പാലക്കാട്: ചാണ്ടി ഉമ്മനുമായി ഭിന്നതയില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഏറ്റവും ബഹുമാനിക്കുന്ന സാറിന്റെ മകന്‍ എന്ന ബന്ധം മാത്രമല്ല ഏറ്റവും പ്രിയപ്പെട്ട സഹോദരതുല്യനായ ആളാണ് ചാണ്ടി ഉമ്മനെന്നും രാഹുല്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അദ്ദേഹത്തിന് പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തിനോടാണ് പറയേണ്ടതെന്നും രാഹുല്‍ പറഞ്ഞു.
‘പാര്‍ട്ടി നേതൃത്വത്തിനോടാണ് അദ്ദേഹം ആശങ്ക ഉന്നയിച്ചത്. അതിന് മറുപടി നല്‍കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. ഞാന്‍ നേതൃത്വത്തിലുള്ളയാളല്ല. ചാണ്ടി ഉമ്മന്റെ സാന്നിദ്ധ്യം വളരെ ഗുണകരമായി തന്നെ പാലക്കാട് ഉണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നു. ഭവനസന്ദര്‍ശനത്തിലും മറ്റ് പരിപാടികളിലും അദ്ദേഹം പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഗുണകരമായി തന്നെ സ്വാധീനം ചെലുത്തി. എല്ലാ തിരഞ്ഞെടുപ്പുകളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് വലിയ ഇഷ്ടമുള്ള നേതാക്കന്മാരുണ്ട്. അവര്‍ എല്ലാ ദിവസവും മണ്ഡലത്തില്‍ വരണമെന്നില്ല’- രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.
ചിലരെ മാറ്റിനിര്‍ത്തി മറ്റ് ചിലര്‍ മാത്രം മുന്നോട്ട് വരുന്ന സാഹചര്യമാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ ഉണ്ടാവുന്നതെന്നാണ് ചാണ്ടി ഉമ്മന്‍ പാര്‍ട്ടി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി പറഞ്ഞത്.