KeralaNEWS

”രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരറുക്കുന്ന വിധി; ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സുപ്രീം കോടതിയെ സമീപിക്കും”

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റക്കാരെന്നു കണ്ടെത്തിയ ഒന്‍പതു പ്രതികള്‍ക്ക് ശിക്ഷാ ഇളവില്ലാതെ ജീവപര്യന്തം തടവു ശിക്ഷവിധിച്ച ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി കെകെ രമ. പ്രതികള്‍ക്ക് പരമാധി ശിക്ഷ നേടിക്കൊടുക്കുന്നതിനൊപ്പം കൊലയ്ക്ക് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരികയാണ് ലക്ഷ്യമെന്നും മേല്‍കോടതിയെ സമീപിക്കുമെന്നും കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു.

മുഴുവന്‍ പ്രതികളും നിയമത്തിന്റെ മുന്നില്‍ വരാത്ത സാഹചര്യത്തില്‍ മേല്‍കോടതിയെ സമീപിക്കും. നിയമപോരാട്ടം തുടരുമെന്നും വിധി പകര്‍പ്പ് കിട്ടിയ ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാമെന്നു കെകെ രമ പറഞ്ഞു. കേസിന്റെ ഭാഗമായി തങ്ങളുടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും രമ കൂട്ടിച്ചേര്‍ത്തു.

Signature-ad

രാഷ്ട്രീയ കൊലപാതകങ്ങളുടെ അടിവേരറുക്കന്നവിധിയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു. വിധിയെ സ്വാഗതം ചെയ്യുന്നു. കേസില്‍ അപ്പീല്‍ പോകും. ഇരട്ടജീവപര്യന്തമാണ് പ്രതികള്‍ക്ക് കൊടുത്തിരിക്കുന്നത്. പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടി സിപിഎമ്മിന്റെ ഉന്നത നേതൃത്വം വളരെ സജീവമായിരുന്നു വിചാരണക്കോടതി മുതല്‍ ഹൈക്കോടതി വരെയും. ഈ കേസുമായി ബന്ധപ്പെട്ട് കര്‍ട്ടന് പിന്നില്‍ പ്രവര്‍ത്തിച്ചവരുണ്ട്. അവര്‍ പുറത്തുവരേണ്ടതുണ്ട്.അതിനാവശ്യമായ നിയമപോരാട്ടം തുടരും. ഈ വിധിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ശിക്ഷയുള്‍പ്പെടയുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ പോരാട്ടം തുടരും വേണു പറഞ്ഞു.

കീഴ്കോടതി ശിക്ഷയെക്കാള്‍ വലിയ ശിക്ഷയാണ് ഹൈക്കോടതി നല്‍കിയതെന്ന് പ്രോസിക്യൂട്ടര്‍ കുമാരന്‍ കുട്ടി പറഞ്ഞു. ഏഴ് പ്രതികള്‍ക്കുള്ള ജീവപര്യന്തം ഇരട്ടജീവപര്യന്തമാക്കി. സാധാരണ ജീവപര്യന്തമെന്നത് 14 വര്‍ഷം കൊണ്ട് അവസാനിക്കുന്നതാണ്. എന്നാല്‍ 20 വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് ശിക്ഷയിളവ് പാടില്ലെന്നാണ് വിധിയില്‍ പറയുന്നതെന്നും കുമാരന്‍ കുട്ടി പറഞ്ഞു.

Back to top button
error: