‘കൈയിട്ടു വാരിയില്ലെങ്കില്‍ കോണ്‍ഗ്രസിനു കൈ വിറയ്ക്കും; ഇന്നിനി കല്ലിടാന്‍ സാധ്യതയില്ലല്ലോ’; അടുത്തവര്‍ഷവും ജനുവരി 10 ഉണ്ടെന്നു പരിഹസിച്ചു റഹീം

വയനാട്: മുണ്ടകൈ ചൂരല്‍മല ദുരന്തത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീട് ഉടന്‍ വരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പടെ അഭിപ്രായപ്പെട്ടതിനെ ട്രോളി ഇടത് എംപി എഎ റഹിം. കോണ്‍ഗ്രസ് പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിന്റെ പണം കൈമാറിയെന്നും, ലീഗിന്റെ വീടിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയെന്നും യുഡിഎഫുമായി ബന്ധപ്പെട്ട 300 വീടുകള്‍ ഉടന്‍ വരുമെന്നുമായിരുന്നു സതീശന്റെ വാക്കുകള്‍. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടിന്റെ തുടര്‍നടപടി ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘രാത്രിയായ സ്ഥിതിക്ക് ഇന്നിനി കല്ലിടാന്‍ സാധ്യതയില്ലല്ലോ. അടുത്തവര്‍ഷവും ജനുവരി 10 ഉണ്ടല്ലോ എന്നുമാണ് റഹിമിന്റെ പരിഹാസം. പറഞ്ഞു പറ്റിക്കുന്നവര്‍, ആരെയും കൊള്ളയടിക്കാന്‍ മടിയില്ലാത്തവര്‍. കൈയിട്ട് വാരിയില്ലെങ്കില്‍ ‘കൈ വിറയ്ക്കും’കോണ്‍ഗ്രസിന്’ റഹിം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു; രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച കര്‍ണാടക സര്‍ക്കാരിന്റെ നൂറു വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച 100 വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. അപ്പോള്‍ തന്നെ 200 വീടുകള്‍ ആയി. ഇനി ഞങ്ങള്‍ പ്രഖ്യാപിച്ച വീടുകള്‍ 100 എണ്ണമാണ്. സ്ഥലത്തിന്റെ രജിസ്‌ട്രേഷന്‍ അടുത്തയാഴ്ച നടത്തും. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ 10 ദിവസത്തിനുള്ളില്‍ പ്ലാന്‍ അംഗീകരിച്ച് നിര്‍മ്മാണം തുടങ്ങും. അപ്പോള്‍ ആകെ 300 വീടുകളാകും. ആകെ 400 വീടുകള്‍ മതി. അതില്‍ 300 വീടുകള്‍ നിര്‍മ്മിക്കുന്നത് കോണ്‍ഗ്രസ് ആണ് എന്ന് മനസിലാക്കിയാല്‍ മതി’.






