കട്ടപ്പന: കനത്ത മഴയില്‍ നിയന്തണം നഷ്ടപ്പെട്ട സ്വകാര്യ ബസ് റോഡില്‍നിന്ന് തെന്നി മാറിയെങ്കിലും മറിയാതെ ഇരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. എന്നാൽ റോഡരികില്‍ പാർക്ക് ചെയ്തിരുന്ന ബൈക്ക് ബസിനടിയില്‍ പെട്ട് തകർന്നു.
ഇന്നലെ വൈകുന്നേരം നാലരയോടെ കുമളി-കട്ടപ്പന റോഡില്‍ മൂന്നാം മൈലിന് സമീപമായിരുന്നു സംഭവം.
എറണാകുളത്തുനിന്ന് കട്ടപ്പന വഴി കുമളിയിലേക്ക് വന്ന ഇബിടി ബസാണ് തെന്നിമാറിയത്. മഴയില്‍ നിയന്ത്രണം നഷ്ടമായ ബസ് തെന്നിമാറിയെങ്കിലും താഴ്ചയിലേയ്ക്ക് പതിക്കാതിരുന്നതിനാല്‍ അപകടം ഒഴിവായി.
പീരുമേട്, വണ്ടിപ്പെരിയാർ, കുമളി, അണക്കര തുടങ്ങി ഹൈറേഞ്ചിന്‍റെ മിക്ക മേഖലകളിലും ഇന്നലെ അര മണിക്കൂറിലധികം ഇടിമിന്നലോടുകൂടിയ കനത്ത മഴ ലഭിച്ചു. ഇടിമിന്നലില്‍ തെങ്ങടക്കമുള്ള മരങ്ങള്‍ പലയിടത്തും കത്തിനശിച്ചു.