ഹൈക്കോടതിയെ വെല്ലുവിളിച്ച് ആരിഫ് മുഹമ്മദ് ഖാൻ. എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിലേക്കും ഡിജിറ്റൽ സർവകലാശാലയിലേക്കും തന്നിഷ്ട പ്രകാരം വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ. സർക്കാർ പാനൽ വെട്ടിയാണ് സ്വന്തം നിലയ്ക്ക് ഗവർണർ ഈ നിയമനങ്ങൾ നടത്തിയത്. ഡോ. കെ ശിവപ്രസാദിനെ കെടിയുവിലും, സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചുമാണ് ഗവർണറുടെ അസാധാരണ നടപടി.
സാങ്കേതിക സർവ്വകലശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും വൈസ് ചാൻസിലറില്ലാതെയായി ഒരുമാസം തികയുന്ന ദിവസമാണ് ചാൻസലർ കൂടിയായ ഗവർണർ നിയമനങ്ങള്‍ നടത്തിയത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സർക്കാർ പട്ടികയിൽ നിന്നാകണമെന്നാണ് ഹൈക്കോടതി വിധി. ഇത് പരിഗണിക്കാതെയാണ് പട്ടികയില്‍ ഉള്‍പ്പെടാത്ത കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോ. കെ ശിവപ്രസാദിനെ ഗവർണർ നിയമിച്ചത്.
കെടിയു താൽക്കാലിക വിസിയായി സിസാ തോമസിനെ നിയമിച്ച സ്വന്തം നടപടിയില്‍ വ്യക്തത തേടി ചാന്‍സലര്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, ഹൈക്കോടതി വിധിയെ മാനിക്കാതെയാണ് കെടിയു വിസി നിയമനത്തിലെ ചാന്‍സലറുടെ നീക്കം. കെടിയുവിലെ താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽ നിന്ന് വേണമെന്നും അതാണ് സര്‍വകലാശാല ചട്ടം പറയുന്നതെന്നും നേരത്തെ ഡിവിഷൻ ബെഞ്ച് ഉത്തരവുണ്ട്. ഹൈക്കോടതി മുൻ ഉത്തരവ് സാധുവാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൊവ്വാഴ്ച ഗവർണറുടെ ആവശ്യം കോടതി നിരസിച്ചത്.
ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വിസിയും ഐഐഎമ്മിലെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലെ പ്രൊഫസർ ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരെയും, ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, ഡോ. എ മുജീബ് എന്നിവരെയുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയെ മറയാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോഴത്തെ നിയമനങ്ങൾ നടത്തുന്നത്.
ഡിജിറ്റൽ സർവകലാശാലയിലേക്ക് നിയമിച്ച സിസാ തോമസ് മുൻപ് നടപടി നേരിട്ട കെടിയു വിസിയാണ്. സാങ്കേതിക വിദ്യാഭ്യാസ ജോയിൻ്റ് ഡയറക്‌ടറായി വിരമിച്ച സിസയുടെ ആനുകൂല്യങ്ങൾ തടഞ്ഞതടക്കം നേരത്തെ വിവാദമായിരുന്നു.