Breaking NewsKeralaLead NewsNEWSNewsthen Specialpolitics

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സതീശനുണ്ടാകുന്ന ഓരോരോ പൊല്ലാപ്പേ: നേരറിയാൻ സിബിഐ എത്തുന്നു:പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ്:ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി: കൈമാറിയത് ആറുമാസം മുൻപെന്നുംവിജിലൻസ് ശുപാർശയിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുത്തില്ലെന്നും സൂചന: ആറുമാസം മുഖ്യമന്ത്രി കാത്തിരുന്നതിൽ ദുരൂഹത

 

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി തന്നെ മത്സരിക്കാനിറങ്ങാം എന്നെല്ലാം സ്വപ്നം കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇങ്ങനെയൊരു കുരുക്കിൽ അകപ്പെടുന്നത്. സതീശനെതിരെ ആറുമാസം മുമ്പ് സമർപ്പിച്ച സിബിഐ അന്വേഷണത്തിനുള്ള ശുപാർശ മുഖ്യമന്ത്രി വെച്ചു വൈകിപ്പിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് എന്നാണ് സൂചന

Signature-ad

അല്ലെങ്കിൽ ആറുമാസം മുമ്പ് ലഭിച്ച വിജിലൻസിന്റെ റിപ്പോർട്ടിൽ സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ ഉണ്ടായിട്ടും ആ ഫയൽ തൊട്ടുനോക്കാൻ മുഖ്യമന്ത്രി തയ്യാറാവാതിരുന്നത് സമയമാവട്ടെ എന്ന് കരുതി കാത്തു വച്ചതാകാം എന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കുകൂട്ടങ്ങൾ വയനാട്ടിൽ കോൺഗ്രസ് തുടങ്ങിയ സമയത്ത് തന്നെ കൃത്യമായി സിബിഐ അന്വേഷണത്തിനുള്ള ശുപാർശയുടെ വിവരം പുറത്തു വന്നിരിക്കുന്നു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്ത് വിജിലന്‍സ് ആറുമാസം മുമ്പ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

സതീശന്‍ വിദേശ ഫണ്ട് പിരിച്ചതില്‍ ക്രമക്കേടെന്നാണ് വിജിലൻസിൻ്റെ കണ്ടെത്തല്‍. വിദേശ ഫണ്ട് പിരിവ് കേന്ദ്ര നിയമത്തിന്റെ ലംഘനമാണെന്നും വിജിലന്‍സ് പറയുന്നു. സ്വകാര്യ സന്ദര്‍ശനത്തിന് കേന്ദ്രത്തില്‍ നിന്ന് അനുമതി വാങ്ങിയാണ് സതീശന്‍ വിദേശത്തേയ്ക്ക് പോയത്. അത്തരത്തില്‍ വിദേശത്ത് പോയി ഫണ്ട് സ്വരൂപിക്കുകയും കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിക്കുകയും ചെയ്തു. ഇത് നിയമലംഘനമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും വിജിലന്‍സ് പറയുന്നു.

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ശുപാര്‍ശ വിജിലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത് യോഗേഷ് ഗുപ്ത വിജിലൻസ് ഡയറക്ടർ ആയിരിക്കുമ്പോഴാണ്.തെളിവുകൾ സഹിതമായിരുന്നു വിജിലൻസിന്റെ ശുപാർശ. എന്നാൽ വിജിലൻസ് ശുപാർശയിന്മേൽ മുഖ്യമന്ത്രി തീരുമാനമെടുക്കാതിരുന്നത് കാരണം ദുരൂഹമാണ്..

2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് ‘പുനര്‍ജനി, പറവൂരിന് പുതുജീവന്‍’. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.

പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്‌സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശൻ പണം അഭ്യർത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്‌സണ്‍ വിജിലൻസിന് പരാതി നൽകിയത്.

കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്തുനിന്ന് (പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്) പണം പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംഎല്‍എ എന്ന നിലയിലുള്ള ഔദ്യോഗിക പദവി സതീശന്‍ ദുരുപയോഗം ചെയ്‌തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ല്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ സതീശന്‍ യുകെയില്‍ വിവിധ വ്യക്തികളില്‍ നിന്ന് 19,95,880.44 രൂപ സമാഹരിച്ചതായി കണ്ടെത്തി. ഈ പണം മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായും വിജിലന്‍സ് കണ്ടെത്തി. വിദേശ പണമിടപാടുകള്‍ ഉള്‍പ്പെട്ടതിനാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കേസ് ഏറ്റെടുത്തിരുന്നു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: