ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി റോഷി അഗസ്റ്റിന്. മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടുക്കി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കും. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മുല്ലപ്പെരിയാറില്‍ പുതിയ ഡാം വേണമെന്നതാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാണ്. ഇത് സംബന്ധിച്ച് തമിഴ്നാടും കേരളവും തമ്മില്‍ കേസ് നിലവിലുണ്ട്. പരമോന്നത നീതിപീഠത്തിന്റെ ശുഭകരമായ ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അതോടൊപ്പം തന്നെ ഇക്കാര്യം കോടതിക്ക് പുറത്ത് ചര്‍ച്ചചെയ്ത് പരിഹരിക്കാനാവുമോ എന്നതും പരിശോധിക്കും.
ഡാം മാനേജ്മെന്റ് സംവിധാനം കാര്യക്ഷമമായി നടപ്പാക്കണം. ഇതിനായി ഉദ്യോഗസ്ഥതല ഏകോപനം കൂടുതല്‍ ശക്തിപ്പെടുത്തും. സമൂഹ മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കും. അനാവശ്യ ഭീതിപരത്തുന്ന വ്ലോഗര്‍മാരെ നിയന്ത്രിക്കും. ആശങ്കപ്പെടണ്ട ഒരു കാര്യവും നിലവിലില്ലെന്നും മന്ത്രി പറഞ്ഞു.
സുരക്ഷാ മുന്‍കരുതല്‍ സംബന്ധിച്ച മുന്നൊരുക്ക പദ്ധതി തയ്യാറാക്കാനും ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നല്‍കാനും ജില്ലാ കളക്ടറെ യോഗം ചുമതലപ്പെടുത്തി. പഞ്ചായത്ത്തല ജാഗ്രത സമിതികള്‍ ഉടന്‍ വിളിച്ചു ചേര്‍ക്കും. വണ്ടിപ്പെരിയാറില്‍ വാഴൂര്‍ സോമന് എംഎല്‍എയുടെ അധ്യക്ഷതയിലാകും യോഗം ചേരുക. ഡാം സേഫ്റ്റി സമിതി യോഗങ്ങള്‍ കൃത്യസമയത്ത് ചേര്‍ന്ന് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു.
ഡീന്‍ കുര്യാക്കോസ് എംപി, എംഎല്‍എമാരായ വാഴൂര്‍ സോമന്, എ രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെടി ബിനു, ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി, എഡിഎം: ബി ജ്യോതി, മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.