കോഴിക്കോട്: മലബാറിലെ മുസ്ലിം സമുദായത്തിനിടയില്‍ കഴിഞ്ഞ കുറേക്കാലമായി കീറാമുട്ടിയായ പ്രശ്‌നമായിരുന്നു സുന്നികള്‍ക്കിടയിലെ എ പി- ഇ കെ പ്രശ്‌നം. ഇതിന്റെ പേരില്‍ സംഘര്‍ഷങ്ങളും, പൊലീസ് കേസും, പള്ളിപിടിച്ചെടുക്കലും, എന്തിന് കൊലപാതകംപോലും ഉണ്ടായിട്ടുണ്ട്. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കുന്ന വിഭാഗവും, പരേതനായ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ നേതൃത്വ നല്‍കുന്ന ഔദ്യോഗിക വിഭാഗവും തമ്മിലുള്ള തര്‍ക്കത്തിന് ഇപ്പോള്‍ മഞ്ഞുരുകുന്നുവെന്നാണ് ലഭ്യമായ സൂചനകള്‍. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, ഇ കെ അബൂബക്കര്‍ മുസ്ലിയാറുടെ കോഴിക്കോട് വരക്കലിലെ, മഖ്ബറയില്‍ എത്തിയത് ഇതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.
കാന്തപുരത്തിന്റെ ഈ അപ്രതീക്ഷിത നീക്കം ഇ കെ വിഭാഗം നേതാക്കളില്‍ അമ്പരപ്പുണ്ടാക്കി. സുന്നി ഐക്യത്തിന്റെ തുടക്കമായിട്ടാണ് കാണുന്നത്. ഇതിന് പ്രതികരണമായി അപ്രതീക്ഷിതമായി പലതും സംഭവിക്കുമെന്ന്, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളും പറഞ്ഞു.
ഷാബാനു കേസിലെ സുപ്രിംകോടതിക്ക് വിധിക്ക് പിന്നാലെയുണ്ടായ രാഷ്ട്രീയ-സാമൂഹിക സാഹചര്യത്തില്‍ മറ്റു മുസ്ലിം വിഭാഗങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള സമസ്തയുടെ തീരുമാനമാണ് സംഘടനയിലെ പിളര്‍പ്പിന് കാരണം. മുസ്ലിംലീഗ് ഉള്‍പ്പെടടെയുള്ള സംഘനകളോടുള്ള നിലപാടിനെ ചൊല്ലിയാണ് . 1989-ല്‍ സമസ്തയില്‍ പിളര്‍പ്പുണ്ടായത്. സമസ്തയില്‍ ശംസുല്‍ ഉലമ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്ന ഇ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ജനറല്‍ സെക്രട്ടറി ആയിരിക്കെയാണ് കാന്തപുരം എപി വിഭാഗം സമസ്തയ്ക്ക് രൂപം നല്‍കിയത്. 1989ല്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ രൂപീകൃതമായി. സമസ്ത എപി വിഭാഗം എന്ന പേരിലാണ് ഇതറിയപ്പെട്ടത്. ഇരു സുന്നിവിഭാഗങ്ങള്‍ക്കുമടയില്‍ പതിറ്റാണ്ടുകളായി ഐക്യശ്രമങ്ങള്‍ സജീവമാണ് എങ്കിലും അതൊന്നും ലക്ഷ്യം കണ്ടിട്ടില്ല.
പിന്നീട് പരസ്പരം കടിച്ചുകീറുന്ന നിലപാടാണ് ഇരുസംഘടനകളും നടത്തിയത്. അതിനിടെ പലതവണ കാന്തപുരം ഐക്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അപ്പോഴോന്നും എ പി വിഭാഗം അടുത്തിരുന്നില്ല. ഇപ്പോള്‍ അവരിലും മാറ്റം കാണുന്നുണ്ട്. കാന്തപുരത്തിന്‍ െസന്ദര്‍ശനത്തിനുശേഷമുള്ള പ്രതികരണമായി, അപ്രതീക്ഷിതമായി പലതും സംഭവിക്കുമെന്ന്, സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞത് ഇതിന്റെ ഭാഗമാണ്. സന്ദര്‍ശനത്തെ അഭിനന്ദിച്ച് സമസ്ത യുവ നേതാവ് സത്താര്‍ പന്തല്ലൂര്‍ രംഗത്തെത്തി. ‘അതെ, ശംസുല്‍ ഉലമയായിരുന്നു ശരി. സന്തോഷം, അഭിനന്ദനങ്ങള്‍.’ – എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. കാന്തപുരത്തിന്റെ മഖ്ബറ സന്ദര്‍ശനത്തില്‍ മറ്റു പ്രധാന നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.
സമസ്ത നൂറു വര്‍ഷം പിന്നിടുള്ള വേളയില്‍ ഇരുവിഭാഗവും ആഘോഷ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. നൂറാം വാര്‍ഷികം സ്വന്തമായി നടത്തുന്നത് ഐക്യശ്രമങ്ങള്‍ക്ക് തടസ്സമാകില്ലെന്ന് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കാന്തപുരം നേരത്തെ പറഞ്ഞിരുന്നു.