തന്ത്രി ഐസിയുവില്‍; വീട്ടില്‍ എസ്‌ഐടി പരിശോധന; സ്വര്‍ണപ്പണിക്കാരനെയും വീട്ടില്‍ എത്തിച്ചു; മരുമകളെ വിലക്കി, അകന്ന ബന്ധുക്കളെ പുറത്താക്കി; ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണ മോഷണ കേസിലും അറസ്റ്റ് ചെയ്യും

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ തിരുവനന്തപുരം മെഡി.കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് തന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കണ്ഠര് രാജീവരുടെ ചെങ്ങന്നൂരിലെ വീട്ടില്‍ എസ്ഐടിയുടെ പരിശോധന തുടരുകയാണ്. സ്വര്‍ണപ്പണിക്കാരനെയും വീട്ടിെലത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ എട്ടംഗസംഘമാണ് പരിശോധന നടത്തുന്നത്. ഫൊട്ടോഗ്രഫറും ഫൊറന്‍സിക് വിദഗ്ധനും സംഘത്തിലുണ്ട്. തന്ത്രിയുടെ മരുമകളെ വീട്ടിലേക്ക് കടത്തിവിട്ടില്ല. വീട്ടിലുണ്ടായിരുന്ന അകന്ന ബന്ധുക്കളെ പുറത്താക്കി.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനെന്ന് തന്ത്രി കണ്ഠര് രാജീവരുടെ അഭിഭാഷകന്‍ ആരോപിച്ചു. ആചാരലംഘനം അടക്കം കുറ്റങ്ങള്‍ നിലനില്‍ക്കില്ല എന്ന് അദ്ദേഹം പറയുന്നു. കുടുക്കിയതെന്ന് കഴിഞ്ഞ ദിവസം തന്ത്രിയും പറഞ്ഞിരുന്നു. ഉടന്‍ പരസ്യ പ്രതികരണത്തിന് ഇല്ലെങ്കിലും തന്ത്രിയെ കുടുക്കിയെന്നാണ് ഹൈന്ദവസംഘടനകളുടേയും നിലപാട്. പിണറായി വിജയന്‍റെ അപ്രീതിയും സിപിഎം നിലപാടും ഇതിന് തെളിവെന്നും പറയുന്നു.
തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റ് നിർഭാഗ്യകരമാണെന്നും അറസ്റ്റ് ചെയ്യാനുള്ള കാരണമില്ലെന്നും അഖില കേരള തന്ത്രിസമാജം ജോയന്റ് സെക്രട്ടറി സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് പ്രതികരിച്ചു. അനുജ്ഞ രേഖാമൂലം നൽകണമെന്ന് ചട്ടമില്ല. ദേവസ്വം ബോർഡ് ആവശ്യപ്പെട്ടാൽ മാത്രം അനുജ്ഞ നൽകിയാൽ മതി. ചിലതൊക്കെ മറയ്ക്കപ്പെടാൻ വേണ്ടി ഇപ്പോൾ എല്ലാം തന്ത്രിയിൽ ഒതുങ്ങിയതിൽ സംശയമുണ്ടെന്നും തന്ത്രി സമാജം ആരോപിച്ചു.
തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിന് പിന്നിൽ ഗൂഢാലോചനയെന്ന് അയ്യപ്പസേവാസംഘം അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡി.വിജയകുമാർ ആരോപിച്ചു. അറസ്റ്റിന്റെ യുക്തി മനസിലാകുന്നില്ല. തന്ത്രി ദേവസ്വം ബോർഡിന്റെ ജീവനക്കാരനല്ല. പിന്നെ ആചാരലംഘനത്തിന് എങ്ങനെ നിയമനടപടി എടുക്കുമെന്നും ഡി.വിജയകുമാർ ചോദിച്ചു.
ശബരിമല സ്വര്‍ണക്കൊള്ളയ്ക്ക് പിന്നില്‍ കോണ്‍ഗ്രസ്–സി.പി.എം കുറുവാ സംഘമെന്ന് ബി.െജ.പി കുറ്റപ്പെടുത്തി. ഇവരെ പിടികൂടണം എന്നാവശ്യപ്പെട്ട് മകരവിളക്ക് ദിവസം എന്‍.ഡി.എ ‘നാട്ടിലും വീട്ടിലും അയ്യപ്പജ്യോതി’ എന്ന പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ആചാരലംഘനത്തിന് ആദ്യം അറസ്റ്റ് ചെയ്യേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനെയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പരാജയം മറച്ചുവയ്ക്കാന്‍ എസ്.ഐ.ടിയെ ഉപയോഗിച്ച് കള്ളക്കളി നടക്കുന്നെന്നും സുരേന്ദ്രന്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണമോഷണ കേസിലും അറസ്റ്റ് ചെയ്യും
ശബരിമല തന്ത്രി കണ്ഠരര് രാജീവരെ ദ്വാരപാലക ശില്‍പ പാളികളിലെ സ്വര്‍ണമോഷണ കേസിലും അറസ്റ്റ് ചെയ്യും. കട്ടിളപ്പാളി കേസിലെ സമാന ഗൂഡാലോചനയും ഒത്താശയും ദ്വാരപാലക ശില്‍പ്പപാളി കേസിലും തന്ത്രി നടത്തിയെന്ന് എസ്.ഐടി. തന്ത്രിയെ കുരുക്കുന്നതില്‍ നിര്‍ണായകമായത് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റ് എ.പത്മകുമാറിന്‍റെ മൊഴി. തന്ത്രിയും പോറ്റിയും തമ്മില്‍ സാമ്പത്തിക ഇടപാടുകളെന്നും കണ്ടെത്തിയ എസ്.ഐ.ടി ജീവപര്യന്തം തടവ് ശിക്ഷ വരെ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ശബരിമലയിലെ ഏറ്റവും പ്രമുഖനായ തന്ത്രി തന്ത്രിക്കെതിരെ മൊഴികള്‍ കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്ത എസ്.ഐ.ടി കൂടുതല്‍ കുരുക്ക് മുറുക്കുകയാണ്. കട്ടിളപ്പാളിയിലെ സ്വര്‍ണക്കവര്‍ച്ചയിലാണ് നിലവിലെ അറസ്റ്റ്. 2019 മെയ് 18നാണ് കട്ടിളപ്പാളികള്‍ സന്നിധാനത്ത് നിന്ന് കൊണ്ടുപോയത്. അന്നും അവ തിരികെ സ്ഥാപിക്കുമ്പോളും തന്ത്രി സന്നിധാനത്തുണ്ടായിരുന്നു. ആചാരം ലംഘിച്ചുള്ള നടപടിയായിട്ടും തന്ത്രി എതിര്‍ത്തില്ല. അത്തരത്തില്‍ മൗനാനുവാദം കൊടുത്തത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായുള്ള ഗൂഡാലോചനയുടെ ഭാഗമായാണെന്നും എസ്.ഐടി പറയുന്നു. അതുകൊണ്ട് തന്നെ വിശ്വാസവഞ്ചന, വ്യാജരേഖാ നിര്‍മാണം, ഗൂഡാലോചന, അനധികൃത സ്വത്ത് സമ്പാദനം പോലുള്ള വകുപ്പുകള്‍ ചുമത്തിയപ്പോള്‍ അതില്‍ രണ്ട് വകുപ്പുകള്‍ക്ക് ജീവപര്യന്തം ശിക്ഷവരെ കിട്ടാവുന്ന കുറ്റങ്ങളാണ്. ഈ കേസില്‍ തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചയാണ്. അന്ന് തന്നെ ദ്വാരപാലക ശില്‍പപാളിക്കേസിലും അറസ്റ്റ് രേഖപ്പെടുത്താനാണ് എസ്.ഐ.ടി നീക്കം. അതോടെ തന്ത്രിയുടെ ജയില്‍ വാസം നീളേണ്ടിവന്നേക്കും.
ദൈവതുല്യന്‍ തന്ത്രിയെന്ന സൂചനയാണ് എസ്.ഐടിക്കുള്ള മൊഴിയില്‍ പത്മകുമാര്‍ നല്‍കിയത്. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ശബരിമലയില്‍ വളരാന്‍ സഹായിച്ചത് തന്ത്രിയുടെ സുഹൃത്തെന്ന മേല്‍വിലാസമാണെന്നും സ്പോണ്‍സര്‍ഷിപ്പ് ഇടപാടുകള്‍ രാജീവര്‍ അറിഞ്ഞിരുന്നൂവെന്നും പത്മകുമാര്‍ മൊഴി നല്‍കി. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തന്ത്രിയുമായുള്ള ബന്ധം സമ്മതിച്ചു. ഈ മൊഴികള്‍ തന്ത്രിയെ അറസ്റ്റിലാക്കുന്നതില്‍ നിര്‍ണായകമായി. അതിനിടെ പോറ്റിയെ ശബരിമലയില്‍ കയറ്റിയത് തന്ത്രിയെന്നും എസ്.ഐടി ഉറപ്പിച്ചു. 2002 മുതല്‍ അടുപ്പമുള്ള ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടെന്നും സ്ഥിരീകരിച്ചു. ഇതിന്‍റെ കൂടുതല്‍ പരിശോധനക്കായി രാജീവരുടെ മൊബൈല്‍ ഫോണടക്കം എസ്.ഐടി പിടിച്ചെടുത്തു.






