Breaking NewsKeralaLead NewsNEWSNewsthen Special

തൃശൂരിലെ ബൈക്ക് പാര്‍ക്കിംഗ് ഏരിയയിലെ തീപിടിത്തം; അന്വേഷിക്കാന്‍ പ്രത്യേക സംഘം; സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിംഗിലും സുരക്ഷാ പരിശോധന; അടിയന്തര പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍

തൃശൂര്‍: വന്‍ തീപിടിത്തമുണ്ടായ തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ പരിശോധന നടത്തി ഡിജിപി റവാഡ ചന്ദ്രശേഖര്‍. അന്വേഷണത്തിന് വേണ്ടി പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചതായും അന്വേഷത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

‘സംസ്ഥാനത്തെ മുഴുവന്‍ പേ പാര്‍ക്കിങ്ങിലും സുരക്ഷ സംബന്ധിച്ച് പരിശോധിക്കാന്‍ വേണ്ടി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നുതന്നെ അത് പരിശോധിക്കും. സുരക്ഷ വര്‍ധിപ്പിക്കാനുള്ള കാര്യങ്ങള്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടാകും. റെയില്‍വേയും ആര്‍പിഎഫും പ്രാദേശിക പോലീസും ഒന്നിച്ച് സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യങ്ങളിലേക്ക് കടക്കും.’-ഡിജിപി പറഞ്ഞു.

Signature-ad

റെയില്‍വേ ലൈനില്‍ നിന്നുള്ള തീപ്പൊരിയാണ് തീപിടിത്തമുണ്ടാക്കിയതെന്നാണ് ദൃക്‌സാക്ഷി പറയുന്നത്. ഇത് വ്യക്തമായി പരിശോധിക്കും. സംസ്ഥാനത്തെ തിക്കും തിരക്കുമുള്ള എല്ലാ പേ പാര്‍ക്കിംഗ് പ്രദേശങ്ങളും പോലീസ് പരിശോധിക്കും. റെയില്‍വേ സ്റ്റേഷന്‍ മാത്രമല്ല തിരക്കുള്ള എല്ലാ പേ പാര്‍ക്കിങ്ങുകളും പരിശോധിക്കും’- റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു.

ഞായറാഴ്ച രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷന്റെ പിന്നിലെ ബൈക്ക് പാര്‍ക്കിംഗ് ഭാഗത്താണ് തീപിടിത്തം ഉണ്ടായത്. നിരവധി ബൈക്കുകള്‍ കത്തിനശിച്ചു. ഇന്നു രാവിലെ ആറോടെയായിരുന്നു സംഭവം. കറുത്ത കട്ടിപ്പുക മുകളിലേക്ക് ഉയര്‍ന്നത് കിലോമീറ്റര്‍ ദൂരെ വരെ കണ്ടിരുന്നു. തൃശൂരിനുപുറമേ ജില്ലയിലെ മറ്റു സ്ഥലങ്ങളില്‍നിന്നുമുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമം നടത്തിയത്.

റെയില്‍വേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്‌ഫോമിനോട് ചേര്‍ന്നുള്ള വലിയ മരത്തിനും തീ പിടിച്ചു. റെയില്‍വേ സ്റ്റേഷന്റ പിന്‍വശത്തെ വഴിയിലൂടെയുള്ള ഗതാഗതം ഫയര്‍ഫോഴ്‌സും പോലീസും നിരോധിച്ചിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് എത്തി പടരാതിരിക്കാനുള്ള തീവ്രശ്രമവും ഫയര്‍ഫോഴ്‌സ് നടത്തുന്നുണ്ട്. ഇതുവരെയും ട്രെയിന്‍ ഗതാഗതം തടസപ്പെട്ടിട്ടില്ല. ഈ ഭാഗത്തുണ്ടായിരുന്ന മറ്റു വാഹനങ്ങളെല്ലാം ഫയര്‍ഫോഴ്‌സ് നീക്കം ചെയ്തു.

ഇരുമ്പ് ഷീറ്റ് മേഞ്ഞ മേല്‍ക്കൂരയുള്ള ബൈക്ക് പാര്‍ക്കിംഗ് കേന്ദ്രമാണ് കത്തിനശിച്ചത്. ഇതിനു മുകളിലൂടെ വെള്ളം പമ്പ് ചെയ്യുന്നത് ദുഷ്‌കരമായിരുന്നു. തുടര്‍ന്ന് വശങ്ങളിലൂടെയും വെന്റിലേഷനിലൂടെയും വെള്ളം അകത്തേക്ക് പമ്പ് ചെയ്താണ് തീയണക്കാന്‍ ഫയര്‍ഫോഴ്‌സ് ശ്രമിച്ചത്. തീപിടുത്തത്തില്‍ തീ ഗോളങ്ങള്‍ മുകളിലേക്ക് ഉയര്‍ന്ന കാഴ്ചകളും ദൃശ്യമായിരുന്നു.

പൊട്ടിത്തെറിക്ക് സാധ്യതയുള്ളതിനാല്‍ കാലത്ത് ജാഗ്രതയിലാണ് പോലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തകരും തീ അണക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയത്. സമീപകാലത്ത് തൃശൂരിലുണ്ടായ ഏറ്റവും വലിയ തീപിടുത്തമാണിത്. സമീപത്തെയും സംഭവസ്ഥലത്തെയും വൈദ്യുതി ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് തീപിടുത്തം ഉണ്ടായതെങ്കിലും ട്രാക്കിലേക്ക് പടര്‍ന്നിട്ടില്ല. ഈ ഭാഗത്തെ വീടുകളിലെ ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്. രണ്ടാം ഗേറ്റിലെ ടിക്കറ്റ് കൗണ്ടറും പൂര്‍ണമായും കത്തിനശിച്ചു. നിര്‍ത്തിയിട്ടിരുന്ന എന്‍ജിനും കത്തി. എന്‍ജിന്‍ തീപിടുത്തം ഉണ്ടായ സ്ഥലത്തുനിന്നും മാറ്റി.

പാര്‍ക്കിംഗ് കേന്ദ്രത്തില്‍ ടിക്കറ്റ് നല്‍കാന്‍ ഉണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ ഓടി രക്ഷപ്പെട്ടു. അഞ്ചു യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി. അഞ്ഞൂറോളം ബൈക്കുകള്‍ ഷെഡിലുണ്ടായിരുന്നു. ഷെഡിലുണ്ടായിരുന്ന എല്ലാ ബൈക്കുകളും കത്തിയതായാണ് പ്രാഥമിക നിഗമനം.

ആറരയോടെയാണ് പുക ഉയര്‍ന്നത്. ആദ്യം രണ്ട് ബൈക്കുകളാണ് കത്തിയത്. പിന്നീട് തീ പടര്‍ന്നു പിടിക്കുകയായിരുന്നു. റെയില്‍വേ ലൈനിന്റെ മുകളില്‍നിന്ന് ബൈക്കിലേക്ക് തീ വീണതാണ് തീപിടുത്തത്തിന് കാരണമായതായി സംശയിക്കുന്നത്. ഷീറ്റിട്ട് മൂടിയിരുന്ന ബൈക്കിന്റെ മുകളിലേക്കാണ് തീ വീണതെന്ന് ബൈക്ക് പാര്‍ക്കിംഗ് ഏരിയയില്‍ ടിക്കറ്റ് നല്‍കിയിരുന്ന ജീവനക്കാരി മല്ലിക പറയുന്നു.

പെട്ടെന്ന് പുക ഉയര്‍ന്നു. ഞാന്‍ വെള്ളം ഒഴിച്ചെങ്കിലും തീ അണഞ്ഞില്ല. അതുവഴിപോയ യാത്രക്കാരെ സഹായത്തിനു വിളിച്ചു. അപ്പോഴേക്കും ബൈക്കിന്റെ ടാങ്ക് പൊട്ടി. തീ പടര്‍ന്നതോടെ ഞാന്‍ പുറത്തേക്ക് ഓടി. അഞ്ഞൂറോളം വണ്ടികള്‍ ഉണ്ടായിരുന്നു. ഞായറാഴ്ച ആയതിനാലാണ് വണ്ടികള്‍ കുറവ്. അല്ലെങ്കില്‍ ആയിരത്തോളം വണ്ടികള്‍ ഉണ്ടാകും’പാര്‍ക്കിംഗ് കേന്ദ്രത്തിലെ ജീവനക്കാരിയായ മല്ലിക മാധ്യമങ്ങളോട് പറഞ്ഞു.

സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്തശേഷം ടിക്കറ്റ് എടുക്കാന്‍ പോയതാണ്. അപ്പോഴാണ് തീ പിടിച്ചത്. ബൈക്ക് എടുക്കാന്‍ ചെന്നപ്പോഴേക്കും തീ ആളിപ്പടര്‍ന്നുവെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: