രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; പോലീസ് നീക്കം അതീവ രഹസ്യം; ഇ-മെയില്‍ വഴി മൂന്നാമത്തെ പരാതി; അറസ്റ്റിനു പിന്നാലെ പാലക്കാട് വിട്ടു

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കെ.പി.എം. ഹോട്ടലില്‍ നിന്ന് അര്‍ധരാത്രി പന്ത്രണ്ടരയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതീവരഹസ്യമായെത്തിയ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പാലക്കാട് വിട്ടു.
മുറിയില്‍ നിന്ന് പുറത്തിറങ്ങാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നെ വഴങ്ങുകയായിരുന്നു. പത്തനംതിട്ട പൊലീസാണ് പാലക്കാടെത്തി രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഇമെയില്‍ വഴി ലഭിച്ച പുതിയ പരാതിയിലാണ് കസ്റ്റഡിയെന്നാണ് വിവരം.
രണ്ട് ദിവസം മുന്‍പ് ഇ മെയിലായി ലഭിച്ച പരാതിയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റെന്നാണ് വിവരം. റിസപ്ഷനിലെത്തിയ പൊലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ വാങ്ങിയ ശേഷമാണ് മുറിയിലെത്തിയത്. പുതിയ പരാതിയോടെ നിലവില്‍ രാഹുലിനെതിരെ മൂന്നു കേസുകള്‍ ആണുള്ളത്. ആദ്യ കേസില്‍ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാം കേസില്‍ വിചാരണക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.






