KeralaNEWS

മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ല; ലോറന്‍സിന്റെ മൃതദേഹം രണ്ടരമാസമായി മോര്‍ച്ചറിയില്‍

കൊച്ചി: അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് മക്കള്‍ തമ്മിലുള്ള തര്‍ക്കം ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സാധിച്ചില്ലെന്ന് മധ്യസ്ഥന്‍. കുടുംബവുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഒത്തുതീര്‍പ്പിലെത്താന്‍ സാധിച്ചില്ലെന്നുമുള്ള റിപ്പോര്‍ട്ട് മധ്യസ്ഥനായി പ്രവര്‍ത്തിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലന്‍ ഹൈക്കോടതിയില്‍ നല്‍കി. കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ബെഞ്ച് മാറ്റി.

ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീലിലാണ് കോടതി മധ്യസ്ഥനെ നിയോഗിക്കാന്‍ നിര്‍ദേശിച്ചത്. മരിച്ചയാളോട് അല്‍പ്പമെങ്കിലും ആദരവ് കാണിക്കണമെന്നും തര്‍ക്കങ്ങള്‍ കുടുംബത്തിനുള്ളില്‍ തന്നെ പരിഹരിക്കാന്‍ ശ്രമിക്കൂ എന്നും വ്യക്തമാക്കിയായിരുന്നു അന്നത്തെ കോടതി നടപടി. തുടര്‍ന്നാണ് കുടുംബം മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിശ്ചയിച്ചത്. മക്കള്‍ തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ തനിക്ക് സാധിച്ചില്ലെന്ന് മധ്യസ്ഥന്‍ അറിയിച്ചതോടെ തീരുമാനം വീണ്ടും കോടതിയുടെ പരിഗണനയിലായി. സെപ്റ്റംബര്‍ 21ന് അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവിന്റെ മൃതദേഹം ഇപ്പോഴും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Signature-ad

ലോറന്‍സിന്റെ മൃതദേഹം മതാചാര പ്രകാരം സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് മകള്‍ ആശ ലോറന്‍സ് നല്‍കിയ അപ്പീലിന് പുറമേ മറ്റൊരു മകള്‍ സുജാത ബോബനും കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി വിട്ടുനല്‍കാന്‍ നേരത്തേ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. തര്‍ക്കം പരിശോധിക്കാന്‍ രൂപീകരിച്ച മെഡിക്കല്‍ കോളജ് സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാല്‍ ശരിയായ രീതിയിലല്ല സമിതി തങ്ങളെ കേട്ടത് എന്നു കാട്ടി ആശ ലോറന്‍സ് ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: