റര്‍നാഷണലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്തു.

അതുകഴിഞ്ഞാണ് സിനിമയിലേക്കുള്ള രംഗപ്രവേശം. അമിതാഭ് ബച്ചന്‍ നിര്‍മിച്ച ‘തേരെ മേരെ സപ്നെ’യിലെ രണ്ടുനായികമാരില്‍ ഒരാളായി. സിനിമ വിജയിച്ചില്ലെങ്കിലും, പ്രിയയെ തേടി തുടരെ അവസരങ്ങളെത്തി. ‘സിര്‍ഫ് തും’ എന്ന സിനിമയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

പഞ്ചാബി, തെലുഗു, തമിഴ്, ഭോജ്പുരി ഭാഷകളില്‍ പ്രിയ അഭിനയിച്ചു. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, നാഗാര്‍ജുന, അജിത്ത് തുടങ്ങിയ മുന്‍നിരതാരങ്ങളുടെ നായികയായി. ജോഷ്, റെഡ്, എല്‍ഒസി കാര്‍ഗില്‍ തുടങ്ങിയവയാണ് അവര്‍ അഭിനയിച്ച പ്രധാനസിനിമകള്‍. 2006-ല്‍ അവര്‍ സിനിമയില്‍നിന്ന് അപ്രത്യക്ഷയായി.

പെട്ടെന്ന് അവര്‍ അപ്രത്യക്ഷമായതിനുപിന്നില്‍ പല കാരണങ്ങളും അന്ന് പറഞ്ഞുകേട്ടിരുന്നു. അതിലൊന്ന് ഒരു വീഡിയോയുമായി ബന്ധപ്പെട്ടുള്ളതാണ്. വീടില്ലാത്ത, വിശന്നുവലഞ്ഞ പ്രിയ ഗുരുദ്വാരയിലെ അന്തേവാസികള്‍ക്കുള്ള ഭക്ഷണം കഴിക്കുന്നു എന്ന് സ്ഥാപിച്ചുകൊണ്ടുള്ള വീഡിയോ ആയിരുന്നുവത്. അതോടെ പത്രങ്ങളിലെല്ലാം വാര്‍ത്ത വന്നു. പിന്നീട് ഈ വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞുവെങ്കിലും, ഇത് പ്രിയയെ നന്നായി വേദനിപ്പിച്ചു. അങ്ങനെ അവര്‍ മീഡിയയില്‍നിന്നും സിനിമയില്‍നിന്നും അകലം പാലിക്കുകയായിരുന്നുവത്രേ. എന്നാല്‍, സിനിമകളില്‍ അവര്‍ക്ക് താത്പര്യമില്ലാത്ത ചില സീനുകളില്‍ അഭിനയിക്കേണ്ടിവന്നുവെന്നും അതുകൊണ്ടാണ് സിനിമ നിര്‍ത്തിയതെന്നുമാണ് മറ്റ് ചിലരുടെ വാദം.

ഏറെക്കാലമായി പ്രിയ ആരാധകര്‍ക്കു മുമ്പിലെത്തിയിട്ട്. നിലവില്‍ താരം ഡെന്‍മാര്‍ക്കിലാണ് താമസമെന്ന് പറയപ്പടുന്നു. പത്തുവര്‍ഷത്തെ അഭിനയജീവിതത്തില്‍ എണ്ണംപറഞ്ഞ സിനിമകളിലേ അഭിനയിച്ചുള്ളൂ. പക്ഷേ ഇന്നും സിനിമാപ്രേക്ഷകരുടെ മനസ്സില്‍ പ്രിയയുണ്ട്.

Back to top button
error: