KeralaNEWS

തിരുവനന്തപുരത്ത് സിനിമാതാരങ്ങളെയും പരിഗണിച്ച് ബി.ജെ.പി; അനിലും അബ്ദുള്ളക്കുട്ടിയും സ്ഥാനാര്‍ത്ഥികളാകും

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ ബിജെപിയിലും ചര്‍ച്ചകള്‍ സജീവമായി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി, പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടി എന്നിവര്‍ സ്ഥാനാര്‍ത്ഥികളാകുന്നതില്‍ തീരുമാനമായതായാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെതിരെ സിനിമാ താരങ്ങളും കേന്ദ്രമന്ത്രിമാരും അടക്കം പരിഗണനയിലുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണിയെ എറണാകുളം, കോട്ടയം മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്. അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറിയാണ്. ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ മലബാര്‍ മേഖലയിലാണ് പരിഗണിക്കുന്നത്. കണ്ണൂരില്‍ മത്സരിക്കാനാണ് സാധ്യത.

Signature-ad

തിരുവനന്തപുരം മണ്ഡലത്തിലേക്ക് സിനിമാ താരങ്ങളും കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടെ വമ്പന്‍ പട്ടികയാണ് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തിന് കൈമാറിയിട്ടുള്ളത്. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, രാജീവ് ചന്ദ്രശേഖര്‍, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍, സിനിമാ താരങ്ങളായ ശോഭന, കൃഷ്ണകുമാര്‍, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷ് എന്നിവരുടെ പട്ടികയാണ് സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചിട്ടുള്ളത്.

എന്നാല്‍, മത്സരത്തിന് താല്‍പ്പര്യമില്ലെന്ന് ശോഭന ബിജെപി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. ആറ്റിങ്ങലില്‍ വി മുരളീധരനും തൃശൂരില്‍ സുരേഷ് ഗോപിയും സ്ഥാനാര്‍ത്ഥികളാകാന്‍ സാധ്യതയേറെയാണ്. കുമ്മനം രാജശേഖരനെ കൊല്ലത്തേക്കും പത്തനംതിട്ടയിലേക്കും പരിഗണിക്കുന്നുണ്ട്. പത്തനംതിട്ടയില്‍ പി.സി ജോര്‍ജിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. ക്രിസ്ത്യന്‍ സ്ഥാനാര്‍ത്ഥി മതിയെന്ന് തീരുമാനിച്ചാല്‍ പിസി ജോര്‍ജ്, അല്ലെങ്കില്‍ മകന്‍ ഷോണ്‍ ജോര്‍ജ് സ്ഥാനാര്‍ത്ഥിയായേക്കും.

പി സി ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ ബിഡിജെഎസ് അതൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി എ കാറ്റഗറി മണ്ഡലമായി പരിഗണിക്കുന്ന കാസര്‍കോട് മുതിര്‍ന്ന നേതാവ് പി.കെ കൃഷ്ണദാസിന്റെ പേരാണ് പരിഗണനയിലുള്ളത്. പാലക്കാട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ പേരിനാണ് മുന്‍തൂക്കം. മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രനും പരിഗണനയിലുണ്ട്. ഫെബ്രുവരി 29 ന് ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കും. അതില്‍ കേരളത്തിലെ ഏതാനും മണ്ഡലങ്ങളെങ്കിലും ഇടംപിടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്.

Back to top button
error: