IndiaNEWS

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ BJPക്ക് തിരിച്ചടി; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്ത് കര്‍ണാടക മുന്‍മന്ത്രി

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബി.ജെ.പി- ജെ.ഡി.എസ്. സഖ്യത്തിന് തിരിച്ചടി. മുന്‍ മന്ത്രി കൂടിയായ ബി.ജെ.പി. എം.പി. എസ്.ടി. സോമശേഖര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തു. മറ്റൊരു മുന്‍മന്ത്രിയായ ശിവരാം ഹെബ്ബാര്‍ ബി.ജെ.പി. വിപ്പ് ലംഘിച്ച് വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്നു. സോമശേഖര്‍ ക്രോസ് വോട്ടുചെയ്തതായി ബി.ജെ.പി. ചീഫ് വിപ്പ് ദൊഡ്ഡനഗൗഡ ജി. പാട്ടീല്‍ സ്ഥിരീകരിച്ചു.

ഹിമാചല്‍ പ്രദേശിലും ക്രോസ് വോട്ടുനടന്നതായി അഭ്യൂഹമുണ്ട്. രണ്ട് സ്വതന്ത്രരും ഏഴു കോണ്‍ഗ്രസ് എം.എല്‍.എമാരും വോട്ടുരേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ അവരുടെ പോളിങ് ഏജന്റുമാര്‍ക്ക് നേരെ പ്രദര്‍ശിപ്പിക്കാത്തതാണ് ക്രോസ് വോട്ട് അഭ്യൂഹമുയരാന്‍ കാരണം. 35 എം.എല്‍.എമാരുടെ പിന്തുണയാണ് വിജയിക്കാന്‍ ആവശ്യം. ബി.ജെ.പിക്ക് 25 എം.എല്‍.എമാരാണുള്ളത്. തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെങ്കില്‍ പത്ത് എം.എല്‍.എമാരുടെ വോട്ട് മറിക്കേണ്ടതുണ്ട്.

Signature-ad

ഉത്തര്‍പ്രദേശില്‍ നേരത്തെ സമാജ്വാദി പാര്‍ട്ടി ചീഫ് വിപ്പ് മനോജ് കുമാര്‍ പാണ്ഡെ സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പുറമേ മറ്റു നാല് എസ്.പി. എം.എല്‍.എമാര്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്തെന്ന് അഭ്യൂഹമുണ്ട്. എം.എല്‍.എമാരായ രാകേഷ് പ്രതാപ് സിങ്, അഭയ് സിങ്, വിനോദ് ചതുര്‍വേദി, രാകേഷ് പാണ്ഡെ എന്നിവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കണ്ടതോടെയാണ് ക്രോസ് വോട്ടിങ് അഭ്യൂഹമുയര്‍ന്നത്. രാകേഷ് പാണ്ഡെയുടെ മകന്‍ റിതേഷ് പാണ്ഡെ കഴിഞ്ഞ ദിവസം ബി.എസ്.പിയില്‍നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.

ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. നാലുമണിവരെയാണ് വോട്ടിങ്. അഞ്ചുമണിക്കുശേഷം വോട്ടെണ്ണും. 56 ഒഴിവുകളാണ് രാജ്യസഭയിലുള്ളത്. ഇതില്‍ വിവിധസംസ്ഥാനങ്ങളില്‍നിന്നായി 41 പേര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കളംമാറി വോട്ടിനുള്ള സാധ്യത മുന്നില്‍കണ്ട് എന്‍.ഡി.എ. സ്ഥാനാര്‍ഥികളെ ഇറക്കിയതോടെയാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്.

യു.പിയില്‍ ബി.ജെ.പിക്ക് ഏഴുപേരേയും സമാജ്വാദി പാര്‍ട്ടിക്ക് മൂന്നുപേരേയും വിജയിപ്പിക്കാന്‍ സാധിക്കും. എട്ടാം സ്ഥാനാര്‍ഥിയായി സഞ്ജയ് സേഥിനെ ഇറക്കിയതോടെയാണ് യു.പിയില്‍ വോട്ടെടുപ്പ് വേണ്ടി വന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ട്രഷറര്‍ അജയ് മാക്കനടക്കം മൂന്നുപേരും ബി.ജെ.പിയുടെയും ജെ.ഡി.എസിന്റേയും ഓരോ സ്ഥാനാര്‍ഥികളുമാണ് മത്സരത്തിലുള്ളത്. നാല് ഒഴിവുള്ള സംസ്ഥാനത്ത് അഞ്ചാമതായി ജെ.ഡി.എസ്. സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഹിമാചല്‍ പ്രദേശില്‍ 68 അംഗ നിയമസഭയില്‍ 40 എം.എല്‍.എമാരാണ് കോണ്‍ഗ്രസിനുള്ളത്. അഭിഷേക് മനു സിങ്വിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഹര്‍ഷ് മഹാജനെ ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയതോടെയാണ് ഇവിടെ മത്സരമുണ്ടായത്.

 

Back to top button
error: