തിരുവനന്തപുരം: തിരുവല്ലത്ത് യുവതി മരിച്ചത് ഭര്‍തൃവീട്ടില്‍ നിന്നേറ്റ ക്രൂരമായ മാനസിക- ശാരീരിക പീഡനം മൂലമാണെന്ന് മാതാവ്.രണ്ടുവര്‍ഷം മുമ്പ് കൊറോണക്കാലത്താണ് നൗഫലും ഷഹാനയും തമ്മില്‍ വിവാഹം നടന്നത്. സ്ത്രീധനമായൊന്നും വേണ്ടെന്ന് പറഞ്ഞാണ് അവര്‍ പറഞ്ഞിരുന്നു. എന്നാല്‍, കല്യാണം കഴിഞ്ഞ് ആറുമാസം പിന്നിട്ടപ്പോള്‍ തന്നെ ഷഹാനയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായ മാനസികമായും ശാരീരികമായും പീഡിപ്പിക്കാന്‍ തുടങ്ങിയതായി മാതാവ്.
പ്രശ്‌നങള്‍ ഉണ്ടാകുമ്പോള്‍ മകള്‍ വീട്ടിലേക്ക് വരും പിന്നീട് ചര്‍ച്ചകളിലൂടെ അവ പരിഹരിച്ച ശേഷമാണ് ഭര്‍തൃവീട്ടിലേക്ക് മടങ്ങിപോകുന്നത്. പ്രശ്‌നം പരിഹരിച്ചാലും മകള്‍ക്ക് ക്രൂരമായ പീഡനങ്ങളാണ് പിന്നീടും ഭര്‍തൃവീട്ടില്‍ അനുഭവിക്കേണ്ടി വന്നത്. രണ്ടു വീട്ടുകാരും തമ്മിലുള്ള സാമ്പത്തിക അന്തരം ചൂണ്ടിക്കാട്ടി ഭര്‍തൃമാതാവ് പരിഹസിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
നിസാര പ്രശ്‌നങ്ങള്‍ക്കുപോലും ‘അവളെയങ്ങ് കൊണ്ടാക്ക്, അല്ലെങ്കില്‍ ഡൈവോഴ്‌സ് ചെയ്യ്’ എന്ന് പറഞ്ഞു ഭര്‍തൃമാതാവ് മാനസികമായി പീഡിപ്പിക്കും. ഇതിന് പൂര്‍ണമായും ഭര്‍തൃപിതാവ് ഒത്താശചെയ്ത് നല്‍കിയതായി ഷഹാനയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ഈ അടുത്തും മകള്‍ക്ക് ക്രൂരമായ ശാരീരിക പീഡനമാണ് ഭര്‍തൃവീട്ടില്‍ നിന്നേല്‍ക്കേണ്ടി വന്നത്. തലയില്‍ അടിക്കുകയും മുടിയില്‍ പിടിച്ചു വലിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. പീഡനം സഹിക്കാനാകാതെ മകള്‍ തന്നെ വിഡിയോകാള്‍ വിളിച്ചപ്പോള്‍ ഭര്‍തൃമാതാവ് ഫോണ്‍ തട്ടിപ്പറിച്ച ശേഷം മോളോട് അവളെ കൊല്ലുമെന്ന് ആക്രോശിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞ് നൗഫല്‍ ഞങ്ങളെ വിളിച്ചു ഉടന്‍ ആശുപത്രിയിലെത്തണമന്ന് പറഞ്ഞു.
ആശുപത്രിയിലെത്തിയപ്പോള്‍ ക്രൂരമായ പീഡനത്തിനിരയായത് പോലെയായിരുന്നു മകളുടെ അവസ്ഥ. മുഖത്തും ചുണ്ടിലും വലിയ മുറിവുകളുണ്ടായിരുന്നു. കൈയും തുടയും കടിച്ചു മുറിച്ച നിലയിലായിരുന്നു വിതുമ്പികൊണ്ട് ഷഹാനയുടെ ഉമ്മ പറയുന്നു. പരാതി കൊടുക്കാന്‍ തീരുമാനിച്ചപ്പോള്‍ പുറം ലോകം അറിഞ്ഞാല്‍ താന്‍ എന്തെങ്കിലും ചെയ്തു കളയുമെന്ന് ഷഹാനയുടെ ഭര്‍ത്താവ് നൗഫല്‍ പറഞ്ഞതായി മാതാവ് വ്യക്തമാക്കുന്നു. ഇതിനെ തുടര്‍ന്നാണ് പരാതി നല്‍കാതിരുന്നത്.
കഴിഞ്ഞ രണ്ടുമാസമായി ഷഹാന സ്വന്തം വീട്ടിലായിരുന്നു താമസം. കഴിഞ്ഞ ദിവസം ഷഹാനയെ കാണാന്‍ വീട്ടിലെത്തിയ നൗഫല്‍ ഒന്നര വയസുകാരനായ കുട്ടിയെയും എടുത്തുകൊണ്ടു പോയതാണ് മരണത്തിനുള്ള പെട്ടെന്നുള്ള പ്രേരണയായത് എന്ന് ബന്ധുക്കള്‍ പറയുന്നു. മര്‍ദ്ദനമേറ്റതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം കുഞ്ഞിനെ കൊണ്ടുപോയ മനോവിഷമം മൂലമാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍ റിപ്പോര്‍ട്ട് പറയുന്നത്. മരണത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങിയിരിക്കുകയാണ് പൊലീസ്.