CrimeNEWS

കുടുംബ പ്രശ്‌നങ്ങളില്‍പ്പെട്ട യുവതിയെ പീഡനത്തിന് ഇരയാക്കി; മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതി പിടിയില്‍

തൃശൂര്‍: ലൈംഗികപീഡനക്കേസില്‍ മാസങ്ങളായി പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിയുകായിരുന്ന പ്രതി പിടിയില്‍. അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരന്‍ സോണി (40) പോലീസിന്റെ പിടിയിലായത്. റൂറല്‍ ജില്ല പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മയുടെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ സി.ഐ അനീഷ് കരീമാണ് സോണിയെ അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളില്‍ പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയില്‍ പോലീസ് കേസ് എടുത്ത വിവരമറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതിയുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയാണ് പ്രതി മുങ്ങിയത്.

Signature-ad

ഇതിനാല്‍ ഇയാളെ കണ്ടുപിടിക്കാന്‍ പോലീസിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വന്നു. ഒളിവില്‍ പോയ പ്രതി കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. കുറച്ചു ദിവസം മുമ്പ് എറണാകുളത്ത് ഒരു നിര്‍മാണ കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്ക് കയറുകയും ചെയ്തു. പോലീസ് ഇയാളുടെ ബന്ധുക്കള്‍ അടക്കമുള്ളവരെ നിരീക്ഷിച്ച് രഹസ്യമായി നടത്തിവന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: