KeralaNEWS

70,000 രൂപയുടെ പന്തല്‍ കെട്ടാന്‍ 25,000 രൂപ നോക്കുകൂലി; ചുമട്ടുതൊഴിലാളികള്‍ക്കെതിരെ നടപടിയെടുത്ത് മന്ത്രി

തിരുവനന്തപുരം: സിനിമാ ഷൂട്ടിങ്ങിനുള്ള പന്തല്‍പണിക്കായി സാധനങ്ങള്‍ ഇറക്കാന്‍ വന്‍ തുക നോക്കുകൂലിയായി ചോദിച്ച ചുമട്ടുതൊഴിലാളികള്‍ക്കെതിരെ നടപടി. 70,000 രൂപയുടെ പന്തല്‍ കെട്ടാന്‍ 25,000 രൂപയാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. പരാതി ഉയര്‍ന്നതോടെ മന്ത്രി വി ശിവന്‍കുട്ടി നേരിട്ടെത്തി തൊഴിലാളികള്‍ക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

നോക്കുകൂലി ചോദിച്ച ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം സസ്‌പെന്‍ഡ് ചെയ്തു. സ്റ്റാച്യു മേഖലയിലെ പത്ത് ചുമട്ടുതൊഴിലാളികളെയാണ് മന്ത്രി വി.ശിവന്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പുറത്താക്കിയത്. വെള്ളിയാഴ്ച രാവിലെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സിനിമാ ഷൂട്ടിങ്ങിനുള്ള സാധനങ്ങളെത്തിച്ചപ്പോഴാണ് ചുമട്ടുതൊഴിലാളികള്‍ നോക്കുകൂലി ചോദിച്ച് ജോലി തടഞ്ഞത്.

Signature-ad

70,000 രൂപയ്ക്കാണ് പന്തല്‍പണിക്കാരന്‍ കരാറെടുത്തിരുന്നത്. മൂവായിരം ചതുരശ്രയടി പന്തലിനുള്ള ഷീറ്റും ഇരുമ്പുകമ്പികളുമടങ്ങിയതായിരുന്നു സാമഗ്രികള്‍. പതിനായിരം രൂപ വരെ കൊടുക്കാന്‍ കരാറുകാരന്‍ തയ്യാറായെങ്കിലും ചുമട്ടുതൊഴിലാളികള്‍ വഴങ്ങിയില്ല. സാധനങ്ങളിറക്കുന്നതു തടസ്സപ്പെടുത്തിയതോടെയാണ് കരാറുകാരന്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതിപ്പെട്ടത്.

പിന്നീട് മന്ത്രി ശിവന്‍കുട്ടിയെ നേരിട്ടു വിളിച്ചും പരാതിയറിയിച്ചു. പൊലീസിന്റെ അന്വേഷണത്തില്‍ പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടതോടെയാണ് പത്ത് തൊഴിലാളികളെ മന്ത്രിയുടെ നിര്‍ദേശപ്രകാരം ചുമട്ടുതൊഴിലാളി നിയമത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഇവര്‍ ജോലിക്കുകയറരുതെന്നാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: