ചെന്നൈ: കൊക്കെയ്ന്‍ കൈവശം വച്ചതിന് മുന്‍ ഡിജിപിയുടെ മകനും നൈജീരിയക്കാരനുമടക്കം 3 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് മുന്‍ ഡിജിപി എ.രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍, നൈജീരിയന്‍ പൗരന്‍ ജോണ്‍ എസി, ചെന്നൈ സ്വദേശി എസ്.മഗല്ലന്‍ എന്നിവരെയാണ് നന്ദംപാക്കത്തു നിന്ന് സെന്റ് തോമസ് മൗണ്ട് പൊലീസ് പിടികൂടിയത്. ഇവരില്‍ നിന്ന് 3.8 ഗ്രാം കൊക്കെയ്‌നും 1.02 ലക്ഷം രൂപയും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ മെത്താംഫെറ്റമിന്‍ നിര്‍മിക്കുന്ന സംഘത്തെ പിടികൂടി ഏതാനും ദിവസങ്ങള്‍ക്കകമാണ് മുന്‍ പൊലീസ് മേധാവിയുടെ മകന്‍ അടക്കമുള്ളവരെ ലഹരി കൈവശം വച്ചതിന് അറസ്റ്റ് ചെയ്യുന്നത്. 2001ല്‍ സംസ്ഥാന പൊലീസ് മേധാവിയായിരിക്കേ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് രവീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.