സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപണം; മുന്‍ നഗരസഭാ അധ്യക്ഷയ്ക്കെതിരേ പരാതി; ലൈസന്‍സ് ഇല്ലെന്ന് ആരോപിച്ച് നിരന്തരം നോട്ടീസ് അയയ്ക്കുന്നു; പ്രമീള ശശിധരന് എതിരായ പരാതി രാജീവ് ചന്ദ്രശേഖരന്റെ പക്കല്‍; ഗൂഢാലോചനയെന്ന് ഒരു വിഭാഗം

പാലക്കാട്: തന്റെ സ്ഥാപനം പൂട്ടിക്കാന്‍ ശ്രമിക്കുന്നെന്ന് ആരോപിച്ചു പാലക്കാട് മുന്‍ നഗരസഭ അധ്യക്ഷ പ്രമീള ശശിധരനെതിരെ പാലക്കാട്ടെ വ്യാപാരി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനു പരാതി നല്കി. പ്രമീള തന്നോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നെന്നു കാട്ടിയാണു പരാതി. പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വാദം.
പാലക്കാട് നഗരത്തില്‍ കെ.എല്‍. ഇന്റര്‍നാഷണല്‍ ഡോര്‍സ് എന്ന സ്ഥാപനം നടത്തുന്ന അരവിന്ദകുമാറാണ് പ്രമീള ശശിധരനെതിരേ ഇമെയില്‍ വഴി പരാതി നല്‍കിയത്. ലൈസന്‍സ് ഇല്ലെന്നു ആരോപിച്ച് തന്റെ വ്യാപാരം പൂട്ടിക്കാന്‍ പ്രമീള ശ്രമിക്കുന്നുവെന്നും സ്ഥാപനത്തിന് അനുമതി ഇല്ലെന്ന് കാണിച്ചു നിരന്തരം നോട്ടീസ് അയക്കുന്നുവെന്നും പരാതിയിലുണ്ട്. മുമ്പ് താന്‍ കടമായി കൊടുത്ത പണം തിരിച്ചു ചോദിച്ചതിനാണ് ശത്രുത തീര്‍ക്കുന്നതെന്നും ബിജെപിക്കാരനായ തന്റെ പ്രശ്നത്തില്‍ ഇടപെടണമെന്നും രാജീവ് ചന്ദ്രശേഖറോട് പരാതിയിലൂടെ ആവശ്യപ്പെടുന്നുണ്ട്.
എന്നാല്‍ 2025ല്‍ നല്കിയ പരാതിയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് വീണ്ടും നല്‍കിയതെന്നുമാണ് പ്രമീളയുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി സാധ്യത പട്ടികയില്‍ പ്രമീളയുടെ പേരുമുണ്ടെന്നും അതില്ലാതാക്കാനുള്ള ശ്രമമാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വിശദീകരണം. പരാതി രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജില്ലാ നേതൃത്വമോ പ്രമീളാ ശശിധരനോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
ബിജെപിക്ക് സ്വാധീനമുള്ള മണ്ഡലമാണ് പാലക്കാട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പാലക്കാട് നിന്ന് ജനവിധി തേടിയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ സെലിബ്രിറ്റികളെയും പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നു എന്ന വിവരം വന്നിരുന്നു. ഉണ്ണി മുകുന്ദന് ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഇതിനകം കേട്ടത്. അതിനിടെയാണ് മുന്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന് താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെയാണു പരാതികള്‍ പുറത്തുവരുന്നതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു.
പാലക്കാട് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ആയി ഏറെ കാലം പ്രവര്‍ത്തിച്ച വ്യക്തിയാണ് പ്രമീള ശശിധരന്. ബിജെപിക്ക് പുറത്തുള്ള വോട്ടും ഇവര്‍ക്ക് കിട്ടുമെന്ന് അവകാശപ്പെടുന്നു ചില നേതാക്കള്‍. ബിജെപിയിലെ രണ്ട് ചേരിയില്‍ ഒരുചേരിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നേതാവ് കൂടിയാണ് പ്രമീള. അതുകൊണ്ടുതന്നെ നേതൃത്വം എന്തു തീരുമാനം എടുക്കും എന്നത് നിര്‍ണായകമാണ്.






