തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരി കേസ് അതീവ ഗുരുതരമെന്നും സര്‍ക്കാര്‍ സമഗ്ര മറുപടി നല്‍കണമെന്നും ഹൈക്കോടതി. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. കേസില്‍ ആരോപണവിധേയരായ എക്സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതി നോട്ടീസ് അയച്ചു. 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഷീല സണ്ണി ഹൈക്കോടതിയെ സമീപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍, എക്സൈസ് കമ്മിഷണര്‍, അഡീഷണല്‍ എക്സൈസ് കമ്മിഷണര്‍, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ എന്നിവരാണ് കേസിലെ ഒന്നു മുതല്‍ നാല് വരെയുള്ള എതിര്‍കക്ഷികള്‍. നാലു എതിര്‍കക്ഷികളും സമഗ്രമായ മറുപടി നല്‍കണമെന്നാണ് ജസ്റ്റിസ് ദേവന് രാമചന്ദ്രന് അധ്യക്ഷനായ ബഞ്ചിന്റെ നിര്‍ദ്ദേശം. ഈ മാസം ഏഴിനു കേസ് വീണ്ടും പരിഗണിക്കും.
ഷീല സണ്ണിയെ കുടുക്കി ജയിലിലടയ്ക്കാന്‍ എക്സൈസിനെ വഴിത്തെറ്റിച്ചയാള്‍ തൃപ്പുണിത്തുറ എരൂര്‍ സ്വദേശി നാരായണദാസ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഷീലയുടെ അടുത്ത ബന്ധുവായ യുവതിയുടെ സുഹൃത്താണ് നാരായണദാസ്. എക്സൈസില്‍ വിളിച്ച് ഷീലയുടെ സ്കൂട്ടറില്‍ എല്‍എസ്ഡി സ്റ്റാംപ് ഉണ്ടെന്ന് വിവരം നല്‍കിയത് ഇയാളാണ്. കെമിക്കല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ ലഹരി സ്റ്റാംപ് അല്ലെന്ന് തെളിഞ്ഞിരുന്നു. 72 ദിവസമാണ് ഷീല ജയിലില്‍ കഴിഞ്ഞത്. ഷീലയെ അറസ്റ്റ് ചെയ്ത എക്സൈസ് ഉദ്യോഗസ്ഥനെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.