KeralaNEWS

കണ്ടക്ടർ കയറിയില്ല; കെഎസ്ആർടിസി യാത്രക്കാര്‍ പാതിവഴിയിൽ കുടുങ്ങി 

കോട്ടയം: കണ്ടക്ടർ കയറും മുമ്ബേ കെ.എസ്.ആർ.ടി.സി ബസ് വിട്ടതോടെ നടുറോഡില്‍ കുടുങ്ങിയത് യാത്രക്കാർ.
കട്ടപ്പനയില്‍നിന്ന്‌ കോട്ടയത്തേക്ക് സർവീസ് നടത്തിയ കെഎസ്‌ആർടിസി ബസിലെ യാത്രക്കാരാണ് അരമണിക്കൂറോളം കണ്ടക്ടർക്കായി  കാത്തിരുന്നത്.

ഒടുവില്‍ സ്വകാര്യ ബസില്‍ കയറി കണ്ടക്ടർ എത്തിയ ശേഷമാണ് ബസ് സർവീസ് പുനരാരംഭിച്ചത്.

ഞായറാഴ്ച വൈകീട്ട് ആറുമണിക്കായിരുന്നു സംഭവം. കട്ടപ്പനയില്‍നിന്ന്‌ പുറപ്പെട്ട കെ.എസ്.ആർ.ടി.സി.ബസാണ് കണ്ടക്ടറെ കാണാതെവന്നതോടെ കൊടുങ്ങൂർ കവലയില്‍ പിടിച്ചിട്ടത്. പൊൻകുന്നത്ത് ഇറങ്ങിയ കണ്ടക്ടർ ബസില്‍ കയറിയെന്ന ധാരണയില്‍ ഡ്രൈവർ ബസോടിച്ച്‌ കോട്ടയത്തിന് പോകുന്ന വഴിയിലാണ് കണ്ടക്ടർ കയറിയില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് ബസ് കൊടുങ്ങൂർ ക്ഷേത്രത്തിനുസമീപം നിർത്തിയിടുകയായിരുന്നു.

അരമണിക്കൂറിനുശേഷം കണ്ടക്ടർ സ്വകാര്യ ബസില്‍ കൊടുങ്ങൂരിലെത്തി യാത്ര തുടർന്നു. ഇതിനോടകം ബസില്‍ ഉണ്ടായിരുന്ന പകുതിയിലധികം യാത്രക്കാർ മറ്റ് ബസുകളിൽ കയറിപോകുകയും ചെയ്തു.

Back to top button
error: